
‘ലോക’ സിനിമയെ രൂക്ഷ ഭാഷയിൽ വിമർശിച്ച ഡോ. ബി. ഇക്ബാലിനു മറുപടി നൽകി ആക്‌ഷൻ കൊറിയോഗ്രാഫർ അഷ്റഫ് ഗുരുക്കൾ.
‘സിനിമയ്ക്കു വേണ്ടി കല്യാണി പ്രിയദർശൻ എടുത്ത പരിശ്രമം താൻ നേരിട്ട് കണ്ടതാണെന്നും, അതിന്റെ അംഗീകാരമാണ് ‘ലോക’യുടെ വിജയമെന്നും അഷ്റഫ് പറഞ്ഞു. കൂടാതെ ‘സിനിമയ്ക്ക് കണ്ണേർ തട്ടാതിരിക്കാൻ ആണെങ്കിൽപോലും ഇത്തരം അരോചക പോസ്‌റ്ററുകൾ ഇനി വരാതിരിക്കട്ടെ’യെന്നും അഷ്റഫ് കൂട്ടിച്ചേർത്തു. തന്റെ സമൂഹ മാധ്യമ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അഷ്റഫ് ഗുരുക്കളുടെ പ്രതികരണം.
“ബി. ഇക്ബാൽ സാറിൻ്റെ ‘ലോക അരോചകം’ എന്ന കുറിപ്പിനൊരു മറുപടിയാണ്. ഒരു നിർമാതാവ് പണം ഇറക്കുന്നത് അദേഹത്തിന്റെ വീട്ടുകാരോടുള്ള വെല്ലു വിളിയല്ല. മറിച്ച് പ്രേക്ഷകർക്കു രണ്ടു മണിക്കൂറുകളോളം ആസ്വദിക്കാൻ ആണ്. ആ തീരുമാനത്തിൽ നൂറു ശതമാനം വിജയമാണ് ‘ലോക’ എന്ന ചിത്രം. അന്യ ഭാഷക്കാർ വരെ ഈ സിനിമയെ കുറിച്ച് അങ്ങനെയാണ് പറഞ്ഞതും എഴുതിയതും. ഒരു സംവിധായകന്റെ സ്വപ്നമാണ് ഒരു സിനിമ. ഒരുപാട് പേരുടെ ജീവിത മാർഗവും. അതിൽ ആദ്യമായി ദുൽഖർ കമ്പനിയോട് നന്ദി പറയുന്നു. അഷ്റഫ് ഗുരുക്കൾ പറഞ്ഞു.
“ഈ സിനിമയിൽ ആർട്ടിസ്‌റ്റികൾ കുറവാണ്. പക്ഷേ കല്യാണി എന്ന ആർട്ടിസ്‌റ്റ് ആക്‌ഷൻ രംഗങ്ങളിൽ എടുത്ത ഒരു എഫർട്ട് ഉണ്ട്. അതു ഞാൻ എടുത്തു പറയാൻ കാരണം ‘ലോക’യിലെ ഏറ്റവും ചെറിയൊരു ഫൈറ്റ് കൊറിയോഗ്രഫി ചെയ്‌ത ആൾ എന്ന നിലയിൽ ആ കുട്ടി അന്ന് കഷ്‌ടപ്പെടുന്നത് കൂടി കണ്ടവനാണ് ഞാൻ. ശേഷം എത്രയോ ടാസ്ക്ക് എടുത്ത് ചെയ്‌ത ഫൈറ്റുകൾ ഉണ്ട്. അതിന്റെയൊക്കെ അംഗീകാരം ആണ് ആ സിനിമ ഇന്നും തിയറ്ററിൽ ഓടുന്നതും നിർമാതാവ് ലാഭം എടുക്കുന്നതും. കുറ്റം പറയാൻ എളുപ്പം ആണ്, വിജയിപ്പിച്ചെടുക്കുക അസാധ്യവും. സിനിമയ്ക്ക് കണ്ണേർ തട്ടാതിരിക്കാൻ ആണെങ്കിൽപോലും ഇത്തരം അരോചക പോസ്‌റ്ററുകൾ വരാതിരിക്കട്ടെ.”-അഷ്റഫ് ഗുരുക്കളിൻ്റെ വാക്കുകൾ”. അഷ്റഫ് ഗുരുക്കൾ കൂട്ടിച്ചേർത്തു.