ബജറ്റ് താളം തെറ്റി; അവസാന ഗഡു പ്രതിഫലം ഒഴിവാക്കി പൃഥ്വിരാജ്: വെളിപ്പെടുത്തലുമായി രഞ്ജിത് ശങ്കർ

','

' ); } ?>

ചലച്ചിത്രമേഖലയില്‍ താരങ്ങളുടെ പ്രതിഫലക്കെടുത്തികള്‍ ചര്‍ച്ചയാകുമ്പോള്‍, നടന്‍ പൃഥ്വിരാജുമായുള്ള തന്റെ പഴയൊരു അനുഭവം പങ്കുവെച്ച് സംവിധായകന്‍ രഞ്ജിത് ശങ്കര്‍ രംഗത്ത്. ‘അര്‍ജുനന്‍ സാക്ഷി’ എന്ന സിനിമയുടെ ചിത്രീകരണവേളയില്‍ ബജറ്റ് താളം തെറ്റിയപ്പോള്‍ ലക്ഷക്കണക്കിന് രൂപയുടെ അവസാന ഗഡു പ്രതിഫലം വേണ്ടെന്ന് വെക്കാന്‍ പൃഥ്വിരാജ് തയാറായെന്നാണ് രഞ്ജിത് ശങ്കര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

2011-ല്‍ പുറത്തിറങ്ങിയ ‘അര്‍ജുനന്‍ സാക്ഷി’ എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്ന സമയത്താണ് സംഭവം. സിനിമയുടെ നിര്‍മാതാവായ എസ്. സുന്ദരരാജനോടൊപ്പം പൃഥ്വിരാജിന്റെ ഫ്‌ലാറ്റില്‍ ചെന്ന് പ്രതിഫലത്തുകയില്‍ നിന്നും കുറയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ സംവിധായകന്‍ എന്ന നിലയില്‍ തനിക്ക് പോകേണ്ടി വന്നതായി രഞ്ജിത് ശങ്കര്‍ പറയുന്നു.

നിര്‍മാതാവ് പണം നല്‍കാന്‍ പൂര്‍ണമായും തയ്യാറായിരുന്നെങ്കിലും സിനിമയുടെ ബജറ്റ് വിചാരിച്ചതിലും അധികമായതിനാല്‍ തുക കുറയ്ക്കണമെന്ന് താന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു. എന്നാല്‍ ഒട്ടേറെ നിര്‍മാതാക്കള്‍ക്ക് തലവേദനയാകുന്ന രീതിയില്‍ നിന്നും വിഭിന്നമായി, തനിക്ക് ഈ സിനിമ വളരെ ഇഷ്ടപ്പെട്ടതിനാല്‍ അവസാന ഗഡു പ്രതിഫലം പൂര്‍ണ്ണമായും ഒഴിവാക്കിത്തരാമെന്നാണ് പൃഥ്വിരാജ് അപ്പോള്‍ മറുപടി നല്‍കിയത്. താരത്തിന്റെ ഈ അപ്രതീക്ഷിത തീരുമാനം നിര്‍മാതാവിനെപ്പോലും അത്ഭുതപ്പെടുത്തിയെന്നും തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെ രഞ്ജിത് ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

ശങ്കറിന്റെ വാക്കുകൾ

”അര്‍ജുനന്‍ സാക്ഷിയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുകയാണ്. അതിനിടയില്‍ നിര്‍മാതാവയ സുന്ദരരാജന്‍ ചേട്ടന്‍ എന്നെ വിളിച്ചു. എന്റെ കൂടെ പൃഥ്വിരാജിനെ കാണാന്‍ വരണം. അദ്ദേഹത്തിന്റെ ഫൈനല്‍ സെറ്റില്‍മെന്റാണ്. അദ്ദേഹത്തോട് എന്തെങ്കിലും പൈസ കുറയ്ക്കാമോ എന്ന് സംസാരിക്കണം. ചെയ്ത് പരിചയമുള്ള കാര്യമല്ല, എന്നാലും അദ്ദേഹം അത് പറയുമ്പോള്‍, നമുക്ക് ഇഷ്ടമുള്ള സിനിമയുണ്ടാക്കാന്‍ സഹായിച്ചയാളാണ്. തീര്‍ച്ചയായും വരാമെന്ന് പറഞ്ഞു.

അവസാനത്തെ പെയ്‌മെന്റ് കുറച്ച് വലിയൊരു തുകയുണ്ട്. അതില്‍ വലിയൊരു ശതമാനവും കൊടുക്കാന്‍ അദ്ദേഹം തയ്യാറാണ്. മുഴുവന്‍ കൊടുക്കാനും തയ്യാറാണ്. അത് സമ്മതിച്ചിട്ടാണല്ലോ തുടങ്ങുന്നത്. കുറേ പൈസ കൊണ്ടു വന്നിട്ടുണ്ട്. ഇനിയും വേണ്ടി വരുമെന്ന് എടിഎമ്മില്‍ നിന്നും എടുക്കുകയും ചെയ്തു. എന്നിട്ടൊക്കെയാണ് പൃഥ്വിയുടെ ഫ്‌ളാറ്റില്‍ പോകുന്നത്.

സംസാരിച്ചു കൊണ്ടിരിക്കെ ഞാന്‍ പറഞ്ഞു, നമ്മളെ സിനിമയെടുക്കാന്‍ സഹായിച്ച ആളല്ലേ, ബജറ്റ് നമ്മള്‍ വിചാരിച്ചതിലും കൂടിപ്പോയി. താങ്കള്‍ പ്രതിഫലം കുറച്ചാല്‍ അദ്ദേഹത്തിന് ഉപകാരമായിരിക്കും. പൃഥ്വി പെട്ടെന്നു പറഞ്ഞത് എനിക്ക് ഈ പ്രതിഫലം മൊത്തത്തില്‍ വേണ്ട എന്നായിരുന്നു. എനിക്കിത് വളരെ ഇഷ്ടപ്പെട്ട സിനിമയാണ്. അതിനാല്‍ അവസാനത്തെ പ്രതിഫലം വേണ്ട. അത് സുന്ദരരാജന്‍ ചേട്ടന് പോലും സര്‍പ്രൈസായിപ്പോയി.”