പുരുഷ താരത്തിന് കൊടുക്കുന്നതിലും കുറഞ്ഞ പ്രതിഫലം ഓഫര്‍ ചെയ്തതിന്റെ പേരില്‍ ബോളിവുഡ് നടി ദീപിക പദുക്കോണ്‍ ചിത്രത്തില്‍ നിന്ന് പിന്മാറി. മുംബൈയില്‍ ‘ദ ഡോട്ട് ദാറ്റ് വെന്റ് ഫോര്‍ എ വാക്ക്’എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങില്‍ സംസാരിക്കവേ ദീപിക തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്കെന്റെ ട്രാക്ക് റെക്കോര്‍ഡും മൂല്യവും നന്നായറിയാമെന്നും ചിത്രത്തില്‍ നിന്ന് പിന്മാറിയതില് കുറ്റബോധം തോന്നിയിട്ടില്ലെന്നും ദീപിക പറഞ്ഞു.
‘ഇന്ന് സിനിമയില്‍ അവസരങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ല. സിനിമകളുടെ സ്വഭാവവും അതില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന സ്ഥാനവും വളരെയേറെ മാറി. പ്രതിഫലത്തിന്റെ കാര്യത്തില്‍ വരെ. എന്നാല്‍ അടുത്തിടെ എനിക്കുണ്ടായ ഒരു അനുഭവം ഇതിന് നേരെ വിപരീതമാണ്. ഒരു സംവിധായകന് എന്നെ സമീപിച്ചു. അദ്ദേഹത്തിന്റെ സിനിമ എനിക്കിഷ്ടമാവുകയും ചെയ്തു. പ്രതിഫലത്തോടടുത്തപ്പോള് കഥ മാറി. എനിക്ക് ലഭിക്കേണ്ട തുക ഞാന്‍ പറഞ്ഞു. എന്നാല്‍ ഒരു പുരുഷതാരത്തിന് കൊടുക്കുന്ന പണം എനിക്ക് തരാന്‍ അയാള്‍ വിസമ്മതിച്ചു. അതു കേട്ടപ്പോള്‍ തന്നെ അയാളുടെ ചിത്രവും ഞാന്‍ ചെയ്യുന്നില്ലെന്ന് തീരുമാനിച്ചു.’
‘എനിക്കെന്റെ ട്രാക്ക് റെക്കോര്‍ഡും മൂല്യവും നന്നായറിയാം. അത്തരമൊരു ചിത്രത്തില്‍ നിന്ന് പിന്മാറിയതിന് കുറ്റബോധം തോന്നിയിട്ടില്ല. നന്നായെന്നാണ് വിശ്വാസം കാരണം ഇത്തരം വിവേചനം എതിര്‍ക്കപ്പെടേണ്ടതാണ്. എന്നെ പോലെ തന്നെ പെര്‍ഫോമന്‍സ് കാഴ്ച്ച വെക്കുന്ന , കഴിവുള്ള ഒരു പുരുഷതാരത്തിനൊപ്പം ജോലി ചെയ്യുകയും എന്നാല്‍ അയാളെക്കാള്‍ പ്രതിഫലം എനിക്ക് കുറച്ച് നല്‍കുകയും ചെയ്താല്‍ അത് എന്നെ സംബന്ധിച്ചിടത്തോളം അസഹനീയമാണ്.’ ദീപിക പറഞ്ഞു.