
ചിത്രീകരണത്തിനിടെ നടൻ രാഹുൽ അരുണോദയ് ബാനർജി കടലിൽ മുങ്ങിമരിച്ച സംഭവത്തെത്തുടർന്ന് ബംഗാളി സിനിമാ- ടെലിവിഷൻ മേഖലയിൽ അനിശ്ചിതകാല സമരം. അഭിനേതാക്കളുടേയും സാങ്കേതികപ്രവർത്തകരുടേയും സുരക്ഷ ഉറപ്പുവരുത്തിയാൽ മാത്രമേ ഷൂട്ടിങ് പുനരാരംഭിക്കുകയുള്ളൂവെന്നും സമരക്കാർ അറിയിച്ചു. ബംഗാളി സിനിമാ മേഖലയിലെ മുതിർന്ന അംഗങ്ങൾ ഉൾപ്പെടെ പങ്കെടുത്ത പശ്ചിമ ബംഗാൾ മോഷൻ പിക്‌ചർ ആർടിസ്റ്റ്സ് ഫോറത്തിന്റെ അടിയന്തരയോഗമാണ് പണിമുടക്കിന് ആഹ്വാനംചെയ്‌തത്.
രാഹുൽ ചാറ്റർജിയുടെ അകാലമരണത്തിന്റെ കാരണമെന്തെന്ന് ഇനിയും വ്യക്തമായിട്ടില്ലെന്ന് സംഘടനയുടെ വാർത്താക്കുറിപ്പിൽ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ആരംഭിക്കുന്ന അനിശ്ചിതകാലസമരം, സുരക്ഷ ഉറപ്പുനൽകിയാൽ മാത്രമേ അവസാനിപ്പിക്കുകയുള്ളൂവെന്നും സംഘടന വ്യക്തമാക്കി. പ്രസൻജിത്ത് ചാറ്റർജി, ഋതുപർണ സെൻഗുപ്‌ത, ശാന്തിലാൽ മുഖർജി, സ്വരൂപ് ബിശ്വാസ് ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു. ഒട്ടേറെ സംവിധായകരും നിർമാതാക്കളും ചാനലുകളുടെ പ്രതിനിധികളും യോഗത്തിലുണ്ടായിരുന്നു.
മാർച്ച് 29-ന് ഒഡീഷയിലെ തൽസാരി ബീച്ചിൽ ഒരു പരമ്പരയുടെ ചിത്രീകരണത്തിനിടെ അദ്ദേഹം മുങ്ങിമരിക്കുകയായിരുന്നു. ‘ഭോലേബാബ പാർ കരേഗ’ എന്ന ബംഗാളി പരമ്പരയുടെ ചിത്രീകരണത്തിനിടെയാണ് രാഹുൽ ബാനർജിക്ക് അപകടം സംഭവിച്ചത്.
ബംഗാളി വിനോദ വ്യവസായത്തിലെ ചിരപരിചിത മുഖമായിരുന്നു രാഹുൽ അരുണോദയ് ബാനർജി. 2008-ലെ സൂപ്പർഹിറ്റ് ചിത്രമായ ‘ചിരോദിനി തുമി ജെ അമർ’ എന്ന സിനിമയിലൂടെയാണ് അദ്ദേഹം വലിയ പ്രശസ്തി നേടിയത്. ‘ജാക്ക്പോട്ട്’, ‘ലവ് സർക്കസ്’, ‘ശോനോ മോൻ ബോലി തുമയ്’ തുടങ്ങിയ സിനിമകളിലും ‘ഗീത എൽഎൽബി’, ‘ദേശർ മാതി’ തുടങ്ങിയ നിരവധി ടെലിവിഷൻ ഷോകളിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.