
ബിഗ് ബോസ് മലയാളം സീസൺ 8-ൽ രാഹുൽ ഈശ്വർ തൻ്റെ ഗെയിം സ്ട്രാറ്റജിയിലൂടെ ഇതിനകം തന്നെ വിജയം നേടി കഴിഞ്ഞതായി ഭാര്യ ദീപ രാഹുൽ ഈശ്വർ. “നേര്, നീതി, നന്മ” എന്ന ആശയത്തിൽ ഉറച്ചുനിന്ന് ബിഗ് ബോസ് ചരിത്രത്തിൽ ഇന്നുവരെ ആരും സ്വീകരിക്കാത്ത തന്ത്രമാണ് രാഹുൽ പയറ്റിയതെന്ന് ദീപ വ്യക്തമാക്കി.
ആദ്യ ദിവസം അവതാരകനായ മോഹൻലാലിനോട് വ്യക്തമാക്കിയ അതേ നിലപാടിൽത്തന്നെ യാതൊരു മാറ്റവുമില്ലാതെയാണ് രാഹുൽ മത്സരത്തിൻ്റെ 80-ാം ദിവസത്തിലേക്ക് അടുക്കുന്നതെന്നും അവർ ചൂണ്ടിക്കാണിച്ചു. ഇത്രയും നാൾ ഈ നിലപാടിൽ ഉറച്ചുനിന്ന് ഗെയിമിൽ മുന്നേറാൻ സാധിച്ചതിൽ വലിയ അഭിമാനമുണ്ടെന്നും, ഈയൊരു തീമിൽ ഇത്രയും ദിവസങ്ങൾ പിന്നിടുക എന്നത് തന്നെ തങ്ങളെ സംബന്ധിച്ച് വലിയൊരു വിജയമാണെന്നും ‘ന്യൂസ് ടുഡേ’ക്ക് നൽകിയ അഭിമുഖത്തിൽ ദീപ കൂട്ടിച്ചേർത്തു.
ദീപയുടെ വാക്കുകൾ
“ശരിക്കും എനിക്ക് ഭയങ്കര അഭിമാനം തോന്നുന്നു. എനിക്ക് തോന്നുന്നു ബിഗ് ബോസ് ചരിത്രത്തിൽ ഒരു ഭാഷയിലും ഇങ്ങനെയൊരു സ്ട്രാറ്റജി അല്ലെങ്കിൽ ഈ ഒരു തീമിലൂടെ ഒരു മൽസരാർത്ഥി വന്നിട്ടുണ്ടാവില്ല. ആദ്യത്തെ ദിവസം തന്നെ ലാലേട്ടനോട് പറഞ്ഞതുപോലെ നേര് നീതി നന്മ എന്നതായിരുന്നു സ്ട്രാറ്റജി. ഇതിൽ ഉറച്ചു തന്നെ മത്സരിക്കും എന്നുള്ളത് തന്നെയായിരുന്നു ആദ്യത്തെ ദിവസം മുതലേ രാഹുലേട്ടൻ തീരുമാനിച്ചത്. അതിനു മുൻപേ തന്നെ അത് തീരുമാനിച്ചതായിരുന്നു. പക്ഷേ അത് എത്ര നാൾ അങ്ങനെ മുൻപോട്ട് പോകാൻ പറ്റുമെന്ന് എല്ലാവർക്കും സംശയമുണ്ടായിരുന്നു. പന്ത്രണ്ടാമത്തെ ആഴ്ച വരെ ആള് സേഫ് ആയിരുന്നു. ഇപ്പോൾ മത്സരം ഏകദേശം 80-ാം ദിവസത്തിലേക്ക് എത്തുകയാണ്. എനിക്ക് തോന്നുന്നു ബിഗ് ബോസിന്റെ ചരിത്രത്തിൽ ഇത്രത്തോളം ഫെയർ ആയിട്ട് എല്ലാത്തിലും, അതായത് നീതി, സമാധാനം, ഇങ്ങനെയൊരു തീമോട് കൂടി 80 ദിവസത്തിനടുപ്പിച്ച് ഒരു മത്സരാർത്ഥിക്ക് എത്താൻ പറ്റുന്നുണ്ടെങ്കിൽ എന്റെ കാഴ്ചപ്പാടിൽ രാഹുലേട്ടൻ ഇപ്പോൾ തന്നെ ജയിച്ച പോലെയാണ് എനിക്ക്.”