
പ്രീ ബിസിനസിൽ വമ്പൻ നേട്ടം സ്വന്തമാക്കി നാനിയുടെ ദി പാരഡൈസ്. ചിത്രീകരണം തുടങ്ങും മുൻപ് ചിത്രം 80 കോടിയുടെ ഡീലാണ് നേടിയതെന്നാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 65 കോടിക്കാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് ഒരു പ്ലാറ്റ്‌ഫോം സ്വന്തമാക്കിയിരിക്കുന്നത്. ഒപ്പം ചിത്രത്തിന്റെ എല്ലാ ഭാഷയിലെയും ഓഡിയോ അവകാശം സരേഗമ സ്വന്തമാക്കി. 18 കോടിക്കാണ് സിനിമയുടെ ഓഡിയോ റൈറ്റ്സ് വിറ്റതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നാനിയുടെ കരിയറിലെ ഏറ്റവും ഉയർന്ന തുകയാണിത്. സിക്സ് പാക്ക് ഗെറ്റപ്പിൽ പുത്തൻ മേക്കോവറിലാണ് നടൻ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്.
‘ദസറ’യ്ക്കു ശേഷം തെലുങ്ക് സംവിധായകൻ ശ്രീകാന്ത് ഒഡേലയും നാനിയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ദി പാരഡൈസ്. ഒരു റോ ആക്ഷൻ ചിത്രമാണ് ഇതെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്സ് നേരത്തെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ഗ്ലിംപ്സിന് ലഭിച്ചത്.
അനിരുദ്ധ് രവിചന്ദറാണ് സിനിമയുടെ സംഗീതം നിർവഹിക്കുന്നത്. ജെഴ്സി, ഗ്യാങ്‌ലീഡർ എന്നീ സിനിമകൾക്കു ശേഷം നാനിയും അനിരുദ്ധും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ശ്രീ ലക്ഷ്‍മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നസുധാകർ ചെറുകുരിയാണ് നിർമാണം. നാനിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായാണ് ‘ദി പാരഡൈസ്’ ഒരുങ്ങുന്നത്. ജി.കെ. വിഷ്ണുവാണ് ഛായാഗ്രഹണം. എഡിറ്റിങ് നവീൻ നൂലി.
ഹിറ്റ് 3 ആണ് അവസാനമായി തിയേറ്ററിലെത്തിയ നാനി സിനിമ. മെയ് ഒന്നിന് ആഗോള റിലീസായി എത്തിയ ചിത്രം പുറത്തിറങ്ങി നാല് ദിവസം കൊണ്ടാണ് ആഗോള ഗ്രോസ് കളക്ഷനിൽ 101 കോടി പിന്നിട്ടത്. ദസറ, സരിപോദാ ശനിവാരം എന്നീ സിനിമകൾക്ക് ശേഷം 100 കോടി ക്ലബിലെത്തുന്ന നാനി ചിത്രമാണ് ഹിറ്റ് 3. ശൈലേഷ് കോലാനു സംവിധാനം ചെയ്‌ത ഈ ചിത്രം നിർമ്മിച്ചത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്.