
മലയാള സിനിമയിലെ യുവതാരനിരയുടെ വൈവിധ്യത്തെയും മികവിനെയും പ്രശംസിച്ച് തമിഴ് സംവിധായകനും നടനുമായ രാജ കറുപ്പസ്വാമി. മലയാളത്തിൽ എല്ലാ പ്രായപരിധിയിലുമുള്ള കഥാപാത്രങ്ങൾക്കും അനുയോജ്യരായ നായകന്മാരുണ്ടെന്നും, നസ്‌ലെൻ, സന്ദീപ്, ഹാഷിർ, സംഗീത് പ്രതാപ് തുടങ്ങിയ യുവതാരങ്ങളുടെ നിര മലയാള സിനിമയ്ക്ക് വലിയ കരുത്താണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തമിഴ് സിനിമയിൽ 20-നും 30-നും ഇടയിൽ പ്രായമുള്ള യുവനായകന്മാരുടെ വലിയ കുറവുണ്ടെന്ന് രാജ കറുപ്പസ്വാമി ചൂണ്ടിക്കാട്ടി. നിലവിൽ കെൻ കരുണാസും അഭിഷൻ ജീവന്തും മാത്രമാണ് ആ പ്രായപരിധിയിൽ ശ്രദ്ധേയരായുള്ളതെന്നും, മികച്ച പല കഥകളും അനുയോജ്യരായ നടന്മാരില്ലാത്തതിനാൽ തമിഴിൽ മാറ്റിവയ്ക്കപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ‘മൊതരാത്രി’, ‘ഡൊറത്തി’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഋഷികാന്ത്, സനന്ത് എന്നിവരുടെ വരവ് തമിഴ് സിനിമയിൽ പുതിയ സാധ്യതകൾ തുറക്കുമെന്നും, ഇവർക്കായി ഇനി മികച്ച കഥകൾ എഴുതപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷത്തെ ഏറ്റവും മികച്ച കാര്യമായി താൻ കാണുന്നത് ഇവർ ഇരുവരും ആഘോഷിക്കപ്പെടുന്നതിനെയാണെന്നും രാജ വ്യക്തമാക്കി.
ഋഷികാന്തിനെയും മലയാളി താരം അനിഷ്മ അനിൽകുമാറിനെയും പ്രധാന കഥാപാത്രങ്ങളാക്കി രാജ കറുപ്പസ്വാമി സംവിധാനം ചെയ്ത ‘മൊതരാത്രി’ ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
രാജയുടെ വാക്കുകൾ
”തമിഴ് സിനിമ ഋഷികാന്തിനേയും സനന്തിനേയും അര്‍ഹിക്കുന്നുണ്ട്. വേറേയും അഭിനേതാക്കളുണ്ട്. ഈ രണ്ട് പേരേയും ലഭിച്ചത് കാരണം തമിഴ് സിനിമയില്‍ ധാരാളം കഥകള്‍ അതിന് പറ്റിയ നടന്മാരില്ലാതെ കിടക്കുകയായിരുന്നു. മലയാളം സിനിമയിലേക്ക് നോക്കിയാല്‍ ഇവിടെ എല്ല തലത്തിലും പത്ത് പേരെ വച്ചിട്ടുണ്ട്. എല്ലാത്തിനുമുള്ള ഹീറോസുണ്ട്. ഇവിടെ നസ്‌ലെന്‍ ഉണ്ട്, സന്ദീപ് ഉണ്ട്, ഹാഷിര്‍ ഉണ്ട്, സംഗീത് പ്രതാപുണ്ട്. പക്ഷെ അവിടെ 20-30 ന് ഇടയിലുള്ള നടന്മാര്‍ കുറവാണ്. കെന്നും അഭിഷന്‍ ജീവന്തുമാണുള്ളത് ആ ഏജ് ക്യാറ്റഗറിയിലുള്ളത്. ഇപ്പോള്‍ ഋഷി അണ്ണനും സനന്തും വന്നതോടെ അവര്‍ക്കായുള്ള കഥകള്‍ വരും. ഈ വര്‍ഷത്തെ ഏറ്റവും മികച്ചതായി ഞാന്‍ കാണുന്നത് ഇവര്‍ രണ്ടു പേരേയും ആഘോഷിക്കുന്നതാണ്.”