ഇരുപത്തിയൊന്നാം നൂറ്റാണ്ട്….നോട്ട് എ ഡോണ്‍ സ്‌റ്റോറി..”അപ്പന്റെ ചരിത്രം അപ്പന്”

','

' ); } ?>

അരുണ്‍ ഗോപി രാമലീലയ്ക്ക് ശേഷം തിരക്കഥയൊരുക്കി പ്രണവ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വിശേഷങ്ങളാണ് ഇന്നത്തെ സെല്ലുലോയ്ഡ് മൂവി റിവ്യൂവില്‍. പ്രണയ വിവാഹത്തിന് ശേഷം ഗോവയില്‍ ഹോം സ്‌റ്റേ നടത്തുന്ന മലയാളി കുടുംബത്തില്‍ നിന്നാണ് കഥ തുടങ്ങുന്നത്. അധോലോക കഥയുടെ പശ്ചാത്തലമാണെന്ന് തോന്നലുണ്ടാക്കാനുള്ള ഗിമ്മിക്കുകളഴിച്ച് വെച്ച് റിയലിസ്റ്റിക്കായി ഗോവയിലേക്ക് ക്യാമറ തിരിക്കുകയാണ് സംവിധായകന്‍.

ചിത്രത്തില്‍ മനോജ് കെ.ജയനാണ് പ്രണവിന്റെ അച്ഛനായെത്തുന്നത്. ഗുണ്ടാപണിക്ക് ശേഷം സാമ്പത്തികമായും ആള്‍ ബലത്തിലും ക്ഷീണത്തിലാണ് കക്ഷി. വീട്ടിലെ കാര്യങ്ങള്‍ ടൂറിസ്റ്റുകളെ സന്തോഷപ്പെടുത്തി പ്രണവ് മുന്നോട്ട് കൊണ്ടു പോവുകയാണ്. സായ എന്ന പെണ്‍കുട്ടി ഗോവ കാണാനെത്തുമ്പോള്‍ അപ്പു എന്ന പ്രണവിന്റെ കഥാപാത്രം ഗോവയെ പരിചയപ്പെടുത്തുന്ന ആദ്യ പകുതിയിലെ വിരുന്ന് ഗോവയുടെ സൗന്ദര്യം തന്നെയാണ്. ആദിയിലെ പ്രണവിന്റെ പാര്‍ക്കര്‍ പ്രകടനങ്ങള്‍ക്ക് ശേഷം സര്‍ഫിംഗ്, വാട്ടര്‍ സ്‌കീയിംഗ് ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ മനോഹരമായിട്ടുണ്ട്. അഭിനന്ദന്‍ രാമാനുജന്റെ ഛായാഗ്രഹണം, ഗോപി സുന്ദറിന്റെ സംഗീതം, എന്നിവ ആദ്യ പകുതിയെ പിടിച്ചിരുത്താന്‍ സഹായിച്ചു.

അപ്പു എന്ന വിളി പേരില്‍ തന്നെ പ്രണവ് എത്തിയപ്പോള്‍ കഥാപാത്രത്തിലും ആ കുട്ടിത്തം നിഴലിക്കുന്നത് കാണാമായിരുന്നു. സംഭാഷണങ്ങളിലെ ഊര്‍ജ്ജമില്ലായ്മയും വ്യക്തത കുറവുമെല്ലാം പ്രണവിന് ഇനിയും തെളിയാനുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്നു. കോമഡിക്ക് വേണ്ടിയുള്ള സംഭാഷണങ്ങള്‍ ചിത്രത്തില്‍ പലപ്പോഴും ചളി എന്ന് തന്നെ എടുത്ത് പറയുന്നത് അതേ പോലെ തന്നെയാണ് പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ടത്. അപ്പുവിന്റെ അച്ഛന്‍ മനോജ് കെ.ജയന്‍ എന്ന കഥാപാത്രത്തെ കുറിച്ച് ഇടയ്ക്കിടെ എല്ലാവരും അറിയുമെങ്കിലും അദ്ദേഹത്തിന്റെ ഐഡന്റിറ്റി എന്തെന്ന് ഒരിടത്തും പരാമര്‍ശിക്കാതെ പോയി.

ആദ്യ പകുതിയിലെ പ്രകടനത്തേക്കാള്‍ രണ്ടാം പകുതിയിലെ പ്രകടനത്തിലൂടെ സായാ ഡേവിഡ് നായികാ അരങ്ങേറ്റം ഗംഭീരമാക്കി. കൂടാതെ ഗോകുല്‍ സുരേഷ് അതിഥി വേഷവും കലക്കി. സഹതാരം കലാഭവന്‍ ഷാജോണ്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചു. ധര്‍മ്മജനും, ബിജു കുട്ടനുമെത്തിയപ്പോഴാണ് രംഗങ്ങള്‍ക്ക് ഒരു സ്വാഭാവികത വന്നത്. ആദിയില്‍ തന്നെ ആക്ഷന്‍ രംഗങ്ങളില്‍ മികവ് പുറത്തെടുത്ത പ്രണവ് ഈ ചിത്രത്തിലും മികച്ച രീതിയിലാണ് ആക്ഷന്‍ ചെയ്തിട്ടുള്ളത്. ട്രെയ്‌നിന് മുകളില്‍ നിന്നുള്ള ആക്ഷന്‍ രംഗങ്ങള്‍ നന്നായപ്പോള്‍ ഗ്രാഫിക്‌സിന്റെ അപാകത സ്വാഭാവികത നഷ്ടപ്പെടുത്തി.

കഥാ പരിസരം തേടി ഗോവയിലെ അലച്ചിലിന് ശേഷമാണ് ചിത്രം രണ്ടാംപകുതിയില്‍ ലക്ഷ്യത്തിലേക്ക് കുതിക്കുന്നത്. പ്രണയത്തിലും ജാതിയും മതവും കൂട്ടി കുഴയ്ക്കുന്ന വര്‍ത്തമാന കാലമാണെന്ന് കെവിന്‍ കൊലപാതകമുള്‍പ്പെടെ നമുക്ക് കാണിച്ച് തന്നതാണ്. അതുകൊണ്ട് തന്നെ അത്തരം സാമൂഹ്യസാഹചര്യങ്ങളെ അടയാളപ്പെടുത്താന്‍ ശ്രമിച്ച സംവിധായകന്റെ ശ്രമം തീര്‍ച്ചയായും കൈയ്യടി അര്‍ഹിക്കുന്നു. സഹായിക്കുന്ന സഖാവ്, മൂലധനവും, ബൈബിളും ഒന്നിച്ച് വായിക്കുന്ന പള്ളിയിലച്ഛന്‍, തുടങ്ങീ ഇടതുപക്ഷ ആശയങ്ങള്‍ക്ക് ബോധപൂര്‍വ്വം ഊന്നല്‍ നല്‍കിയ രംഗങ്ങള്‍ സംവിധായകന്റെ രാഷ്ട്രീയം കൂടെ അടയാളപ്പെടുത്തുന്നുണ്ട്. തിരക്കഥയുടെ കെട്ടുറപ്പില്ലായ്മ മെയ്ക്കിംഗിലും പരിഹരിക്കാനാവാതെ പോയതാണ് ചെറിയ ഇഴച്ചിലിന് കാരണം.

ഒരിയ്ക്കലും മോഹന്‍ലാലിന്റെ ഇരുപതാം നൂറ്റാണ്ട് പ്രതീക്ഷിച്ച് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ടിക്കറ്റെടുക്കരുത്. അതല്ല കണ്ടിരിക്കാവുന്ന ഒരു രസികന്‍ ചിത്രമെന്ന നിലയ്ക്ക് നിങ്ങള്‍ക്ക് സിനിമയ്ക്ക് കയറാം….