
നടിയും ഭാര്യയുമായ ഐശ്വര്യാ റായിയോടൊപ്പം റെഡ് കാർപ്പറ്റിൽ നടക്കാൻ തനിക്ക് ഭയമാണെന്ന് വെളിപ്പെടുത്തി നടൻ അഭിഷേക് ബച്ചൻ. ഇത്തരം വമ്പൻ പരിപാടികളിൽ പങ്കെടുക്കുമ്പോൾ തനിക്ക് വലിയ രീതിയിൽ ചമ്മൽ അനുഭവപ്പെടാറുണ്ടെന്നും എന്നാൽ ഐശ്വര്യ ഇക്കാര്യത്തിൽ അതീവ പ്രൊഫഷണലാണെന്നും അഭിഷേക് പറഞ്ഞു. ഒരു അഭിമുഖത്തിനിടെയാണ് താരം തന്റെ മനസ്സ് തുറന്നത്.
“എന്റെ ഭാര്യയെ നിങ്ങൾ കണ്ടിട്ടുണ്ടോ? റെഡ് കാർപ്പറ്റിൽ അവൾ നിൽക്കുന്നത് കണ്ടിട്ടുണ്ടോ? അവിടെ നിൽക്കുക എന്നത് എനിക്ക് ഏറ്റവും ഭയമുള്ള കാര്യമാണ്. ഐശ്വര്യ കൂടെയുണ്ടെങ്കിൽ ആ പേടി വർധിക്കും. അവരെല്ലാം പ്രൊഫഷണലുകളാണ്, അക്കാര്യങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ അവർക്കറിയാം. എന്നാൽ ഞാൻ ഒരു മരക്കട്ട പോലെയാണ്. കൈകൾ പോക്കറ്റിൽ ഇടണോ വേണ്ടയോ എന്ന് പോലും അറിയാതെ ഞാൻ അസ്വസ്ഥനാവാറുണ്ട്,” അഭിഷേക് വ്യക്തമാക്കി.
തന്റെ ഈ അസ്വസ്ഥത കണ്ട് ഫോട്ടോഗ്രാഫർമാർ പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ഒരിക്കൽ താൻ ദേഷ്യത്തിലാണെന്ന് കരുതി ‘ഞങ്ങൾ എന്ത് തെറ്റാണ് ചെയ്തത്, എന്തിനാണ് ഇത്ര നീരസം’ എന്ന് ഫോട്ടോഗ്രാഫർമാർ ചോദിച്ചതായും, ഒടുവിൽ അവരോട് ക്ഷമ ചോദിച്ചാണ് താൻ അവിടെനിന്ന് മടങ്ങിയതെന്നും താരം ഓർത്തെടുത്തു. നന്നായി ചിരിക്കാൻ ഫോട്ടോഗ്രാഫർമാർ ആവശ്യപ്പെടുമ്പോഴുള്ള തന്റെ അവസ്ഥ ദയനീയമാണെന്നും അദ്ദേഹം പറഞ്ഞു.
കാൻ ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളിൽ ഐശ്വര്യ റായ് സ്ഥിരം സാന്നിധ്യമാണ്. മിക്കപ്പോഴും മകൾ ആരാധ്യയും ഐശ്വര്യയ്ക്കൊപ്പം ഇത്തരം ചടങ്ങുകളിൽ എത്താറുണ്ട്. 2007 ഏപ്രിലിലായിരുന്നു അഭിഷേകും ഐശ്വര്യയും വിവാഹിതരായത്. ധൂം 2, ഗുരു തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. 2011-ലാണ് ഇവർക്ക് മകൾ ആരാധ്യ ജനിച്ചത്.