
ലോകേഷ് കനകരാജ്- രജനികാന്ത് ചിത്രം ‘കൂലി’ ചെയ്തത് വലിയ തെറ്റായിപോയെന്നും, കുറ്റബോധമുണ്ടെന്നും നടൻ ആമിർ ഖാൻ പറഞ്ഞെന്ന വാർത്തകളിൽ വ്യക്തത വരുത്തി ‘ആമിർ ഖാന്റെ’ ടീം. കൂലി എന്ന സിനിമ ചെയ്തത് തെറ്റാണെന്ന തരത്തിൽ ആമിർ ഖാൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും ആ അഭിമുഖം ഫേക്ക് ആണെന്നും നടന്റെ ടീം അറിയിച്ചു.
“കൂലി എന്ന സിനിമ ചെയ്തത് തെറ്റാണെന്ന തരത്തിൽ ആമിർ ഖാൻ ഒരിടത്തും പറഞ്ഞിട്ടില്ല. രജനികാന്തിനോടും ലോകേഷ് കനകരാജിനോടും കൂലിയുടെ മുഴുവൻ ടീമിനോടും ആമിർ ഖാന് വലിയ ബഹുമാനമുണ്ട്. ചിത്രം ബോക്സ് ഓഫീസിൽ 500 കോടിയ്ക്കും മുകളിൽ കളക്ഷൻ നേടി. അതുതന്നെ എല്ലാത്തിനും മറുപടിയാണ്”. ‘ആമിർ ഖാന്റെ’ ടീം പറഞ്ഞു.
ബോളി ബസ് എന്ന മീഡിയയ്ക്ക് ആമിർഖാൻ നൽകിയ അഭിമുഖത്തിലെ ആർട്ടിക്കിൾ ആണ് സോഷ്യൽ മീഡിയയിൽ തെറ്റിദ്ധാരണ പടർത്തിയത്. ‘ഇത്രയും ട്രോള്‍ നേരിടേണ്ടി വരുമെന്ന് കരുതിയില്ല എന്നും, സീന്‍ വര്‍ക്കാവാത്ത കൊണ്ടായിരിക്കാം, അതൊരു വലിയ തെറ്റായിരുന്നു. ഭാവിയില്‍ കൂടുതല്‍ ശ്രദ്ധിക്കും’, എന്നായിരുന്നു ആമിറിന്റെ വാക്കുകൾ.