പ്ലാൻ ചെയ്തതിനേക്കാൾ വേഗത്തിലും മനോഹരമായും ‘ഒടിയൻ’ പൂർത്തിയാക്കി; രാഹുൽ സദാശിവനെയും ടീമിനെയും പ്രശംസിച്ച് പൃഥ്വിരാജ് സുകുമാരൻ

','

' ); } ?>

കൃത്യമായ ആസൂത്രണത്തോടെ, നിശ്ചയിച്ച സമയത്തിനുള്ളിൽ ഒരു സിനിമ പൂർത്തിയാക്കുന്നത് എപ്പോഴും സാധ്യമായ കാര്യമല്ലെന്നും എന്നാൽ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിലും മനോഹരമായും ‘ഒടിയൻ: ദ ഏജ് ഓഫ് ഇല്യൂഷൻ’ പൂർത്തിയാക്കാൻ സാധിച്ചുവെന്നും നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പാക്കപ്പ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസും പൃഥ്വിരാജ് പ്രൊഡക്ഷൻസും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. ധർമ പ്രൊഡക്ഷൻസിന്റെ ആദ്യ മലയാളം സംരംഭം കൂടിയായ ഈ പാൻ-ഇന്ത്യൻ ചിത്രത്തിൽ പൃഥ്വിരാജും മഞ്ജു വാര്യരുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സെപ്റ്റംബർ 14-ന് ആരംഭിച്ച ചിത്രീകരണം ഏകദേശം രണ്ട് മാസത്തോളം നീണ്ടുനിന്നു. പൃഥ്വിരാജിന് പത്ത് ദിവസത്തെയും മഞ്ജു വാര്യർക്ക് പതിനഞ്ച് ദിവസത്തെയും ചിത്രീകരണമാണ് സിനിമയിലുണ്ടായിരുന്നത്.

പരമ്പരാഗത സിനിമാ നിർമാണരീതികൾ ഇന്ന് കാലഹരണപ്പെട്ടതാണെന്ന ധാരണ ചലച്ചിത്ര മേഖലയിൽ വളർന്നുവരുന്ന സാഹചര്യത്തിൽ, കൃത്യമായ മുന്നൊരുക്കത്തോടെ സിനിമയെ സമീപിച്ച രാഹുൽ സദാശിവന്റെ രീതി ഏറെ സന്തോഷം നൽകുന്നതാണെന്ന് പൃഥ്വിരാജ് പറഞ്ഞു. ഓരോ ദിവസവും ലൊക്കേഷനിലെത്തുമ്പോൾ എടുക്കേണ്ട ഷോട്ടുകളെക്കുറിച്ച് വ്യക്തമായ ധാരണയും ഡിസൈനും വേണമെന്നതാണ് താൻ പഠിച്ച രീതി. അത്തരത്തിൽ സിസ്റ്റമാറ്റിക്കായി പ്രവർത്തിച്ച്, നിശ്ചയിച്ച ദിവസങ്ങൾക്കും മുൻപേ ചിത്രീകരണം പൂർത്തിയാക്കിയ രാഹുലിന്റെ ടീമിന് നിർമാതാക്കളുടെ പേരിൽ അദ്ദേഹം നന്ദി അറിയിച്ചു.

‘ഭൂതകാലം’, ‘ഭ്രമയുഗം’, ‘ഡീയസ് ഈറെ’ എന്നീ ചിത്രങ്ങൾക്ക് ശേഷം രാഹുൽ സദാശിവൻ ഒരുക്കുന്ന ഈ ചിത്രത്തിന് ടി.ഡി. രാമകൃഷ്ണൻ സംഭാഷണവും ക്രിസ്റ്റോ സേവ്യർ സംഗീതവും നിർവഹിക്കുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും.

പൃഥ്വിരാജിന്റെ വാക്കുകൾ

ഒരുപാട് സിനിമകളില്‍ അഭിനയിക്കുകയും 3 സിനിമകൾ സംവിധാനം ചെയ്യുകയും ഒരുപാട് സിനിമകൾ വിതരണം ചെയ്യുകയും ചെയ്തിട്ടുള്ള ഒരാളാണ് ഞാൻ. എന്റെ ഓർമയിൽ ഒരു സിനിമ നമ്മൾ പ്ലാൻ ചെയ്ത്, പേപ്പറിലായിട്ട്, അതിനേക്കാൾ വേ​ഗത്തിൽ, അതിനേക്കാൾ നന്നായി, നമ്മൾ സ്വപ്നം കണ്ടതിനേക്കാൾ ഭം​ഗിയായി സിനിമ തീർക്കുക എന്നു പറഞ്ഞാൽ അതെപ്പോഴും നടക്കുന്ന കാര്യമല്ല. അത് ഈ സിനിമയുടെ ഭാ​ഗമായ എല്ലാവർക്കും, പ്രത്യേകിച്ച് രാഹുലിന്റെ ടീമിലുള്ള ഓരോരുത്തർക്കുമുള്ള ക്രെ‍ഡിറ്റാണ്. പ്ലാൻ ചെയ്തതിനേക്കാൾ കുറച്ചു ദിവസങ്ങളിൽ ഇത്രയും നല്ല, സിസ്റ്റമാറ്റിക്കായൊരു സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയതിന് പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ധർമ പ്രൊ‍ഡക്ഷൻസിന്റെയും ഭാ​ഗത്തുനിന്ന് എല്ലാവർക്കും വലിയ നന്ദി.

ഞാനൊക്കെ പഠിച്ചു വളർന്നത് ഇത്തരം സിനിമകളിലൂടെയാണ്. കൃത്യം പ്ലാനിങ്ങോടുകൂ‌ടി, ഓരേ ദിവസവും ലൊക്കേഷനിൽ പോകുമ്പോൾ ഏതൊക്കെ ഷോട്ടുകൾ എടുക്കണം എന്നു നേരത്തേ കരുതിക്കൂട്ടി, ഒരു ഡിസൈൻ ഉണ്ടാക്കി, അങ്ങനെയാണ് സിനിമയുണ്ടാക്കേണ്ടതെന്നു പഠിച്ച ആളാണ് ഞാൻ. പക്ഷേ പഠിച്ചതൊക്കെ ഓൾഡ് ഫാഷൻഡ് ആണ്, ഇന്ന് അതൊന്നും ചിലവാകില്ല, എന്ന ധാരണ നമ്മുടെ സിനിമ ഇൻഡസ്ട്രിയിലും മറ്റെല്ലായിടത്തും വന്നു തുടങ്ങിയിട്ടുണ്ട്. അപ്പോഴും ട്രഡീഷണലായി തന്നെ സിനിമയെ സമീപിക്കുകയും അങ്ങനെ സിനിമ ചെയ്യുകയും ചെയ്യുന്ന ഒരു സംവിധായകനെയും ആ സംവിധായകന്റെ കൂടെനിൽക്കുന്ന ഒരു ‌ടീമിനെയും കാണുമ്പോൾ വലിയ സന്തോഷം. എല്ലാവർക്കും ഒരിക്കൽക്കൂടെ ഹൃദയംനിറഞ്ഞ നന്ദിയറിയിക്കുന്നു.