
നടന് ഉണ്ണി മുകുന്ദനുമായുള്ള മുന്‍കാല അഭിപ്രായവ്യത്യാസങ്ങളെയും അടിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകളെയും കുറിച്ച് സംവിധായകന് മേജര്‍ രവി. 24 ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വിവാദങ്ങള്‍ക്ക് മറുപടി നല്‍കിയത്.
താനും ഉണ്ണി മുകുന്ദനും തമ്മില്‍ യാതൊരു പ്രശ്നവുമില്ലെന്നും അത്തരം വാര്‍ത്തകള്‍ വ്യാജമായിരുന്നുവെന്നും മേജര്‍ രവി വ്യക്തമാക്കി. തനിക്കെതിരെയുള്ള ശത്രുക്കളാണ് ഇത്തരം ഗോസിപ്പുകള്‍ പ്രചരിപ്പിച്ചത്. അന്നത്തെ കാലത്ത് ഉണ്ണി മുകുന്ദന് വളര്‍ന്നുവരുന്ന ഒരു താര മാത്രമായിരുന്നുവെന്നും താന്‍ സംവിധായകനാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഒരു ജൂനിയര്‍ താരം സംവിധായകനെ തല്ലി എന്ന് കേള്‍ക്കുമ്പോള്‍ തന്നോട് ശത്രുതയുള്ളവര്‍ക്ക് അതൊരു സന്തോഷമായിരുന്നുവെന്നും മേജര്‍ രവിയുടെ പ്രതികരണത്തില്‍ പറയുന്നു.
എന്നാല്‍ ഈ വിഷയം പിന്നീട് ജോണ്‍ ബ്രിട്ടാസിനോട് സംസാരിച്ചപ്പോള്‍ താന്‍ ഉണ്ണി മുകുന്ദനെ അടിച്ചുവെന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ച കാര്യം മേജര്‍ രവി ചൂണ്ടിക്കാണിച്ചു. താനും അത്തരമൊരു കാര്യം എവിടെയും പറഞ്ഞിട്ടില്ല. പിന്നീട് തന്റെ അറുപതാം പിറന്നാളിന് ഉണ്ണി മുകുന്ദന് നേരിട്ടെത്തുകയും തങ്ങള്‍ അത് ഒരുമിച്ച് ആഘോഷിക്കുകയും ചെയ്തതോടെ ആ വാര്‍ത്തകള്‍ക്കെല്ലാം അവസാനമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജീവിതത്തില്‍ ഈഗോ പ്രശ്നങ്ങള്‍ മുന്നോട്ട് കൊണ്ടുപോയാല്‍ അത് ശത്രുതയിലേക്ക് വഴിമാറുമെന്നും എന്നാല്‍ ഒരു ഫോണ്‍ കോളോ സൗഹൃദപരമായ സംഭാഷണമോ കൊണ്ട് തീര്‍ക്കാവുന്നതേയുള്ളൂ ഇത്തരം കാര്യങ്ങളെന്നും മേജര്‍ രവി അഭിപ്രായപ്പെട്ടു. തനിക്ക് പൊതുവെ ഈഗോ ഇല്ലെങ്കിലും സ്നേഹമുള്ളവരോട് ചിലപ്പോള്‍ ചെറിയ ഈഗോ കാണിക്കാറുണ്ടെന്നും അതൊരു മോശം സ്വഭാവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേജർ രവിയുടെ വാക്കുകൾ;
”അന്ന് ഉണ്ണി മുകുന്ദന് അപ്പ് കമ്മിങ് സ്റ്റാര്‍ മാത്രമായിരുന്നു. ഞാന്‍ സംവിധായകനായിരുന്നു. അങ്ങനെയുള്ള ഒരാള്‍ ഡയറക്ടറെ അടിച്ചുവെന്ന് പറയാന്‍ മാത്രം ശത്രുക്കള്‍ എനിക്ക് അന്നുണ്ട്. ഒരു സുഖം. എന്നാല്‍ ഉണ്ണി മുകുന്ദന് ജോണ്‍ ബ്രിട്ടാസിനോട് പറഞ്ഞത് ഞാന്‍ ഒരിക്കലും അദ്ദേഹത്തെ അടിച്ചുവെന്ന് പറഞ്ഞിട്ടില്ല എന്നാണ്. ഞാനും പറഞ്ഞിട്ടില്ല ഉണ്ണി മുകുന്ദനെ അടിച്ചുവെന്ന്. കശപിശ അത് എന്തോ ആയിക്കോട്ടെ.
താഴെ ഉള്ള ഒരാള്‍ മുകളിലുള്ള ഒരാളെ അടിച്ചുവെന്ന് പറയുമ്പോള്‍, വലിയ ആളോട് ശത്രുതയുള്ളവര്‍ക്ക് ഭയങ്കര സന്തോഷമായിരിക്കും. കമന്റ് ചെയ്യുന്ന മുഖമില്ലാത്ത ആളുകളെ കാണാം. ഇതേ ആളുകള്‍ ആണ് ഇതും പറഞ്ഞു നടന്നത്. ഉണ്ണി മുകുന്ദനും ഞാനുമായിട്ട് ഒരു പ്രശ്നവുമില്ല. ആ പ്രശ്നവുമായി അങ്ങനെ പോയി. പക്ഷെ എന്റെ 60-ാം പിറന്നാളിന് ഉണ്ണി വന്നു. അന്ന് ഞങ്ങള്‍ ആഘോഷിച്ചു. അതോടെ കഴിഞ്ഞു.
ഈഗോ പ്രശ്നങ്ങള്‍ മുന്നോട്ട് കൊണ്ടുപോയാല്‍ ശത്രുതയാകും. നേരെ മറിച്ച് ഒറ്റവിളി, ഹലോ അതോടെ കഴിഞ്ഞു. എനിക്ക് ഈഗോ ഇല്ല. എന്നാല്‍ ചില സമയത്ത് സ്നേഹമുള്ളവരോട് ഈഗോ ഉണ്ടാകാറുണ്ട്. അതൊരു മോശം സ്വഭാവമാണ്.