“ആട് -3 യുടെ രണ്ടാം ഭാഗത്തിൻ്റെ തിരക്കഥ പൂർത്തിയായിട്ടുണ്ട്, ഇഷ്ടപെട്ടന്നൊരു ഗ്രീൻ സിഗ്നൽ തന്നാൽ മതി രണ്ടാം ഭാഗം തുടങ്ങാം”; മിഥുൻ മാനുവൽ തോമസ്

','

' ); } ?>

‘ആട് 3’ ത്രീഡിയിൽ ചെയ്യാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ മിഥുൻ മാനുവൽ തോമസ്. ചിത്രം ത്രീഡിയിൽ ചെയ്യാമെന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് നടൻ സൈജു കുറുപ്പാണെന്നും, പിന്നെ സിനിമയുടെ സ്കെയിൽ വലുതായപ്പോൾ അത് വേണ്ടെന്നുവെയ്ക്കുകയായിരുന്നുവെന്നും മിഥുൻ മാനുവൽ തോമസ് പറഞ്ഞു. കൂടാതെ എപ്പിക് ഫാന്റസി എന്ന ജോണറിലാണ് ചിത്രം ഒരുങ്ങുന്നതെന്നും ആട് -3 യുടെ രണ്ടാം ഭാഗത്തിൻ്റെ തിരക്കഥ പൂർത്തിയായിട്ടുണ്ടെന്നും മിഥുൻ മാനുവൽ തോമസ് കൂട്ടിച്ചേർത്തു. ഈദ് റിലീസായെത്തുന്ന സിനിമയുടെ പ്രചാരണത്തിൻ്റെ ഭാഗമായി കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ആട് 3 ത്രീഡിയിൽ ചെയ്യാമെന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് നടൻ സൈജു കുറുപ്പാണ്. ചർച്ചകൾ നടക്കുന്ന ആദ്യഘട്ടത്തിൽ സിനിമ ഇത്രയും വലുതല്ലായിരുന്നു. ചിത്രീകരണവും കാര്യങ്ങളും നീണ്ടുപോയപ്പോൾ ത്രീഡി എന്ന പ്ലാൻ നടക്കാതെവരികയായിരുന്നു. ആട് ഫ്രാഞ്ചൈസ് രണ്ട് ഭാഗങ്ങളായി അവസാനിപ്പിച്ച് ഈ ചിത്രങ്ങളുടെ ആദ്യഭാഗം എന്ന രീതിയിൽ ഒരു ചിത്രം ചെയ്യാമെന്ന് കരുതിയാണ് ഇറങ്ങിത്തിരിച്ചത്. അടുത്ത ഭാഗത്തിലേക്ക് വഴിയൊരുക്കുന്ന ചെറിയൊരു ആമുഖം മാത്രമാണിപ്പോൾ ഷൂട്ട് ചെയ്തത്. ആട് -3 യുടെ രണ്ടാം ഭാഗത്തിൻ്റെ തിരക്കഥ പൂർത്തിയായിട്ടുണ്ട്. ആദ്യഭാഗം ഇഷ്ടപ്പെട്ടു എന്നൊരു ഗ്രീൻ സിഗ്നൽ പ്രേക്ഷകർ തന്നാൽ രണ്ടാം ഭാഗം തുടങ്ങുന്നതായിരിക്കും.” മിഥുൻ മാനുവൽ തോമസ് പറഞ്ഞു.

ജയസൂര്യ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണ‌ൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജുകുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ്, വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് ജയസൂര്യ നായകനായ വമ്പൻ കോമഡി ഫാൻ്റസി ചിത്രം നിർമിക്കുന്നത്. മാർച്ച് 19-ന് ഈദ് റിലീസായാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക.