ലൈറ്റ്മാൻമാർ മരിച്ചുവീഴുന്നത് നേരിട്ട് കണ്ടിട്ടുണ്ട്, മൃതദേഹം മാറ്റിയിട്ട് ഷൂട്ടിങ് തുടരും; ബോളിവുഡിന്റെ ഇരുണ്ട വശങ്ങൾ വെളിപ്പെടുത്തി ഉപാസന സിംഗ്

','

' ); } ?>

സിനിമാ സെറ്റുകളിൽ അണിയറപ്രവർത്തകർ അപകടത്തിൽപ്പെടുകയോ മരിക്കുകയോ ചെയ്താൽ പോലും ഒന്നും സംഭവിക്കാത്തതുപോലെ ചിത്രീകരണം തുടരുന്ന മനുഷ്യത്വരഹിതമായ സാഹചര്യം ബോളിവുഡിലുണ്ടെന്ന് നടിയും സിനി ആൻഡ് ടി.വി ആർട്ടിസ്റ്റ്‌സ് അസോസിയേഷൻ (സിന്റ) പ്രസിഡന്റുമായ ഉപാസന സിങ്. മരിച്ചയാളുടെ മൃതദേഹം സെറ്റിന്റെ ഒരു വശത്തേക്ക് മാറ്റിയിട്ടശേഷം ബാക്കിയുള്ളവരോട് ഷൂട്ടിങ് തുടരാൻ നിർമാതാക്കൾ ആവശ്യപ്പെടുന്ന ഞെട്ടിക്കുന്ന അനുഭവങ്ങൾ താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി. അങ്കുർ സിങ്ങിന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഉപാസന സിനിമാ-ടെലിവിഷൻ മേഖലയുടെ ഇരുണ്ട വശങ്ങൾ തുറന്നുപറഞ്ഞത്.

വലിയ തോതിൽ പണം മുടക്കുന്ന മേഖലയായതിനാൽ നിർമാതാക്കളുടെ പ്രതിദിന ചെലവ് വളരെ വലുതാണെന്ന് ഉപാസന ചൂണ്ടിക്കാട്ടി. ഉയരത്തിലുള്ള ട്രസ്സുകളിൽ കടുത്ത ചൂട് സഹിച്ച് ജോലി ചെയ്യുന്ന ലൈറ്റ്മാന്മാർ താഴെ വീണ് മരിക്കുന്ന സംഭവങ്ങൾ നേരിട്ട് കണ്ടിട്ടുണ്ട്. അണിയറപ്രവർത്തകൻ സെറ്റിൽ കുഴഞ്ഞുവീണ് മരിച്ചിട്ടും ചിത്രീകരണം നിർത്തിവെക്കാതെ മൃതദേഹം ഒരു വശത്തേക്ക് മാറ്റിക്കിടത്തി ഷൂട്ടിങ് തുടർന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. ഒരു നടൻ പെട്ടെന്ന് മരിച്ചാൽ പോലും തൊട്ടടുത്ത ദിവസം തന്നെ പകരക്കാരനെ കൊണ്ടുവരും. സംപ്രേഷണ കരാറുകൾ പാലിക്കേണ്ടതുണ്ടെങ്കിലും, ഒരു വ്യവസായമെന്ന നിലയിൽ നമ്മൾ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും മനുഷ്യത്വം പൂർണമായും നഷ്ടമായോ എന്നും അവർ ചോദിച്ചു.

ടെലിവിഷൻ റിയാലിറ്റി ഷോകളിലെ ടി.ആർ.പിക്ക് വേണ്ടിയുള്ള ക്രൂരതകളെക്കുറിച്ചും ഉപാസന തുറന്നടിച്ചു. ഒരു കോമഡി റിയാലിറ്റി ഷോയ്ക്കിടെ മത്സരാർഥി തളർന്നുവീണപ്പോൾ അയാളെ വാനിലേക്ക് മാറ്റിയെങ്കിലും ഡോക്ടറെ വിളിക്കാനോ പ്രാഥമിക ശുശ്രൂഷ നൽകാനോ നിർമാതാവ് തയ്യാറായില്ല. പകരം, അവശനായ ആ മത്സരാർഥിയെ ക്യാമറയിൽ പകർത്താനാണ് നിർദേശിച്ചത്. അയാൾക്ക് ഭക്ഷണമോ ജ്യൂസോ നൽകുന്നതിന് പകരം വിശപ്പ് കാരണമാണോ തളർന്നുവീണതെന്ന് ചോദിച്ച് അത് ഷൂട്ട് ചെയ്യാനായിരുന്നു അണിയറപ്രവർത്തകർക്ക് താത്പര്യം. ടി.ആർ.പി കൂട്ടുന്നതിൽ മാത്രമാണ് എല്ലാവർക്കും ശ്രദ്ധയെന്നും ആ കുട്ടിയുടെ മാതാപിതാക്കളെക്കുറിച്ചോ ജീവനെക്കുറിച്ചോ ആരും ചിന്തിക്കുന്നില്ലെന്നും ഉപാസന വിമർശിച്ചു.

1997-ൽ പുറത്തിറങ്ങിയ ‘ജുദായ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഉപാസന സിങ് ‘സർഫറോഷ്’, ‘ഇഷ്‌ക് വിഷ്‌ക്’, ‘ഹംഗാമ’, ‘ഗോൽമാൽ റിട്ടേൺസ്’ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ‘കോമഡി നൈറ്റ്‌സ് വിത്ത് കപിൽ’ എന്ന പരിപാടിയിലെ ‘പിങ്കി ബുവ’ എന്ന കഥാപാത്രം ഇവരെ ഏറെ ജനപ്രിയയാക്കി.

ഉപാസനയുടെ വാക്കുകൾ

“വലിയ തോതിൽ പണം മുടക്കുന്ന മേഖലയാണ് സിനിമാ വ്യവസായം. ഒരു നിർമാതാവിന്റെ പ്രതിദിന ചെലവ് വളരെ വലുതാണ്. ഉയരത്തിലുള്ള ട്രസ്സുകളിൽ നിന്ന് ലൈറ്റുകൾ പ്രവർത്തിപ്പിക്കുന്ന ലൈറ്റ്മാന്മാരെ ഞാൻ കണ്ടിട്ടുണ്ട്. അവിടെ കടുത്ത ചൂടായിരിക്കും; ചിലപ്പോൾ ആരെങ്കിലും താഴെ വീഴും. ആളുകൾ മരിക്കുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. അവരെ ഒരു വശത്തേക്ക് മാറ്റിക്കിടത്തിയശേഷം ഷൂട്ടിങ് തടസ്സമില്ലാതെ തുടരും. സെറ്റിൽ അണിയറപ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചിട്ടും ചിത്രീകരണം നിർത്തിവെക്കാത്ത അനുഭവം എനിക്കുണ്ടായിട്ടുണ്ട്.

ഒരു നടൻ പെട്ടെന്ന് മരിച്ചാൽ പോലും തൊട്ടടുത്ത ദിവസം തന്നെ പകരക്കാരനെ കൊണ്ടുവരും. ഷോ മുന്നോട്ട് പോകണമെന്നും സംപ്രേഷണ കരാറുകൾ പാലിക്കേണ്ടതുണ്ടെന്നും എനിക്കറിയാം. പക്ഷേ, ചില സംഭവങ്ങൾ നമ്മുടെ ഹൃദയത്തെ വല്ലാതെ മുറിവേൽപ്പിക്കും. ഒരു വ്യവസായമെന്ന നിലയിൽ നമ്മൾ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? നമുക്ക് മനുഷ്യത്വം പൂർണമായും നഷ്ടമായോ?

ഒരിക്കൽ ഒരു കോമഡി റിയാലിറ്റി ഷോയ്ക്കിടെ മത്സരാർഥി കുഴഞ്ഞുവീഴുകയും അയാളെ ഉടനെ വാനിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ഒരു ഡോക്ടറെ വിളിക്കാനോ ഒ.ആർ.എസ് നൽകാനോ ആവശ്യപ്പെടുന്നതിന് പകരം, അവശനായ ആ മത്സരാർഥിയെ ക്യാമറയിൽ പകർത്താനാണ് നിർമാതാവ് നിർദേശിച്ചത്. അയാൾക്ക് ഭക്ഷണമോ ജ്യൂസോ നൽകുന്നതിന് പകരം, വിശപ്പ് കാരണമാണോ തളർന്നുവീണതെന്ന് ചോദിച്ച് അത് ഷൂട്ട് ചെയ്യാനായിരുന്നു അണിയറപ്രവർത്തകർക്ക് താത്പര്യം.

അന്ന് എനിക്ക് വല്ലാത്ത വിഷമം തോന്നി. മനുഷ്യത്വം പോലും മറന്ന് നമ്മൾ ഇത്രയധികം തരംതാഴ്ന്നുപോയോ എന്ന് ഞാൻ ചിന്തിച്ചു. ടി.ആർ.പി കൂട്ടുന്നതിൽ മാത്രമാണ് നമുക്ക് ശ്രദ്ധ; ആ കുട്ടിയുടെ മാതാപിതാക്കളെക്കുറിച്ചോ, അയാൾക്ക് എന്തെങ്കിലും സംഭവിച്ചാലോ എന്നതിനെക്കുറിച്ചോ ആരും ചിന്തിക്കുന്നില്ല.”