
‘അന്തിമാലൈ കോയില്‍ വന്തേന്‍’ എന്ന തമിഴ് ഗാനത്തിന്റെ യഥാര്‍ത്ഥ സംഗീത സംവിധായകന്‍ താനാണെന്നും, സോഷ്യല്‍ മീഡിയയില്‍ പാട്ടിന്റെ ക്രെഡിറ്റ് എ.ആര്‍. റഹ്മാന് ലഭിക്കുന്നത് വില്‍പ്പന ലക്ഷ്യമിട്ടുള്ള തെറ്റായ പ്രചാരണത്തിന്റെ ഭാഗമാണെന്നും പ്രമുഖ സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ വ്യക്തമാക്കി. 1989-ല്‍ പുറത്തിറങ്ങിയ ആല്‍ബത്തിലെ ഗാനം വീണ്ടും വൈറലായ പശ്ചാത്തലത്തില്‍ മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാട്ടില്‍ റഹ്മാന്‍ കീബോര്‍ഡ് വായിച്ചിട്ടുണ്ടെങ്കിലും, ഗാനം പൂര്‍ണ്ണമായും തന്റേതാണെന്നും എന്നാല്‍ തന്റെ പേര് ഉപയോഗിച്ചാല്‍ ശ്രദ്ധിക്കപ്പെടില്ലെന്ന കാരണത്താലാണ് റഹ്മാന്റെ പേര് ചേര്‍ത്തതെന്നും ഔസേപ്പച്ചന്‍ പറഞ്ഞു.
1989-ല്‍ സെപ്റ്റിയൂണ്‍ എന്ന കമ്പനിക്കായി മഹേഷ് ജോര്‍ജ് സമീപിച്ചതിനെ തുടര്‍ന്നാണ് ‘വെല്‍ക്കം 1990’ എന്ന ആല്‍ബത്തിനായി ഈ ഗാനം ഒരുക്കിയതെന്ന് ഔസേപ്പച്ചന്‍ ഓര്‍ക്കുന്നു. ലൈവ് പ്ലേയിങ് ഒഴിവാക്കി കമ്പ്യൂട്ടര്‍ സീക്വന്‍സ് ഉപയോഗിച്ച് ആദ്യമായി മലയാളത്തില്‍ ഒരു പാട്ട് റെക്കോര്‍ഡ് ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പരീക്ഷണം. അന്ന് എ.ആര്‍. റഹ്മാന്‍ ദിലീപ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അന്തരിച്ച സംഗീത സംവിധായകന്‍ ആര്‍.കെ. ശേഖറിന്റെ മകനെന്ന നിലയിലുള്ള പരിചയത്തില്‍ ദിലീപിന്റെ സ്റ്റുഡിയോയില്‍ വച്ചായിരുന്നു റെക്കോര്‍ഡിങ്. അച്ഛന്റെ ഹാര്‍മോണിയമാണ് ദിലീപ് അന്ന് ഉപയോഗിച്ചിരുന്നത്. താന്‍ പറഞ്ഞുനല്‍കിയ കോര്‍ഡുകളും നോട്ടേഷനുകളും ഗിറ്റാറുമെല്ലാം അതിവേഗത്തിലാണ് ദിലീപ് പ്രോഗ്രാം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തമിഴില്‍ ഗാനം പുറത്തിറക്കിയപ്പോള്‍ റഹ്മാന്റെ പേര് ഉപയോഗിച്ചത് വില്‍പ്പന കൂട്ടാനായിരുന്നുവെന്നും ഇത് തനി കളവാണെന്നും ഔസേപ്പച്ചന്‍ തുറന്നടിച്ചു. കീബോര്‍ഡ് വായിച്ചതുകൊണ്ട് റഹ്മാന്റെ സിഗ്നേച്ചര്‍ പാട്ടിലുണ്ടാകാം, എങ്കിലും ഇത്തരമൊരു പേര് മാറ്റം നടക്കുന്ന കാര്യം റഹ്മാന് പോലും അറിവുണ്ടാകാനിടയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഈ ഗാനം മലയാളത്തിലെ ഒരു വലിയ സിനിമയിലേക്ക് റീമേക്ക് ചെയ്യുന്നതിനായി ചിലര്‍ തന്നെ സമീപിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ ഗാനം തിരികെ സ്‌ക്രീനിലെത്തുമെന്നും ഔസേപ്പച്ചന്‍ അറിയിച്ചു. നേരത്തെ ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തില്‍ ‘അന്ന’ എന്ന സിനിമയ്ക്കായി ഔസേപ്പച്ചന്‍ ചിട്ടപ്പെടുത്തിയ ‘യവനകഥയിലെ’ എന്ന ഗാനം ഉപയോഗിച്ചത് വലിയ വിജയമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ‘അന്തിമാലൈ കോയില്‍ വന്തേനും’ പുതുതലമുറ ഏറ്റെടുത്തിരിക്കുന്നത്.
ഔസേപ്പച്ചന്റെ വാക്കുകൾ
1989-ൽ സെപ്റ്റിയൂൺ എന്ന കമ്പനിക്ക് വേണ്ടി മഹേഷ് ജോർജ് എന്ന വ്യക്തിയാണ് എന്നെ സമീപിക്കുന്നത്. ‘വെൽക്കം 1990’ എന്ന പേരിലൊരു ആൽബം ഒരുക്കുകയായിരുന്നു ലക്ഷ്യം. എപ്പോഴും എന്തെങ്കിലും പുതിയത് പരീക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന എനിക്ക്, ലൈവ് പ്ലേയിങ് ഇല്ലാതെ കമ്പ്യൂട്ടർ സീക്വൻസ് ഉപയോഗിച്ച് ആദ്യമായി മലയാളത്തിൽ ഒരു പാട്ട് റെക്കോർഡ് ചെയ്യാൻ തോന്നി; അങ്ങനെയാണ് ആ തീരുമാനമെടുത്തത്.
അന്ന് എ.ആർ. റഹ്മാൻ, എ.ആർ. റഹ്മാൻ ആയിരുന്നില്ല; ദിലീപ് ആയിരുന്നു. അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ ആർ.കെ. ശേഖറിന്റെ മകൻ എന്ന നിലയിലായിരുന്നു എനിക്ക് അദ്ദേഹത്തെ പരിചയം. ദിലീപിന്റെ സ്റ്റുഡിയോയിൽ വച്ചായിരുന്നു റെക്കോർഡിങ്. ദിലീപ് ഉപയോഗിച്ചിരുന്ന അച്ഛന്റെ ഹാർമോണിയമാണ് ഞങ്ങൾ ഉപയോഗിച്ചത്. അന്ന് ഞാൻ പറഞ്ഞുകൊടുത്ത കോർഡും നോട്ടേഷനും ഗിറ്റാറുമെല്ലാം ടൈപ്പ് റൈറ്റിങ്ങിന്റെ വേഗത്തിലാണ് ദിലീപ് ചെയ്തു തീർത്തത്.
അതേസമയം, ആ പാട്ട് തമിഴിൽ ഇറക്കിയപ്പോൾ റഹ്മാന്റെ പേര് ഉപയോഗിച്ചതിന് പിന്നിൽ വിൽപ്പനയായിരുന്നു ലക്ഷ്യം. “ഇത് തനി കളവാണ്. പക്ഷേ റഹ്മാന്റെ സിഗ്നേച്ചറുണ്ട് അതിൽ. കാരണം കീബോർഡ് വായിച്ചത് അദ്ദേഹമാണ്. എന്റെ പേരിൽ ഇറക്കിയാൽ ചിലപ്പോൾ ശ്രദ്ധിക്കപ്പെടില്ല. റഹ്മാന്റെ പേരാകുമ്പോൾ പെട്ടെന്ന് ശ്രദ്ധ കിട്ടും. അതിന് വേണ്ടിയാണ് റഹ്മാന്റെ പേര് ഉപയോഗിക്കുന്നത്.” എന്റെ പേര് ഉപയോഗിക്കപ്പെടുന്നതിനെക്കുറിച്ച് റഹ്മാന് അറിവുണ്ടാകില്ലെന്നാണ് ഞാൻ കരുതുന്നത്.
മലയാളത്തിലെ വലിയൊരു സിനിമയിലേക്ക് ഈ ഗാനം റീമേക്ക് ചെയ്ത് ഉപയോഗിച്ചോട്ടെ എന്ന് ചോദിച്ച് ചിലർ എന്നെ സമീപിച്ചിട്ടുണ്ട്. ഉടനെ തന്നെ ആ പഴയ പാട്ട് സ്‌ക്രീനിലെത്തും.