പാക് നെറ്റ്ഫ്ലിക്സ് സീരീസ് നിരോധിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് AICWA

','

' ); } ?>

പാകിസ്താന്റെ ആദ്യ നെറ്റ്ഫ്ലിക്സ് ഒറിജിനൽ സീരീസായ ‘ജോ ബച്ചേ ഹേ സംഗ് സമൈത് ലോ’ (Jo Bachay Hain Sang Samait Lo) ഇന്ത്യയിൽ പ്രദർശിപ്പിക്കുന്നത് പൂർണമായും തടയണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷൻ (AICWA) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഫവാദ് ഖാൻ, മഹിറ ഖാൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പരമ്പര ഡിസംബർ നാലിന് പ്രീമിയർ ചെയ്യാനിരിക്കെയാണ് സംഘടനയുടെ ഇടപെടൽ.

2025 മേയ് എട്ടിന് പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ ചൂണ്ടിക്കാട്ടിയാണ് സംഘടനയുടെ ആവശ്യം. പാകിസ്താനിൽ നിന്നുള്ള ഉള്ളടക്കങ്ങൾ ഇന്ത്യൻ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പ്രക്ഷേപണം ചെയ്യുന്നത് നിർത്തിവെക്കാൻ അന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നു. ഇത് ലംഘിച്ച് സീരീസ് പ്രദർശിപ്പിക്കുന്നത് പൊതുജനവികാരത്തിന് എതിരാണെന്ന് അസോസിയേഷൻ കത്തിൽ വ്യക്തമാക്കുന്നു.

“ഭീകരവാദത്തിന് കൈയടികളില്ല, രാജ്യമാണ് പ്രധാനം” എന്ന നിലപാടിലുറച്ച്, പാകിസ്താൻ നിർമ്മിത സിനിമകൾ, സീരീസുകൾ, ഗാനങ്ങൾ, പോഡ്‌കാസ്റ്റുകൾ എന്നിവയ്ക്ക് ഇന്ത്യയിൽ ഇടമില്ലെന്ന് സംഘടന ആവർത്തിച്ചു. ടെലിവിഷൻ, ഒടിടി, തിയേറ്ററുകൾ എന്നിവയിലുടനീളം പാകിസ്താനി ഉള്ളടക്കങ്ങൾ എത്തുന്നത് തടയാൻ കടുത്ത ശിക്ഷാനടപടികളും പിഴയും വ്യവസ്ഥ ചെയ്യുന്ന സ്ഥിരനിയമം കൊണ്ടുവരണമെന്നും സംഘടന പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. നേരത്തെ പുൽവാമ ആക്രമണത്തിന് ശേഷവും പാകിസ്താനി കലാകാരന്മാർക്ക് എഐസിഡബ്ല്യു വിലക്കേർപ്പെടുത്തിയിരുന്നു.

നെറ്റ്ഫ്ലിക്സിന്റെ മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക ഡിവിഷൻ നിർമ്മിച്ച ഈ പരമ്പര ഇന്ത്യയിൽ ലഭ്യമാക്കുമോ എന്ന കാര്യത്തിൽ നെറ്റ്ഫ്ലിക്സ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അഹദ് റാസ മീർ, ഹംസ അലി അബ്ബാസി, ഹാനിയ ആമിർ എന്നിവരും സീരീസിൽ പ്രധാന വേഷങ്ങളിലുണ്ട്. 2009-ൽ ഖവാതീൻ ഡൈജസ്റ്റിൽ പ്രസിദ്ധീകരിക്കുകയും പിന്നീട് 2013-ൽ പുസ്തകമാവുകയും ചെയ്ത ഫർഹത് ഇഷ്തിയാഖിന്റെ പ്രശസ്ത ഉർദു നോവലിനെ ആസ്പദമാക്കിയാണ് പരമ്പര ഒരുക്കിയിരിക്കുന്നത്. മൂന്ന് തലമുറകളിലെ ആറ് പ്രണയകഥകൾ പറയുന്ന സീരീസ് മൊമിന ദുറൈദ് ഫിലിംസിന്റെ ബാനറിൽ പാകിസ്താൻ, ഇറ്റലി, യു.കെ എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്.