ഇതിഹാസത്തെ വികൃതമാക്കുന്നു, വാല്മീകി രാമായണത്തെ വളച്ചൊടിച്ചു; ‘രാമായണ’ ചിത്രത്തിനെതിരെ വി.എച്ച്.പി

','

' ); } ?>

രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിതേഷ് തിവാരി സംവിധാനം ചെയ്ത ‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ എന്ന സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് അടിയന്തരമായി റദ്ദാക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി). ഇതിഹാസത്തെ വികൃതമാക്കാനും രാവണനെ മഹത്വവത്കരിക്കാനുമാണ് ചിത്രം ശ്രമിക്കുന്നതെന്ന് ആരോപിച്ച സംഘടന, സിനിമയുടെ പ്രദർശനം അടിയന്തരമായി നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ടു.

വാല്മീകി രാമായണത്തിലെ പല ഭാഗങ്ങളും സിനിമയിൽ വളച്ചൊടിച്ചതായും കെട്ടിച്ചമച്ച സംഭവങ്ങൾ കൂട്ടിച്ചേർത്തതായും വി.എച്ച്.പി. ജനറൽ സെക്രട്ടറി ബജ്റംഗ് ലാൽ ബഗ്ര പുറത്തിറക്കിയ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ഹിന്ദു മതവികാരങ്ങളെ വ്രണപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ് അണിയറപ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. സഹസ്രാബ്ദങ്ങളായി നിലനിൽക്കുന്ന പാരമ്പര്യത്തിലും ശ്രീരാമനിലും വിശ്വസിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസപരമായ അടിത്തറയ്ക്ക് നേരെയുള്ള ആക്രമണമാണിതെന്നും, ഇത്തരം ശ്രമങ്ങൾ സമൂഹം ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അഹങ്കാരിയായ രാവണനെ അടിച്ചമർത്തപ്പെട്ടവരുടെ വിമോചകനായി ചിത്രീകരിച്ചുകൊണ്ട് ഒരു രാഷ്ട്രീയ ആഖ്യാനം സൃഷ്ടിക്കാനാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് ബഗ്ര ആരോപിച്ചു. അറിവും ശക്തിയും ഉണ്ടായിരുന്നിട്ടും അഹങ്കാരം മൂലം സകല ജീവജാലങ്ങളെയും അടിച്ചമർത്തിയ അധാർമികനായിരുന്നു രാവണൻ എന്നത് രാമായണത്തിന്റെ എല്ലാ പതിപ്പുകളിലും വ്യക്തമാണ്. എന്നാൽ, മുനിമാരുടെയും സന്യാസിമാരുടെയും ആത്മീയ സാധനകൾക്ക് തടസ്സം നിന്ന രാക്ഷസന്മാരെ ഉന്മൂലനം ചെയ്യുക എന്ന ശ്രീരാമന്റെ മഹത്തായ ദൗത്യത്തെ, കേവലം ഭാര്യയെ തട്ടിക്കൊണ്ടുപോയതിലുള്ള പ്രതികാരമായുള്ള വ്യക്തിപരമായ പോരാട്ടമായി മാത്രമാണ് സിനിമയിൽ ചുരുക്കിക്കാണിച്ചിരിക്കുന്നത്. കൂടാതെ, ശ്രീരാമന്റെ വ്യക്തിത്വത്തിന്റെ അവിഭാജ്യ ഘടകങ്ങളായ അഹല്യാമോക്ഷം, നിഷാദരാജാവായ ഗുഹനുമായുള്ള സൗഹൃദം, കേവടന്റെ ഭക്തി തുടങ്ങിയ പ്രധാന ഭാഗങ്ങൾ ഒഴിവാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

നമിത് മൽഹോത്രയും നടൻ യഷും ചേർന്ന് നിർമിച്ച ചിത്രത്തിൽ ശ്രീരാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും രാവണനായി യഷുമാണ് വേഷമിട്ടിരിക്കുന്നത്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യഭാഗം നവംബർ അഞ്ചിനാണ് തിയേറ്ററുകളിലെത്തിയത്. രണ്ടാം ഭാഗം 2028-ൽ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.

ബഗ്രയുടെ വാക്കുകൾ

“വാല്മീകി രാമായണത്തിലെ പല ഭാഗങ്ങളും ഈ ചിത്രത്തിൽ വളച്ചൊടിച്ചിരിക്കുകയാണ്. ഇതിൽ ഇല്ലാത്തതും കെട്ടിച്ചമച്ചതുമായ പല സംഭവങ്ങളും കൂട്ടിച്ചേർത്തിട്ടുണ്ട്. മാത്രമല്ല, രാമായണത്തിലെ പ്രധാനപ്പെട്ട പല കഥാപാത്രങ്ങളെയും സിനിമയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. നമ്മുടെ ഇതിഹാസത്തെ വികൃതമാക്കാനും ഹിന്ദു മതവികാരങ്ങളെ വ്രണപ്പെടുത്താനുമുള്ള ബോധപൂർവമായ ശ്രമമാണ് ഈ സിനിമയിലൂടെ നടത്തിയിരിക്കുന്നത്. ശ്രീരാമന്റെ വ്യക്തിത്വത്തിന്റെ അവിഭാജ്യ ഘടകങ്ങളായ അഹല്യാമോക്ഷം, നിഷാദരാജാവായ ഗുഹനുമായുള്ള സൗഹൃദം, കേവടന്റെ ഭക്തി തുടങ്ങിയ പ്രധാന ഭാഗങ്ങൾ സിനിമയിൽ പരാമർശിച്ചിട്ടുപോലുമില്ല. സന്യാസിമാരുടെയും മുനിമാരുടെയും ആത്മീയ സാധനകൾക്കും യജ്ഞങ്ങൾക്കും ഗുരുകുലങ്ങൾക്കും തടസ്സം സൃഷ്ടിച്ച, സമൂഹത്തിന്റെ ശത്രുക്കളായ രാക്ഷസന്മാരെ ഉന്മൂലനം ചെയ്യുക എന്നതായിരുന്നു ശ്രീരാമന്റെ മഹത്തായ ദൗത്യം. എന്നാൽ അതിനെ, ഭാര്യയെ തട്ടിക്കൊണ്ടുപോയതിലുള്ള പ്രതികാരമായുള്ള വെറുമൊരു വ്യക്തിപരമായ പോരാട്ടമായി മാത്രമാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്.

അഹങ്കാരിയായ രാവണനെ അടിച്ചമർത്തപ്പെട്ടവരുടെ വിമോചകനായി മഹത്വവൽക്കരിച്ചുകൊണ്ട് ഒരു രാഷ്ട്രീയ ആഖ്യാനം സൃഷ്ടിക്കാനാണ് സിനിമ ശ്രമിക്കുന്നത്. അറിവിന്റെയും ഭക്തിയുടെയും ശക്തിയുടെയും പരകോടിയിൽ എത്തിയെങ്കിലും, അഹങ്കാരം മൂലം സൃഷ്ടിയിലെ എല്ലാ ജീവജാലങ്ങളെയും ഭയപ്പെടുത്തുകയും അടിച്ചമർത്തുകയും ചെയ്ത അധാർമികനായിരുന്നു രാവണൻ. രാമായണത്തിന്റെ എല്ലാ പതിപ്പുകളിലും ഇത് വ്യക്തമായി വിവരിച്ചിട്ടുള്ളതാണ്.

സഹസ്രാബ്ദങ്ങളായി നിലനിൽക്കുന്ന പാരമ്പര്യത്തിലും ശ്രീരാമനിലും രാമായണത്തിലും ആഴത്തിൽ വിശ്വസിക്കുന്ന ദശലക്ഷക്കണക്കിന് ഹിന്ദുക്കളുടെ വികാരങ്ങളെ ഈ ചിത്രം മുറിപ്പെടുത്തിയിരിക്കുകയാണ്. രാമായണത്തെ ഇത്തരത്തിൽ വളച്ചൊടിക്കുന്നത് നമ്മുടെ സമൂഹത്തിന്റെ വിശ്വാസപരമായ അടിത്തറയ്ക്ക് നേരെയുള്ള ആക്രമണമാണ്. ഹിന്ദു സമൂഹത്തിന്റെ വികാരങ്ങൾ വെച്ച് കളിക്കാനുള്ള ഇത്തരം ശ്രമങ്ങൾ സമൂഹം ഒരിക്കലും അംഗീകരിക്കില്ല.”