
സിനിമയിലെ അഭിനയത്തിലൂടെയെന്നപോലെ ചെറുപ്രായത്തിൽ തന്നെ സംരംഭകത്വരംഗത്തും ചുവടുറപ്പിച്ച് ശ്രദ്ധേയനാവുകയാണ് ‘ജയിലർ’ താരം ഋത്വിക് ജ്യോതി രാജ്. പതിമൂന്നുകാരനായ ഋത്വിക് അഭിനയത്തിനൊപ്പം കോഡിങ്ങിലും റോബോട്ടിക്സിലുമുള്ള തന്റെ താല്പര്യം മുൻനിർത്തി സ്വന്തമായി ഒരു വെബ്സൈറ്റും ബിസിനസും ആരംഭിച്ചിരിക്കുകയാണ്. കൂട്ടുകാരുമൊത്തുള്ള വീഡിയോ കോളുകൾ ബോറടിച്ചപ്പോഴാണ് ഒരു വെബ്സൈറ്റ് തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചതെന്നും, പൈത്തൺ അടക്കമുള്ള കോഡിങ് ഭാഷകളിലുള്ള അറിവ് ഇതിനായി പ്രയോജനപ്പെടുത്തുകയായിരുന്നുവെന്നും താരം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.
നിലവിൽ വെബ്സൈറ്റ് വഴി ഉൽപ്പന്നങ്ങളുടെ വിൽപ്പനയും വിവിധ കോഴ്സുകളും നൽകിവരുന്നുണ്ട്. അഞ്ചുപേർ പ്രധാനമായും പ്രവർത്തിക്കുന്ന കമ്പനിയിൽ സഹായികളായി മറ്റു അഞ്ചുപേർ കൂടിയുണ്ട്. കോയമ്പത്തൂർ സ്വദേശിയായ ഋത്വിക് യൂട്യൂബ് വീഡിയോകളിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. രജനികാന്ത് നായകനായെത്തിയ നെൽസൺ ദിലീപ് കുമാർ ചിത്രം ‘ജയിലറി’ൽ കൊച്ചുമകനായി വേഷമിട്ട് പ്രേക്ഷകശ്രദ്ധ നേടിയ ഋത്വിക്, ‘സർദാർ’, ‘ലക്കി ഭാസ്കർ’ തുടങ്ങിയ ദക്ഷിണേന്ത്യൻ സിനിമകളിലും സുപ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്.
ഋത്വിക്കിന്റെ വാക്കുകൾ :
‘വിഡിയോ കോളുകളിൽ സംസാരിച്ചിരുന്ന് ബോറടിച്ചപ്പോഴാണ് ഒരു വെബ്സൈറ്റ് തുടങ്ങിയാലോ എന്ന് ആലോചിക്കുന്നത്. കോഡിങ്ങിനെ കുറിച്ച് കുറച്ച് കാര്യങ്ങൾ അറിയാവുന്നതിനാൽ അതൊന്നു പരീക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. പൈത്തൺ അറിയാം. റോബോട്ടുകളെ ഉണ്ടാക്കാനും അറിയാം.
ഞങ്ങൾ വെബ്സൈറ്റ് വഴി സാധനങ്ങൾ വിൽക്കുന്നുണ്ട്. ചില കോഴ്സുകളും നൽകുന്നുണ്ട്. അഞ്ച് പേരാണ് കമ്പനിയിൽ പ്രധാനമായും ഉള്ളത്. അഞ്ച് പേർ കൂടി ഗ്രൂപ്പിലുണ്ട്. അവരൊന്നും ജോലിക്കാർ അല്ല, സഹായികൾ ആണ്.’