“ചിറകൊടിഞ്ഞ കിനാവുകൾ അന്ന് ആരും ചർച്ച ചെയ്തിരുന്നില്ല”; പുതിയ പരീക്ഷണങ്ങളെക്കുറിച്ച് കുഞ്ചാക്കോ ബോബൻ

','

' ); } ?>

സിനിമകൾ ബോക്സ് ഓഫീസിൽ പരാജയപ്പെടുമ്പോഴും തന്റെ വ്യക്തിപരമായ പ്രകടനം പ്രശംസിക്കപ്പെടുന്നതിനെക്കുറിച്ച് മനസ്സുതുറന്ന് നടൻ കുഞ്ചാക്കോ ബോബൻ. പുതിയ ചിത്രമായ ‘ഹെയ്ൽ മേരി’യുടെ പ്രൊമോഷന്റെ ഭാഗമായി ‘മൂവി വേൾഡ് മീഡിയ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ‘ബാച്ചിലർ പാർട്ടി 2’ എന്ന ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രകടനത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആരും ഒരു സിനിമ മോശമാകണമെന്ന് ആഗ്രഹിച്ചല്ല ചെയ്യുന്നതെന്നും, പ്രേക്ഷകർക്ക് ആ സമയത്ത് സിനിമയെ ഉൾക്കൊള്ളാൻ സാധിക്കാതെ വരുന്നതാണ് പരാജയങ്ങൾക്ക് കാരണമാകുന്നതെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. “കുറച്ചുകാലമായി എന്റെ സിനിമകളെക്കുറിച്ച് കേൾക്കുന്ന കാര്യമാണിത്. ഇതൊരു പ്രത്യേക സിനിമയുടെ കാര്യമല്ല, പൊതുവെയുള്ള അനുഭവമാണ്. കഥാപാത്രത്തെയോ സിനിമയെയോ ഇഷ്ടപ്പെടുന്നതുകൊണ്ടാണ് നമ്മൾ അത് തിരഞ്ഞെടുക്കുന്നത്. എന്നാൽ എല്ലാവർക്കും അത് ഒരേ രീതിയിൽ മനസ്സിലാകണമെന്നില്ല,” താരം വ്യക്തമാക്കി.

താൻ അഭിനയിച്ച ‘ചിറകൊടിഞ്ഞ കിനാവുകൾ’ പോലുള്ള സിനിമകൾ റിലീസ് സമയത്ത് ആരും ചർച്ച ചെയ്തിരുന്നില്ലെന്നും, അത്തരത്തിൽ ഒരുപാട് സിനിമകൾ തന്റെ കരിയറിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എങ്കിലും നിരാശപ്പെടാതെ മുന്നോട്ട് പോവുകയാണെന്നും, പ്രേക്ഷകർക്ക് പുതുതായി എന്ത് നൽകാൻ സാധിക്കുമെന്നാണ് എപ്പോഴും ചിന്തിക്കുന്നതെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. ‘ഹെയ്ൽ മേരി’യും അതിന് മുൻപ് ചെയ്ത സിനിമകളുമെല്ലാം അത്തരം പരീക്ഷണങ്ങളുടെ തുടർച്ചയാണെന്നും താരം അഭിപ്രായപ്പെട്ടു.

ജി.ആർ. ഇന്ദുഗോപന്റെ നോവലിനെ ആസ്പദമാക്കി വിഷ്ണു രവികുമാർ സംവിധാനം ചെയ്യുന്ന ‘ഹെയ്ൽ മേരി’യാണ് കുഞ്ചാക്കോ ബോബന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. സുരാജ് വെഞ്ഞാറമൂട്, അനു സിത്താര, വിനയ് ഫോർട്ട്, ജഗദീഷ്, സുഹാസിനി തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.

കുഞ്ചാക്കോബോബന്റെ വാക്കുകൾ

”കുറച്ച് കാലമായി എന്റെ സിനിമകളെക്കുറിച്ച് കേള്‍ക്കുന്ന കാര്യമാണത്. ഈ പടത്തിന്റെ കാര്യമല്ല, പൊതുവെയുള്ള കാര്യമാണ്. നമുക്ക് പടം മൊത്തത്തില്‍ ഇഥഷ്ടപ്പെടുകയോ, കഥാപാത്രം ഇഷ്ടപ്പെടുകയോ ചെയ്യുന്നതിനാലാണ് സിനിമകള്‍ ചെയ്യുന്നത്. പക്ഷെ എല്ലാവര്‍ക്കും എല്ലാ രീതിയിലും അത് മനസിലാകണം എന്നില്ല. നമുക്ക് ഒന്നും പറയാന്‍ സാധിക്കില്ല. നമ്മളാരും സിനിമ മോശമാകണെന്ന് വിചാരിച്ച് ചെയ്യുന്നതല്ല. ആ സമയത്ത് സിനിമ ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടുണ്ടാകില്ല.

ഞാന്‍ ചെയ്ത് ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമ അന്ന് ആരും ചര്‍ച്ച ചെയ്തിരുന്നില്ല. അങ്ങനെ നോക്കുകയാണെങ്കില്‍ പറയാന്‍ കുറേ സിനിമകളുണ്ട് എനിക്ക്. പക്ഷെ നമ്മള്‍ മുന്നോട്ട് പോവുകയാണ്. ശ്രമങ്ങള്‍ തുടരുകയാണ്. പുതുതായി എന്താണ് ആളുകള്‍ക്ക് കൊടുക്കാനാവുകയെന്നാണ് ചിന്തിക്കുന്നത്. ഹെയ്ല്‍ മേരിയും, അതിന് മുമ്പ് ഞാന്‍ ചെയ്ത സിനിമകളുമെല്ലാം അതിന്റെ തുടര്‍ച്ചയായിട്ടുള്ള കാര്യമാണ്.”