
സംഗീതത്തിൽ നിന്ന് വിരമിക്കണമെന്നോ ഇടവേളയെടുക്കണമെന്നോ ഒരിക്കൽപ്പോലും ചിന്തിച്ചിട്ടില്ലെന്ന് ഗായകൻ വിധു പ്രതാപ്. കഴിഞ്ഞ 30 വർഷത്തോളമായി സംഗീതരംഗത്ത് സജീവമായ തനിക്ക് അറിയാവുന്ന ഒരേയൊരു തൊഴിൽ സംഗീതമാണെന്നും അതിൽനിന്ന് മാറിനിൽക്കുന്നത് ചിന്തിക്കാൻ പോലും കഴിയില്ലെന്നും ഇൻഡിവുഡിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ബിസിനസ് ചെയ്യാനോ പഠിച്ച് മറ്റൊരു ജോലിക്ക് പോകാനോ തനിക്ക് കഴിയില്ലെന്ന് നേരത്തേ തന്നെ ബോധ്യമുണ്ടായിരുന്നുവെന്നും സംഗീതം തന്നെയാണ് തന്റെ ജീവിതമാർഗമെന്ന് മാതാപിതാക്കൾക്കും അറിയാമായിരുന്നുവെന്നും വിധു പറഞ്ഞു. ബ്രേക്ക് എടുത്താൽ പിന്നെ ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയാകുമെന്നും അവസാന ശ്വാസംവരെ ഈ രംഗത്ത് തുടരാനാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഗീതത്തിന് പുറമെ അഭിനയം, നൃത്തം തുടങ്ങി വിവിധ കലാരൂപങ്ങളോട് താൽപര്യമുണ്ടെന്നും പുതിയ കാര്യങ്ങൾ പരീക്ഷിക്കാനും യാത്രകൾ ചെയ്ത് ആളുകളെ രസിപ്പിക്കാനും ഇഷ്ടപ്പെടുന്നുവെന്നും വിധു പ്രതാപ് പറഞ്ഞു. ബാലതാരമായി എത്തി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ച വിധു പ്രതാപ് ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലും സജീവമാണ്.
വിധു പ്രതാപിന്റെ വാക്കുകൾ :
എനിക്ക് ആകെ ഈയൊരു തൊഴിൽ മാത്രമേ ചെയ്യാൻ അറിയുകയുള്ളൂ. ഞാൻ ബിസിനെസ് ചെയ്യാനോ, പഠിച്ച് ജോലിക്ക് പോകാനോ കഴിവുള്ള ആളല്ല എന്ന കൃത്യമായ ധാരണ എനിക്ക് ആദ്യമേ ഉണ്ട്. തൊഴിൽ തിരഞ്ഞെടുത്തപ്പോൾ വീട്ടിൽ നിന്നും എന്നോട് പറഞ്ഞത് ഇതാണ്: അവസാന ശ്വാസംവരെ നിനക്ക് ഇതേയുള്ളൂ എന്ന്. എന്റെ അച്ഛനും അമ്മയ്ക്കും അറിയാം എന്നെക്കൊണ്ട് ബിസിനസ് ചെയ്യാനൊന്നും കൊള്ളില്ലെന്ന്.
ഇപ്പോൾ ചെയ്യുന്ന കാര്യത്തിൽ ഞാൻ വളരെ പാഷനേറ്റാണ്. ആക്ടിങ് ആണെങ്കിലും ഡാൻസാണെങ്കിലും ആർട്ട് റിലേറ്റഡ് ആയിട്ടുള്ള എന്താണെങ്കിലും ഭയങ്കരമായൊരു കണക്ഷനുള്ള ആളാണ് ഞാൻ. എല്ലാം ചെയ്തു നോക്കണം എന്ന ആഗ്രഹമുണ്ട്.
30 വർഷത്തോളമായി ഈ ഇൻഡസ്ട്രിയിൽ. എന്റെ തൊഴിൽ സത്യമായും ഞാൻ പറയട്ടെ, ഒരിക്കൽപോലും എനിക്ക് റിട്ടയർ ചെയ്യണം എന്നു തോന്നിയിട്ടില്ല. എനിക്ക് തോന്നിയിട്ടേയില്ല. ഇനി തോന്നുകയുമില്ല. ഈ കാലത്തിനിടെ ബ്രേക്ക് എടുക്കണം എന്നുപോലും എനിക്ക് തോന്നിയിട്ടില്ല. അങ്ങനെയൊരു ബ്രേക്ക് എടുത്തുകഴിഞ്ഞാൽ പിന്നെ എനിക്കൊന്നും ചെയ്യാനില്ല. ഒരു ചത്ത ശവമായി ഞാനിങ്ങനെ ഇരിക്കും എന്നേയുള്ളൂ.
എനിക്ക് കുറേ ട്രാവൽ ചെയ്യണം, പുതിയ ആളുകളെ കാണണം അവരെ എന്റർടെയിൻ ചെയ്യണം എന്തെങ്കിലുമൊക്കെ പുതിയതായി ചെയ്തുകൊണ്ടേയിരിക്കണം എന്നൊക്കെയാണ് എന്റെ ആഗ്രഹം. ഞാനൊരു വർക്കഹോളിക് ആണെന്നല്ല പറയുന്നത്. പക്ഷേ എനിക്കിതിൽനിന്നു വിട്ടുനിൽക്കുന്നത് സാധ്യമല്ല. അവസാനം വരെ ഇതിൽതന്നെ നിൽക്കണം.