
തെന്നിന്ത്യയിലെ പരമ്പരാഗത വിവാഹരീതികളെക്കുറിച്ച് നടി രാധിക ആപ്തെയുമായി നടത്തിയ സംഭാഷണം വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി നടി കീർത്തി സുരേഷ് രംഗത്തെത്തി. അമ്മയുടെ സഹോദരനെ വിവാഹം കഴിക്കുന്ന ആചാരം കേരളത്തിൽ നിലവിലില്ലെന്നും, അത് തമിഴ്നാട്ടിലെയും ആന്ധ്രാപ്രദേശിലെയും ചില സമുദായങ്ങൾക്കിടയിലുള്ള സംസ്കാരത്തിന്റെ ഭാഗമാണെന്നുമാണ് താൻ പറഞ്ഞതെന്ന് കീർത്തി വ്യക്തമാക്കി. ഇത്തരമൊരു ആചാരത്തെക്കുറിച്ച് ധാരണയില്ലാത്ത ഒരാൾക്ക് ആ സാംസ്കാരിക പശ്ചാത്തലം വിശദീകരിച്ചു കൊടുക്കുക മാത്രമാണ് ചെയ്തതെന്നും, ഏതെങ്കിലും സമുദായത്തെ അപമാനിക്കാനോ ആചാരത്തെ വ്യക്തിപരമായി പിന്തുണയ്ക്കാനോ ശ്രമിച്ചിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു.
നെറ്റ്ഫ്ലിക്സ് പ്രോജക്റ്റായ ‘അക്ക’യുടെ പ്രചാരണാർഥം നൽകിയ അഭിമുഖത്തിനിടെയായിരുന്നു വിവാദങ്ങൾക്കാസ്പദമായ സംഭാഷണം നടന്നത്. കരിയറിന്റെ തുടക്കകാലത്ത് അഭിനയിച്ച ഒരു തെലുങ്ക് ചിത്രത്തിൽ സ്വന്തം മാമനെ (അമ്മയുടെ സഹോദരൻ) വിവാഹം കഴിക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കേണ്ടി വന്നതിനെക്കുറിച്ചും, തന്നേക്കാൾ ഏറെ പ്രായമുള്ള നടനൊപ്പം പ്രണയരംഗങ്ങളിൽ അഭിനയിച്ചപ്പോഴുണ്ടായ അസ്വസ്ഥതകളെക്കുറിച്ചും രാധിക ആപ്തെ അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു. ഇതിന് മറുപടിയായി തമിഴ്, തെലുങ്ക് മേഖലകളിലെ ചില സമുദായങ്ങളിൽ നിലനിൽക്കുന്ന വിവാഹരീതികളെക്കുറിച്ച് കീർത്തി വിശദീകരിച്ചതാണ് സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചത്.
വിമർശനങ്ങൾ ശക്തമായതോടെയാണ് തന്റെ നിലപാട് വ്യക്തമാക്കി കീർത്തി രംഗത്തെത്തിയത്. തന്റെ അറിവിൽ കേരളത്തിൽ ഇത്തരം ആചാരങ്ങളില്ലെന്നും തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും മാത്രമാണ് ഇത് കണ്ടുവരുന്നതെന്നും പറഞ്ഞ താരം, കർണാടകയിലെ സാഹചര്യം തനിക്ക് കൃത്യമായി അറിയില്ലെന്നും വ്യക്തമാക്കി. സ്വന്തം സംസ്കാരത്തെ മനഃപൂർവം താഴ്ത്തിക്കെട്ടാൻ ഒരിക്കലും ശ്രമിക്കില്ലെന്നും കീർത്തി പറഞ്ഞു.
2014-ൽ നന്ദമൂരി ബാലകൃഷ്ണ നായകനായി പുറത്തിറങ്ങിയ ‘ലെജെൻഡ്’ എന്ന തെലുങ്ക് ചിത്രത്തിലെ അനുഭവങ്ങളായിരുന്നു രാധിക ആപ്തെ അഭിമുഖത്തിൽ പങ്കുവെച്ചത്. പുരുഷാധിപത്യപരമായ അന്തരീക്ഷമായിരുന്നു സെറ്റിലേതെന്നും, പ്രായത്തിൽ ഏറെ മുതിർന്ന നടന്റെ ജോഡിയായി അഭിനയിക്കേണ്ടി വന്നതും, സിനിമയുടെ പകുതിയിൽ കഥാപാത്രം മരിച്ചതിന് ശേഷം തന്നെക്കൊണ്ട് ആക്ഷൻ രംഗങ്ങൾ ചെയ്യിപ്പിച്ചതും വലിയ വെല്ലുവിളിയും ഭയവും ഉണ്ടാക്കിയെന്നും രാധിക വെളിപ്പെടുത്തിയിരുന്നു.