
സംഗീതത്തിന് വിഷാദത്തെയും ഇരുളിനെയും അകറ്റാനാകുമെന്ന് തെളിയിക്കുന്ന അനുഭവവുമായി നടി ശ്രുതി രജനീകാന്ത്. കടുത്ത വിഷാദകാലത്ത് ജീവിതത്തിലേക്ക് തിരികെ വരാനും സമാധാനമായി ഉറങ്ങാനും തനിക്ക് തുണയായത് ഗായിക അഞ്ജു ജോസഫിന്റെ ഒരു പാട്ടാണെന്ന് ശ്രുതി വ്യക്തമാക്കി. തന്റ ഇൻസ്റ്റഗ്രാം പേജിൽ അഞ്ജുവിനും ഭർത്താവ് ആദിത്യയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്.
2019 മുതൽ അഞ്ജുവിനെ നേരിൽ കാണാൻ ആഗ്രഹിച്ചിരുന്നെങ്കിലും, യാദൃശ്ചികമായി കണ്ടുമുട്ടിയപ്പോൾ ഈ സ്നേഹം നേരിട്ട് പറയാൻ സാധിക്കാത്തതിന്റെ വിഷമവും കുറിപ്പിലുണ്ട്. 2019-ൽ അഞ്ജു പുറത്തിറക്കിയ ‘മേലെ മേലെ മാനം’ എന്ന കവർ സോങ് ആണ് തന്റെ പ്രതിസന്ധിഘട്ടത്തിൽ വലിയൊരു ആശ്വാസമായതെന്നും ആ പാട്ടിനോട് എക്കാലവും കടപ്പെട്ടിരിക്കുമെന്നും ശ്രുതി കുറിച്ചു. ഇപ്പോഴും ആ പാട്ട് കേൾക്കുമ്പോൾ മനസ്സിന് വലിയൊരു സുഖം ലഭിക്കാറുണ്ടെന്നും താരം പറയുന്നു.
ശ്രുതിയുടെ സംരംഭമായ ‘ദി പെർഫ്യൂം പ്രൊജക്ടിൽ’ സന്ദർശകരായാണ് അഞ്ജു ജോസഫും ഭർത്താവ് ആദിത്യയും എത്തിയത്. അഞ്ജുവിനൊപ്പം ആദിത്യയോടുള്ള സ്നേഹവും ശ്രുതി പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്. ഇരുവരും വിവാഹിതരായി ഒന്നിച്ച് ജീവിക്കുന്നത് കാണുമ്പോൾ തന്റെ ഉള്ളിലെന്തോ ഒന്ന് സുഖപ്പെടുന്നതായി തോന്നാറുണ്ടെന്നും ഇരുവർക്കും എല്ലാവിധ നന്മകളും നേരുന്നുവെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. ശ്രുതിയുടെ ഈ ഹൃദ്യമായ കുറിപ്പിന് താഴെ കമന്റുമായി ഗായിക അഞ്ജു ജോസഫും എത്തിയിട്ടുണ്ട്.
ശ്രുതിയുടെ വാക്കുകൾ;
”2019 മുതല്‍ നിങ്ങളെ ഒന്ന് നേരിട്ട് കാണാന്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ അവസാനം നേരിട്ട് കണ്ടപ്പോൾ എന്തിനാണ് കാണാന്‍ ആഗ്രഹിച്ചതെന്ന് പറയാന്‍ ഞാന്‍ മറന്നുപോയി. നിങ്ങളൊരു ഗായികയായതിലും നിങ്ങളുടെ ശബ്ദം എന്നെ സമാധാനത്തോടെ ഉറങ്ങാന്‍ സഹായിച്ചതിലും ഞാന്‍ എത്രത്തോളം കടപ്പെട്ടിരിക്കുന്നു എന്ന് നിങ്ങളെ അറിയിക്കാന്‍ വേണ്ടിയായിരുന്നു അത്. ആ സമയത്ത് ഞാന്‍ കടുത്ത വിഷാദരോഗത്തിലൂടെ കടന്നുപോവുകയായിരുന്നു. 2019-ല്‍ അഞ്ജു പുറത്തിറക്കിയ ‘മേലെ മേലെ മാനം’ എന്ന കവര്‍ സോങ് ആണ് എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും സമാധാനമായി ഉറങ്ങാനും സഹായിച്ചത്. ആ പാട്ടിനോട് എനിക്ക് എന്നും കടപ്പാടുണ്ട്. ഇപ്പോഴും അത് കേള്‍ക്കുമ്പോള്‍ ഉള്ളിലെന്തോ ഒന്ന് സുഖപ്പെടുന്നതായി തോന്നും. നമ്മള് കണ്ടുമുട്ടിയപ്പോള്‍ എനിക്ക് നേരിട്ട് ഇത് പറയാന്‍ കഴിഞ്ഞില്ല, എങ്കിലും വളരെ നന്ദി.
പിന്നെ ആദിത്യ ചേട്ടാ, അഞ്ജുവിലൂടെ മാത്രമാണ് എനിക്ക് ചേട്ടനെ അറിയാവുന്നത്. നിങ്ങളിരുവരും വിവാഹിതരായി ഒരുമിച്ച് ജീവിക്കുന്നത് കണ്ടപ്പോള്‍ എന്റെ ഉള്ളിലെ എന്തോ ഒന്ന് സുഖപ്പെട്ടു. നിങ്ങള്‍ രണ്ടുപേര്‍ക്കും എല്ലാവിധ നന്മകളും ഉണ്ടാകട്ടെ.”