അധികം മടുപ്പിക്കാതെ ‘മിഖായേല്‍’-മൂവി റിവ്യൂ

','

' ); } ?>

ഹനീഫ് അദേനി സംവിധാനം ചെയ്ത നിവിന്‍പോളി ചിത്രം ‘മിഖായേല്‍’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. വാണിജ്യ സിനിമയില്‍ പ്രതീക്ഷിക്കുന്ന എല്ലാം കൃത്യമായി തന്നെ ചേര്‍ത്തിണക്കപ്പെട്ടിട്ടുണ്ട് സിനിമയില്‍. പുതുമകളേറെയൊന്നും അവകാശപ്പെടാനില്ലെങ്കിലും അധികം മടുപ്പിക്കാത്ത മേക്കിംഗിലൂടെയാണ് ‘മിഖായേല്‍’ മുന്നോട്ടുപോവുന്നത്.

ചെറുപ്പത്തിലേ അച്ഛനെ നഷ്ടമായ, അമ്മയോട് മാനസികമായൊരു അകലം സൂക്ഷിക്കുന്ന, അമ്മ മറ്റൊരു വിവാഹം കഴിച്ച് ജീവിക്കുമ്പോള്‍ അത് കണ്ട് മാറി നില്‍ക്കുന്ന ഒരു മകന്‍. പക്ഷേ പെങ്ങള്‍ ജെന്നിയോടുള്ള വാത്സല്യം കൊണ്ട് ആ വീടിനു ചുറ്റും എപ്പോഴും അവന്റെ സാന്നിധ്യമുണ്ട്. പെങ്ങളുടെ ജീവിതത്തിലുണ്ടാവുന്ന ചില അപ്രതീക്ഷിത സംഭവങ്ങള്‍ മൈക്കിനെ അവളുടെ കാവാല്‍ മാലാഖയാക്കി മാറ്റുന്നു. പക വീട്ടലും, അതിന്റെ ചുരുള്‍ അഴിച്ചെടുക്കലുകളും, ശേഷിക്കുന്നവരുടെ പ്രതികാരവുമൊക്കെയായി മുന്നോട്ടു പോവുകയാണ് കഥ.

തന്റെ കഥാപാത്രത്തോട് നൂറ് ശതമാനം നീതി പുലര്‍ത്താന്‍ നിവിന് കഴിഞ്ഞിട്ടുണ്ട്. വില്ലനായെത്തിയ ഉണ്ണി മുകുന്ദനും ഒട്ടും മോശമാക്കിയല്ല. ‘ഒരു വടക്കന്‍ സെല്‍ഫി’ എന്ന സിനിമയ്ക്ക് ശേഷം മഞ്ജിമ മോഹന്‍ നിവിന്റെ നായികയായെത്തുന്ന ചിത്രമാണിത്. പക്ഷേ,മഞ്ജിമയ്ക്ക് ചിത്രത്തില്‍ കാര്യമായി ചെയ്യാനൊന്നുമില്ല. സിദ്ദീഖ്, ശാന്തികൃഷ്ണ, അശോകന്‍, കെപിഎസി ലളിത, സുരാജ് വെഞ്ഞാറമൂട്, സുദേവ് നായര്‍, ബാബു ആന്റണി, കലാഭവന്‍ ഷാജോണ്‍, വികെ പ്രകാശ്, ജെഡി ചക്രവര്‍ത്തി, ബൈജു, വി. ജയപ്രകാശ്, അഞ്ജലി, പറവ ഫെയിം അമല്‍ തുടങ്ങി വന്‍താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

മികച്ച ഛായാഗ്രഹണവും എഡിറ്റിംഗും ‘മിഖായേല്‍’ കാഴ്ചയെ ഒരു ദൃശ്യാനുഭവമാക്കുന്നു. വിഷ്ണു പണിക്കര്‍ ഛായാഗ്രഹണവും മഹേഷ് നാരായണന്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗോപി സുന്ദറാണ് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്.