
‘പ്രേമലു 2’ ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട് സംവിധായകൻ ഗിരീഷ് എ.ഡിയുമായി അകൽച്ചയിലാണെന്ന അഭ്യൂഹങ്ങൾക്കിടെ, വിഷയത്തിൽ പരോക്ഷമായി പ്രതികരിച്ച് നടൻ നസ്ലെൻ. പുതിയ ചിത്രമായ ‘ബാച്ചിലർ പാർട്ടി 2’-ന്റെ പ്രൊമോഷൻ അഭിമുഖത്തിനിടെ നടൻ കുഞ്ചാക്കോ ബോബന്റെ തമാശയ്ക്ക് നസ്ലെൻ നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
‘തണ്ണീർ മത്തൻ ദിനങ്ങളുടെ’ സമയത്ത് മുൻപ് അഭിമുഖം നടത്തിയിരുന്നതായി അവതാരക ഓർമ്മിപ്പിച്ചപ്പോൾ തനിക്കത് ഓർമ്മയില്ലെന്ന് നസ്ലെൻ പറഞ്ഞിരുന്നു. ഇതോടെ, ‘വന്ന വഴിയൊക്കെ മറന്നു’ എന്ന് കുഞ്ചാക്കോ ബോബൻ തമാശരൂപേണ പ്രതികരിച്ചു. ‘അങ്ങനെ പറയല്ലേ, ആ ചീത്തപ്പേര് ഇപ്പോൾത്തന്നെ ഉണ്ട്’ എന്നായിരുന്നു പൊട്ടിച്ചിരിച്ചുകൊണ്ടുള്ള നസ്ലെന്റെ മറുപടി. തന്നെ താരമാക്കിയ ഗിരീഷ് എ.ഡിയുടെ പ്രോജക്റ്റിൽ നിന്നും പിന്മാറിയതിനെതിരെ ഉയർന്ന വിമർശനങ്ങളെയാണ് നസ്ലെൻ ഇതിലൂടെ സൂചിപ്പിച്ചതെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
അതേസമയം, വിവാദങ്ങൾക്കിടയിലും കരിയറിൽ വലിയ നേട്ടങ്ങളാണ് നസ്ലെൻ സ്വന്തമാക്കുന്നത്. സൂര്യയുടെ വില്ലനായി തമിഴിൽ അരങ്ങേറ്റം കുറിച്ച ‘സീൻ’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ താരം മികച്ച പ്രശംസ നേടിക്കഴിഞ്ഞു. ‘പ്രേമലു’വിന്റെ വൻ വിജയത്തിന് ശേഷം ‘ആലപ്പുഴ ജിംഖാന’, ‘മോളിവുഡ് ടൈംസ്’ എന്നീ ചിത്രങ്ങളിലൂടെയും നസ്ലെൻ തന്റെ സ്ഥാനം ഉറപ്പിച്ചിരുന്നു.