
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ. തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി രണ്ടാണ് തിങ്കളാഴ്ച ശിക്ഷ വിധിച്ചത്.
മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്നും ചികിത്സയിൽ വീഴ്ച വരുമ്പോഴാണ് ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതെന്നുമുള്ള പ്രതിഭാഗം അഭിഭാഷകന്റെ വാദം കോടതി തള്ളി. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, വിധിയിൽ അപ്പീൽ നൽകാനുണ്ടെങ്കിൽ നാല് മാസത്തിനകം സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.
2022 ജൂലൈ നാലിന് തൃശൂർ അയ്യന്തോളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ വിട്ട് നടന്നുപോവുകയായിരുന്ന രണ്ട് പെൺകുട്ടികളെ കറുത്ത കാറിലെത്തിയ നടൻ അടുത്തേക്ക് വിളിച്ച് നഗ്നതാപ്രദർശനം നടത്തുകയായിരുന്നു. കുട്ടികൾ എത്തുന്നതിന് മുമ്പ് തന്നെ ഇയാൾ പ്രദേശത്ത് കാറുമായി കാത്തുനിന്നിരുന്നു.
സിനിമാ നടനാണെന്ന് കുട്ടികളോ വീട്ടുകാരോ തിരിച്ചറിഞ്ഞിരുന്നില്ല. കറുത്ത കാറിലെത്തിയ ആളാണെന്നും സംഭവസമയവും മാത്രമാണ് കുട്ടികൾ പോലീസിന് മൊഴി നൽകിയത്. തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനം തിരിച്ചറിഞ്ഞതും പ്രതി നടൻ ശ്രീജിത്ത് രവിയാണെന്ന് വ്യക്തമായതും. കേസിൽ അറസ്റ്റിലായ നടൻ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. അന്വേഷണം പൂർത്തിയാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചതോടെയാണ് കോടതിയിൽ വിചാരണ നടപടികൾ പൂർത്തിയാക്കി ശിക്ഷ വിധിച്ചത്.