
ജന്മദിനാഘോഷത്തിനിടെ അമിതമായി മദ്യപിച്ചതിനാൽ അന്ന് നടന്ന കാര്യങ്ങൾ മറന്നു പോയെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് നടൻ ആമിർഖാൻ. താൻ സ്ഥിരമായി മദ്യപിക്കുന്ന ആളല്ലെന്നും ആമിർഖാൻ വ്യക്തമാക്കി. അന്നൊരു മറക്കാനാവാത്ത ദിവസമായിരുന്നെങ്കിലും താൻ ‘ക്ലീൻ ബ്ലാക്ക്ഔട്ട്’ ആയി പോയി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാഷബിൾ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്.
‘ഞാൻ സാധാരണ മദ്യം അങ്ങനെ കഴിക്കാറില്ല. എന്നാൽ, ആ ദിവസം സുഹൃത്തുക്കൾ നിർബന്ധിച്ചപ്പോൾ ഒരു ഷോട്ട് എടുത്തു. പക്ഷെ മദ്യപിക്കാന്‍ തുടങ്ങിയാല്‍ പിന്നെ എനിക്ക് ഒരു നിയന്ത്രണവുമുണ്ടാകില്ല. അതുകൊണ്ട് തന്നെ അന്ന് ഒരല്‍പം കൂടുതൽ മദ്യം കഴിച്ചു. ഞാന്‍ മദ്യപിച്ച് കുറെ നാളായിരുന്നതുകൊണ്ട് എനിക്ക് അതിവേഗം തന്നെ മത്ത് പിടിച്ചു. അടുത്ത ദിവസം രാവിലെ എഴുന്നേറ്റപ്പോൾ എനിക്ക് ഒന്നും ഓർമ്മയില്ല. ഏഴു മണിക്കായിരുന്നു പാര്‍ട്ടി തുടങ്ങിയത് ഒന്‍പത് മണി ആയപ്പോള്‍ തന്നെ ഞാന്‍ അബോധാവസ്ഥയില്‍ ആയിരുന്നു. അതുകൊണ്ട് ആ ദിവസം എന്താണ് സംഭവിച്ചതെന്ന് എനിക്ക് ഒരു ഓർമ്മയും ഇല്ല,’ ആമിർ ഖാൻ പറഞ്ഞു.
ഈ വർഷം മാർച്ച് 14 നാണ് ബോളിവുഡ് നടൻ ആമിർ ഖാൻ തന്റെ 60 ാം ജന്മദിനം ആഘോഷമാക്കിയത്. മകൾ ഇറ ഖാനും മുൻ ഭാര്യ റീന ദത്തയും തനിക്കായി ഒരു പാർട്ടി സംഘടിപ്പിച്ചതായും സുഹൃത്തുക്കളും ബന്ധുക്കളുമടക്കം തനിക്ക് പ്രിയപ്പെട്ടവരെല്ലാം ഈ പാർട്ടിയിൽ പങ്കെടുത്തിരുന്നതായും ആമിർ ഖാൻ പറഞ്ഞിരുന്നു.
അതേസമയം, ആമിർ ഖാൻ തന്റെ പുതിയ ചിത്രമായ ‘സിതാരേ സമീൻ പർ’ എന്ന സിനിമയുടെ പ്രൊമോഷനിലാണ്. പ്രസന്ന സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ 20ന് തീയറ്ററുകളില്‍ എത്തും. സ്പാനിഷ് ചിത്രമായ ചാമ്പ്യൻസിന്റെ പുനരാവിഷ്കരണമാണ് ഈ ചിത്രം. ചിത്രം നിർമിക്കുന്നത് ആമിർ ഖാനും അപർണ പുരോഹിതും ചേർന്നാണ്. ചിത്രത്തിൽ ജെനീലിയയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.