രണ്ടാമത് മാക്ട- രാജഗിരി ഫിലിം ഫെസ്റ്റിവൽ സമാപിച്ചു: അൻസൽ മുഹമ്മദ് മികച്ച സംവിധായകൻ, ‘മട്ടാഞ്ചേരി മാഫിയ’ മികച്ച ചിത്രം

','

' ); } ?>

ചലച്ചിത്ര മേളകളുടെ വിജയത്തിന് പുരോഗമനപരമായ കാഴ്ചപ്പാടാണ് അനിവാര്യമെന്ന് പ്രമുഖ സംവിധായകൻ കമൽ. രണ്ടാമത് മാക്ട- രാജഗിരി ഫിലിം ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരോഗമന കാഴ്ചപ്പാടുള്ള സിനിമകൾ കണ്ട് വളർന്ന പുതിയ തലമുറയാണ് ഇന്ന് മലയാള സിനിമയെ മുന്നോട്ട് നയിക്കുന്നതെന്നും, പരീക്ഷണ ചിത്രങ്ങൾ ഒരുക്കുന്ന പുതിയ കാലത്തെ സംവിധായകർ ഇത്തരം സിനിമാ മേളകളുടെ സ്വാധീനത്തിൽ നിന്ന് ഉയർന്നുവന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ വിവിധ വിഭാഗങ്ങളിലെ ഷോർട്ട് ഫിലിം പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. അൻസൽ മുഹമ്മദ് സംവിധാനം ചെയ്ത ‘മട്ടാഞ്ചേരി മാഫിയ’ മികച്ച ഷോർട്ട് ഫിലിമായി തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിലൂടെ അൻസൽ മുഹമ്മദ് മികച്ച സംവിധായകനുള്ള പുരസ്‌കാരവും ക്രിസ്റ്റി ജോബി മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരവും സ്വന്തമാക്കി.

‘ഗോൾഡൻ ലവ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് രഘുനാഥ് പലേരി മികച്ച നടനായും, ‘കാതലുക്ക് മര്യാദൈ’ എന്ന ചിത്രത്തിലൂടെ ഇന്ദുമതി മണികണ്ഠൻ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.

മറ്റ് പുരസ്‌കാര ജേതാക്കൾ:

  • മികച്ച ഛായാഗ്രാഹകൻ: നിജോ എബ്രഹാം (ചിത്രം: ഗോൾഡൻ ലവ്)
  • മികച്ച എഡിറ്റർ: ടിജോ തങ്കച്ചൻ (ചിത്രം: ബ്ലാക്ക് ക്യാറ്റ്)
  • മികച്ച കലാസംവിധായകൻ: അനാദി അത്താലി (ചിത്രം: ദ ഫസ്റ്റ് ഫിലിം)
  • മികച്ച ഹാസ്യതാരം: ക്രിസ്റ്റോ മോൻ (ചിത്രം: കാതലുക്ക് മര്യാദൈ)

കൂടാതെ ‘ബൂ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മാസ്റ്റർ ദ്രുപദ് കൃഷ്ണയ്ക്ക് മികച്ച ബാലതാരത്തിനുള്ള പ്രത്യേക ജൂറി പരാമർശവും, ‘ഫൈൻഡിങ് യു’ എന്ന ചിത്രത്തിലൂടെ ആശാ രാജന് അനിമേഷൻ വിഭാഗത്തിൽ പ്രത്യേക ജൂറി പരാമർശവും ലഭിച്ചു.

രാജഗിരി കോളജ് ഓഫ് മാനേജ്‌മെന്റ് ആൻഡ് അപ്ലൈഡ് സയൻസസ് ഡയറക്ടർ റവ. ഫാ. അജീഷ് പുതുശേരി സി.എം.ഐ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ‘സൂക്ഷ്മദർശനി’ ഫെയിം സംവിധായകൻ എം.സി. ജിതിൻ, മാക്ട ചെയർമാൻ ജോഷി മാത്യു, മാക്ട ട്രഷറർ സജിൻലാൽ, കോളജ് പ്രിൻസിപ്പാൾ ഡോ. ലാലി മാത്യു, ഫെസ്റ്റിവൽ കൺവീനർമാരായ രഞ്ജു എ.സി, ബാബു പള്ളാശേരി, സ്റ്റുഡന്റ് കോർഡിനേറ്റർ റമീസ കാസിം തുടങ്ങിയ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുത്തു.