‘എനിക്ക് നിന്നെ വിശ്വാസമാണ്’; പിറന്നാളാശംസയ്ക്ക് പിന്നാലെ നാദിർഷയ്ക്ക് സൈബർ ആക്രമണം

','

' ); } ?>

നടൻ ദിലീപിന് പിറന്നാൾ ആശംസകൾ നേർന്ന് ഫേസ്ബുക്കിൽ കുറിപ്പിട്ട സംവിധായകനും നടനുമായ നാദിർഷയ്ക്ക് നേരെ രൂക്ഷമായ സൈബർ ആക്രമണം. വിമർശനം ശക്തമായതോടെ ആദ്യമിട്ട കുറിപ്പ് നാദിർഷ തിരുത്തുകയും കമന്റ് ബോക്സ് പൂട്ടിയിടുകയും ചെയ്തു.

പതിനാറാം വയസ്സിൽ തുടങ്ങിയ സൗഹൃദത്തെക്കുറിച്ചും ദിലീപിലുള്ള പരിപൂർണ വിശ്വാസത്തെക്കുറിച്ചും വ്യക്തമാക്കിക്കൊണ്ടായിരുന്നു നാദിർഷയുടെ ആദ്യ പോസ്റ്റ്. “എനിക്ക് നിന്നെ പരിപൂർണ വിശ്വാസമാണ്, അതുകൊണ്ട് ഞാൻ നിന്റെ കൂടെ നിൽക്കുന്നു, അന്നും ഇന്നും ഇനി എന്നും. പിറന്നാൾ ആശംസകൾ പ്രിയപ്പെട്ട നൻപാ” എന്നായിരുന്നു ആദ്യ കുറിപ്പിലെ വരികൾ. എന്നാൽ ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം ഉയർന്നതോടെ, ദിലീപിന് പിന്തുണ പ്രഖ്യാപിച്ച ഭാഗങ്ങൾ നീക്കം ചെയ്തു. തുടർന്ന് സൗഹൃദവും പിറന്നാൾ ആശംസയും മാത്രം നിലനിർത്തി കുറിപ്പ് ചുരുക്കുകയായിരുന്നു.

കേസിലെ പ്രതിയായ വ്യക്തിയെ പരസ്യമായി പിന്തുണച്ചതാണ് ജനരോഷത്തിന് കാരണമായത്. “സൗഹൃദം വെച്ച് ഒരാളുടെ നിഗൂഢ മനസ്സ് അളക്കാൻ കഴിയില്ല”, “കൂട്ടുകെട്ട് ശരിയല്ല” എന്നിങ്ങനെ ശക്തമായ വിമർശനങ്ങളാണ് കമന്റ് ബോക്സിൽ ഉയർന്നത്. 1990-കളിൽ മഹാരാജാസ് കോളേജിൽ വെച്ച് തുടങ്ങിയ ഇവരുടെ സൗഹൃദം പിന്നീട് കലാഭവനിലൂടെയും ‘ദേ മാവേലി കൊമ്പത്ത്’ എന്ന ഓഡിയോ കാസറ്റ് പരമ്പരയിലൂടെയുമാണ് ജനപ്രിയ കൂട്ടുകെട്ടായി മാറിയത്.