“എക്കാലത്തേക്കും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ അത്രയും ഉള്ളില്‍ തട്ടിയ ഒരു നിമിഷം”; ജഗതി ശ്രീകുമാറിനെ കണ്ട അനുഭവം പങ്ക് വെച്ച് കുഞ്ചോക ബോബൻ

','

' ); } ?>

ഏറെ കാലത്തിന് ശേഷം ജ​ഗതി ശ്രീകുമാറിനെ കണ്ട അനുഭവം പങ്കുവെച്ച് നടൻ കുഞ്ചാക്കോ ബോബൻ. ജ​ഗതിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ കുഞ്ചാക്കോ ബോബന്‍റെ കുറിപ്പ്.

“ഒരുപാട് നാളിന് ശേഷമാണ് അദ്ദേഹത്തെ കാണുന്നത്. എന്നെ കണ്ട മാത്രയില്‍ അദ്ദേഹത്തിന്‍റെ കണ്ണില്‍ ഒരു തിളക്കം ഞാന്‍ കണ്ടു. എന്‍റെ കൈ പിടിച്ചു, മുഖത്ത് തലോടി. എക്കാലത്തേക്കും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ അത്രയും ഉള്ളില്‍ തട്ടിയ ഒരു നിമിഷം”, ചിത്രത്തിനൊപ്പം കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

2012 ല്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റതിന് പിന്നാലെ സിനിമ രംഗത്ത് നിന്നും പൂര്‍ണ്ണമായി വിട്ടുനില്‍ക്കുകയായിരുന്നു ജഗതി ശ്രീകുമാര്‍. പിന്നീട് സിബിഐ 5 എന്ന ചിത്രത്തിലൂടെ അദ്ദേഹം ക്യാമറക്ക് മുന്നിലേക്ക് വീണ്ടും എത്തി. വരാനിരിക്കുന്ന വല എന്നീ ചിത്രത്തില്‍ ഒരു ശ്രദ്ധേയ വേഷത്തില്‍ എത്തുന്നുണ്ട്.

താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം കഴിഞ്ഞ ഞായറാഴ്ചയാണ് കൊച്ചിയില്‍ നടന്നത്. മമ്മൂട്ടി ഒഴികെയുള്ള ഒട്ടുമിക്ക താരങ്ങളും യോ​ഗത്തില്‍ പങ്കെടുത്തിരുന്നു. യോഗത്തിൽ ഏറ്റവും ശ്രദ്ധ നേടിയത് ജ​ഗതി ശ്രീകുമാറിന്റെ സാന്നിധ്യമായിരുന്നു. അപകടത്തിന് ശേഷം അദ്ദേഹം ആദ്യമായിട്ട് പങ്കെടുക്കുന്ന അമ്മയുടെ യോഗം കൂടിയായിരുന്നു അത്. ചിരിച്ച മുഖത്തോടെ എല്ലാവരെയും നോക്കുന്ന ജ​ഗതിയെയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. യോഗത്തില്‍ ജഗതി ശ്രീകുമാറിനെ ആദരിക്കുകയും ചെയ്തു.

താരസംഘടനയിൽ വരുന്ന 3 മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്താൻ ധാരണയായാണ് ജനറൽ ബോഡി യോഗം അവസാനിച്ചത്. മോഹൻലാലാണ് തെരഞ്ഞെടുപ്പ് നടത്തണം എന്ന നിർദേശം മുന്നോട്ട് വച്ചത്. ജനറൽ ബോഡിയിലെ ഭൂരിപക്ഷം അംഗങ്ങളും നിലവിലെ ഭരണസമിതി തുടരണമെന്ന് അഭിപ്രായപ്പെട്ടുവെങ്കിലും എല്ലാവരുടേയും പിന്തുണ ഉറപ്പാക്കിയതിന് ശേഷം മാത്രമേ മുന്നോട്ട് പോകാൻ സാധിക്കുകയുള്ളു എന്ന മോഹന്‍ലാലിന്‍റെ നിലപാടാണ് തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ മാറ്റിയത്. മോഹൻലാൽ തന്നെയാണ് 3 മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് നിർദേശിച്ചത്. ലാലിന്‍റെ നിർദേശം ജനറൽ ബോഡി അംഗീകരിച്ചു. 3 മാസത്തിനകം നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കി താരസംഘടനയിൽ തെരഞ്ഞെടുപ്പ് നടക്കും.