
മലയാളി നടൻ സുരാജ് വെഞ്ഞാറമൂടിനെ മകന്റെ വിവാഹത്തിലേക്ക് ക്ഷണിച്ച് തമിഴ് നിർമാതാവും വ്യവസായിയുമായ കണ്ണൻ രവി. സുരാജിനെ നേരിൽ കണ്ട് വിവാഹത്തിന് ക്ഷണിക്കുന്നതിന്റെ വീഡിയോ കണ്ണൻ രവി സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. തുറക്കുമ്പോൾ മയിൽപ്പീലി വിരിയുന്ന മനോഹരമായ പെട്ടിക്കുള്ളിലാണ് വിവാഹക്ഷണക്കത്ത് തയ്യാറാക്കിയിരിക്കുന്നത്. കത്തിനുപുറമെ പ്രത്യേക സമ്മാനങ്ങളും ഇതിനൊപ്പം നൽകിയിട്ടുണ്ട്.
കണ്ണൻ രവി കൈമാറിയ കത്ത് തുറന്നുനോക്കിയ സുരാജ്, ഇതുപോലൊരു ക്ഷണക്കത്ത് താൻ മുമ്പ് കണ്ടിട്ടില്ലെന്ന് അദ്ഭുതത്തോടെ പ്രതികരിച്ചു. തമിഴ് ഭാഷയിലാണ് സുരാജ് നിർമാതാവിനോട് സംസാരിച്ചത്. തുടർന്ന് കണ്ണൻ രവിയെ ആശ്ലേഷിച്ച താരം വിവാഹത്തിന് കുടുംബസമേതം എത്താമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
നവംബർ ഒന്നിനാണ് കണ്ണൻ രവിയുടെ മകൻ ദീപക് രവിയുടെ വിവാഹം നടക്കുന്നത്. ഡി.എം.കെ. എം.പി. ഡി.എം. കതിർ ആനന്ദിന്റെ മകളും ഡി.എം.കെ. ജനറൽ സെക്രട്ടറി ദുരൈ മുരുഗന്റെ കൊച്ചുമകളുമായ സെന്താമരൈ ആണ് വധു. ഒക്ടോബർ 28 മുതൽ നാലുദിവസം നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷങ്ങളോടെയാണ് വിവാഹച്ചടങ്ങുകൾ തീരുമാനിച്ചിരിക്കുന്നത്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കണ്ണൻ രവി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനാണ് കണ്ണൻ രവി. ‘തലൈവർ തമ്പി തലമയിൽ (ടി.ടി.ടി)’ ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ നിർമാതാവുകൂടിയാണ് അദ്ദേഹം.