സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ഇത്തവണ മത്സരിക്കുന്നത് 105 ചിത്രങ്ങള്‍. ചെറിയ ചിത്രങ്ങള്‍ മുതല്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ വരെ മത്സര രംഗത്തുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത്തവണ അഞ്ച് സിനിമകള്‍ കുറവാണ്.
ഷാജി എന്‍ കരുണിന്റെ ഓള്, ജയരാജിന്റെ രൗദ്രം, മധുപാലിന്റെ ഒരു കുപ്രസിദ്ധ പയ്യന് തുടങ്ങി ബിഗ് ബജറ്റ് ചിത്രങ്ങളായ കായംകുളം കൊച്ചുണ്ണി, ഒടിയന് എന്നിവ വരെ മത്സരത്തിലുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് മുന്‍പായി അവാര്‍ഡ് പ്രഖ്യാപിക്കാനാണ് ചലച്ചിത്ര അക്കാദമിയുടെ തീരുമാനം. കമ്മിറ്റി രൂപീകരണവും സ്ക്രീനിങ് തീയതിയും അടുത്ത ആഴ്ച തീരുമാനിക്കും. മാര്‍ച്ച് ആദ്യം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെരുമാറ്റച്ചട്ടം വന്നാല്‍ അവാര്‍ഡ് പ്രഖ്യാപിക്കാനാവില്ല.
ജൂറി അധ്യക്ഷനാകാന്‍ ആളെ കിട്ടാത്തതാണ് ചലച്ചിത്ര അക്കാദമിക്ക് വെല്ലുവിളിയാകുന്നത്. സംസ്ഥാന, ദേശിയ പുരസ്കാരം നേടിയ ഏതെങ്കിലും പ്രമുഖനെയാണ് തല്‍സ്ഥാനത്തേക്ക് വേണ്ടത്. പലരേയും അധികൃതര്‍ ബന്ധപ്പെട്ടെങ്കിലും അവാര്‍ഡ് നിര്‍ണയത്തിന് 15 ദിവസം നീക്കി വെക്കാന്‍ അവര്‍ തയാറല്ല. അവാര്‍ഡ് പ്രഖ്യാപിച്ചതിന് ശേഷമുണ്ടാകുന്ന വിവാദങ്ങളെയും ചിലര്‍ ഭയപ്പെടുന്നുണ്ട്. 10 അംഗ അവാര്‍ഡ് സമിതി രണ്ടോ മൂന്നോ ഗ്രൂപ്പുകളായി തിരിഞ്ഞാകും സിനിമകള്‍ കാണുക.