
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് ഗൗരി കൃഷ്ണൻ. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം താരം വീണ്ടും സ്‌ക്രീനിൽ സജീവമായിരിക്കുകയാണ്. താരത്തിന്റെ അഭിനയ ജീവിതം പോലെ വ്യക്തി ജീവിതവും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ വിവാഹമോചനത്തെകുറിച്ചും, വിവാഹമോചനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ താൻ നേരിട്ട ക്രൂരമായ സൈബർ അധിക്ഷേപങ്ങളെയും വ്യാജപ്രചാരണങ്ങളെയും കുറിച്ചും മനസ്സ് തുറക്കുകയാണ് ഗൗരി. സത്യമറിയാതെ പലരും സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങൾ വ്യാഖ്യാനിച്ച് സംസാരിക്കുന്നത് വേദനിപ്പിച്ചെന്നും, ഇത്തരം പ്രചാരണങ്ങളിൽ മനംനൊന്ത് അമ്പലത്തിൽ പോയി കരഞ്ഞ സംഭവം ജീവിതത്തിൽ ഒരിക്കലും മറക്കില്ലെന്നും ഗൗരി പറഞ്ഞു. കൂടാതെ ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തെ അടച്ചിട്ട മുറിയിലിരുന്ന് അന്താരാഷ്ട്ര വിഷയം പോലെ ചർച്ച ചെയ്യുന്ന പ്രവണത അംഗീകരിക്കാനാകില്ലെന്നും ഗൗരി കൂട്ടിച്ചേർത്തു. സീരിയൽ ടുഡേ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
”ചില കാര്യങ്ങൾ തുറന്ന് പറയാൻ ഞാൻ നിർബന്ധിതയായിട്ടുണ്ട്. എത്ര നാൾ മൂടിവെക്കാനാകും. ഒരുപാട് ചോദ്യങ്ങളും കമന്റുകളും വന്നപ്പോൾ അത് പറഞ്ഞ് കഴിഞ്ഞു. പറഞ്ഞപ്പോൾ അതിനും കുറ്റം. ഞാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് വരുമാനം ഉണ്ടാക്കുന്ന ആളാണ്. അതിനാൽ മാറി നിൽക്കാൻ പറ്റില്ല. കുറച്ച് കാശുണ്ടാക്കിയിട്ട് ഇതെല്ലാം നിർത്തി ആരും തിരിച്ചറിയാത്ത സ്ഥലത്ത് പോയി ജീവിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട്ടുണ്ട്. ചിലർ ഒരു മുറിയിൽ ഇരുന്ന് ഒരാളുടെ വ്യക്തി ജീവിതമെടുത്ത് അന്താരാഷ്ട്ര കാര്യം ചർച്ച ചെയ്യുന്നത് പോലെ ചർച്ച ചെയ്യും. ഒരു തരത്തിലും അത് അംഗീകരിക്കാനാകില്ല. സത്യമറിയാതെ ഇവർ വ്യാഖ്യാനിച്ച് നൂറ് ശതമാനം ആത്മവിശ്വാസത്തിൽ സംസാരിക്കുന്നത് കാണുമ്പോൾ ചില സമയത്ത് എനിക്ക് അടിക്കാൻ തോന്നിയിട്ടുണ്ട്.” ഗൗരി പറഞ്ഞു.
“ഒരാൾക്ക് ഞാൻ മെസേജ് അയച്ചു. മാന്യതയുള്ള ആളായത് കൊണ്ട് അയാൾ സോറി പറഞ്ഞ്, മാറ്റി ഒരു വിഡിയോ ചെയ്തു. പക്ഷേ, വേറൊരാൾ എന്റെ ലെെഫിൽ നടന്നതൊന്നുമല്ലാത്ത കാര്യങ്ങൾ മോശമായി പറഞ്ഞു. അന്ന് ഞാൻ അമ്പലത്തിൽ പോയി കരഞ്ഞ ഒരു കരച്ചിലുണ്ട്. എന്റെ ജീവിതത്തിൽ ഞാനത് മറക്കില്ല. ആ കരച്ചിൽ എന്നെങ്കിലും ആ വ്യക്തിയുടെ തലയിൽ വീഴും. അത് 101 ശതമാനം ഉറപ്പാണ്.” ഗൗരി കൂട്ടിച്ചേർത്തു.
2022 നവംബറിൽ സീരിയൽ സംവിധായകൻ മനോജിനെയാണ് താരം വിവാഹം കഴിച്ചത്. എന്നാൽ ഇരുവരും പിന്നീട് വിവാഹമോചിതരാവുകയായിരുന്നു..
2011-ൽ പുറത്തിറങ്ങിയ ട്രാഫിക് എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ഗൗരി, പിന്നീട് മിനിസ്ക്രീൻ പരമ്പരകളിലൂടെയാണ് കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. 2014-ൽ മഴവിൽ മനോരമയിലെ അനിയത്തി എന്ന സീരിയലിലൂടെ ടെലിവിഷൻ രംഗത്ത് അരങ്ങേറ്റം കുറിച്ച താരം, ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കാണാ കൺമണി, പൗർണ്ണമിത്തിങ്കൾ എന്നീ പരമ്പരകളിലെ പ്രധാന വേഷങ്ങളിലൂടെ വലിയ ജനപ്രീതി നേടി. മികച്ച അഭിനയത്തിന് 2017-ൽ കേരള സംസ്ഥാന ടെലിവിഷൻ അവാർഡും ഗൗരിയെ തേടിയെത്തിയിട്ടുണ്ട്. സീത, എന്ന് സ്വന്തം ജാനി, കയ്യെത്തും ദൂരത്ത് തുടങ്ങി നിരവധി ശ്രദ്ധേയമായ പരമ്പരകളിലും ഭയം, സ്റ്റാർട്ട് മ്യൂസിക്, ഫ്ലവേഴ്സ് ഒരു കോടി തുടങ്ങിയ റിയാലിറ്റി-ഗെയിം ഷോകളിലും ഗൗരി ഭാഗമായിട്ടുണ്ട്. നിലവിൽ ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സിതാര എന്ന പരമ്പരയിൽ താര എന്ന കഥാപാത്രത്തെ
അവതരിപ്പിക്കുകയാണ്.