
ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തിയ ‘ടൈറ്റൻസ്’ തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടി മുന്നേറുമ്പോൾ, വൈകാരിക കുറിപ്പുമായി സംവിധായകൻ പ്രിൻസ് ജോയ്. ചിത്രം തിയേറ്ററുകളിൽ നിന്ന് മാറ്റുന്നതിന് മുൻപ് പ്രേക്ഷകർ തിയേറ്ററിൽ തന്നെ പോയി കാണണമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചു. തന്റേത് ഒരു മോശം സിനിമയല്ലെന്ന ഉറച്ച ബോധ്യമുണ്ടെന്നും, മലയാളത്തിലെ കൾട്ട് ക്ലാസിക് ആണെന്ന് അവകാശപ്പെടുന്നില്ലെങ്കിലും തിയേറ്റർ കാഴ്ച അനുഭവത്തിനായി നിർമ്മിച്ച ചിത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ഫാന്റസിക്കും റിയാലിറ്റിക്കും ഇടയിൽ നിന്നുകൊണ്ട്, ഗ്രൗണ്ടഡ് പശ്ചാത്തലത്തിൽ ചിട്ടപ്പെടുത്തിയ തിരക്കഥയാണ് ചിത്രത്തിന്റേതെന്ന് പ്രിൻസ് ജോയ് കുറിച്ചു. അടുത്ത വാരാന്ത്യത്തിൽ കാണാമെന്ന് കരുതിയിരിക്കുന്നവരും, ഫാന്റസി-എക്സ്പെരിമെന്റ് സിനിമകളെയും യുക്തിരഹിത തമാശകളെയും ഇഷ്ടപ്പെടുന്നവരും ചിത്രം ഒ.ടി.ടിക്ക് കാത്തുനിൽക്കാതെ തിയേറ്ററുകളിൽ തന്നെ കാണണമെന്നാണ് സംവിധായകന്റെ ആഹ്വാനം. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിച്ച എല്ലാ അഭിപ്രായങ്ങളെയും മാറ്റത്തിന്റെ വഴികളായി സ്വീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്യാങ്സ്റ്റർ-കോമഡി-ഫാന്റസി പ്രമേയത്തിൽ ഒരുങ്ങിയ ചിത്രത്തിൽ ആന്റണി യക്കൂസയായി ജയസൂര്യയും, യക്കൂസയുടെ കാവൽ മാലാഖയായി വിനായകനുമാണ് വേഷമിട്ടിരിക്കുന്നത്. ഇവരെക്കൂടാതെ മണികണ്ഠൻ ആചാരി, ബേബി ജീൻ, നിഹാൽ നസീം, ഇന്ദ്രൻസ്, സണ്ണി വെയ്ൻ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സംവിധായകന്റെ വാക്കുകൾ
‘ഒരു മോശം സിനിമ അല്ല ചെയ്തതെന്ന ഉറച്ച ബോധ്യത്താലാണ് ഞാന്‍ ഇതെഴുതുന്നത്. എന്ന് കരുതി മലയാളത്തിലെ കള്‍ട്ട് ക്ലാസ്സിക് സിനിമയാണ് ടൈറ്റന്‍സ് എന്നും ഞങ്ങള്‍ പറയുന്നില്ല. ഫാന്റസിക്കും റിയാലിറ്റിക്കും ഇടയില്‍ നിന്നുകൊണ്ടാണ് അതിന്റെ തിരക്കഥയെ ചിട്ടപ്പെടുത്തിയത്. അതിന്റെ പശ്ചാത്തലം ഗ്രൗണ്ടഡ് ആകണം എന്ന നിര്‍ബന്ധവും ഞങ്ങള്‍ക്കുണ്ടായിരുന്നു. നിങ്ങള്‍ തന്ന എല്ലാ നിരൂപണങ്ങളും എന്റെ ടേക്എവേ ആണ്.
ഇതുവരെ സിനിമ കാണാത്തവരോട്, അടുത്ത വീക്കെന്റില്‍ കാണാമെന്ന് കരുതുന്നവരോട്, ഫാന്റസി സിനിമകളെ സ്നേഹിക്കുന്നവരോട്, യുക്തിരഹിത തമാശകള്‍ ഇഷ്ടപ്പെടുന്നവരോട്, എക്സ്പെരിമെന്റ് സിനിമകളെ സ്വാഗതം ചെയ്യുന്നവരോട്, ഒ.ടി.ടി. പ്ലാറ്റ്ഫോമിനല്ല, ആള്‍ക്കൂട്ടത്തിന് വേണ്ടി ചെയ്ത സിനിമയാണ് ടൈറ്റന്‍സ്. കഴിയുമെങ്കില്‍ പടം തിയേറ്ററില്‍ കാണുക, തിയേറ്ററീന്ന് ടൈറ്റന്‍സ് ഇല്ലാതാവും മുന്നേ.’