നടന്‍ അഭിമന്യു രമാനന്ദന്‍ വാഹനാപകടത്തില്‍ മരിച്ചു. 31 വയസായിരുന്നു. കല്ലമ്പലം ദേശീയപാതയില്‍ തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകത്തിന് സമീപം അഭിമന്യൂ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ചാണ് അപകടം.ചലച്ചിത്രോത്സവം കഴിഞ്ഞ് ആറ്റിങ്ങലിലേയ്ക്ക് മടങ്ങവെ അഭിമന്യൂവിന്റെ ബൈക്കില്‍ അമിത വേഗതയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. സംഭവം അറിഞ്ഞ ഉടന്‍ എത്തിയ പോലീസ് അഭിമന്യൂവിനെ മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ഡാകിനി, ഒറ്റമുറി വെളിച്ചം എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അഭിമന്യൂ ‘മൗനം സൊല്ലും വാര്‍ത്തൈകള്‍’ എന്ന ഹിറ്റ് ആല്‍ബത്തിലൂടെയാണ് ശ്രദ്ധേയനായത്. സംവിധായകന്‍ രാഹുല്‍ റിജില്‍ നായരാണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്. ടെക്‌നോപാര്‍ക്കിലെ ജീവനക്കാരനായിരുന്നു. മേലാറ്റിങ്ങല്‍ രേവതിയില്‍ രമാനന്ദന്റെയും ഷൈലജയുടെ മകനാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: ആര്യ രാജ്. മക്കള്‍: ജാനകി, ജനനി. സഹോദരന്‍: അനൂപ് രാമാനന്ദന്‍.