‘ബാഷ’യ്ക്കും ‘പേട്ട’യ്ക്കും നോ പറഞ്ഞു; എന്തുകൊണ്ട് ‘ജയിലർ 2’? കാരണം വ്യക്തമാക്കി രജനികാന്ത്

','

' ); } ?>

തന്റെ കരിയറിലെ ഹിറ്റ് ചിത്രങ്ങൾക്ക് സീക്വലുകൾ ചെയ്യാൻ താൽപര്യമില്ലാതിരുന്നിട്ടും ‘ജയിലർ 2’ ഏറ്റെടുക്കാനുള്ള കാരണം വ്യക്തമാക്കി സൂപ്പർസ്റ്റാർ രജനികാന്ത് രംഗത്ത്. ആദ്യഭാഗത്തിന്റെ വിജയവും ശക്തമായ കഥാസാധ്യതകളുമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലേക്ക് തന്നെ നയിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

‘ബാഷ’, ‘പേട്ട’ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സീക്വലുകൾക്കായി നിരവധി നിർമാതാക്കളും സംവിധായകരും സമീപിച്ചിരുന്നെങ്കിലും, സീക്വലുകളിൽ പുതുതായി ഒന്നും ചെയ്യാനില്ലെന്ന തോന്നൽ കാരണം താൻ അവ ഒഴിവാക്കുകയായിരുന്നുവെന്ന് രജനികാന്ത് പറഞ്ഞു. ആദ്യഭാഗത്തിലെ ഫോർമുല വീണ്ടും ആവർത്തിക്കുന്നതായിട്ടാണ് ഇത്തരം ചിത്രങ്ങൾ തനിക്ക് അനുഭവപ്പെടാറുള്ളത്.

എന്നാൽ ‘ജയിലർ’ ഒടിടിയിലൂടെ വീണ്ടും കണ്ടപ്പോൾ ചിത്രത്തിന് രണ്ടാം ഭാഗത്തിനുള്ള വലിയ സാധ്യതകളുണ്ടെന്ന് തിരിച്ചറിഞ്ഞു. വർമയുടെ കഥാപാത്രത്തിന് പിന്നിലുള്ള വൻ ശൃംഖലയെക്കുറിച്ചുള്ള സൂചനകളും തന്റെ പ്രായത്തിന് തികച്ചും യോജിച്ച കഥാപാത്രവും സംവിധായകൻ നെൽസൺ മികച്ച രീതിയിൽ അവതരിപ്പിച്ചതോടെയാണ് ‘ജയിലർ 2’ ചെയ്യാൻ തീരുമാനിച്ചതെന്ന് താരം വെളിപ്പെടുത്തി. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന സൂപ്പർ ഷോയിലാണ് രജനികാന്ത് ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.

മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുന്ന ചിത്രത്തിൽ ശിവ രാജ്കുമാർ, മോഹൻലാൽ എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ഒക്ടോബർ 15ന് ചിത്രം തിയറ്ററുകളിൽ എത്തും.

രജനികാന്തിന്റെ വാക്കുകൾ:

സീക്വലുകളോട് എനിക്ക് താത്പര്യമില്ല. സീക്വലുകൾ‍ എന്നു കേട്ടാൽ അതിൽ ഇനി എന്തു ക്രിയേറ്റിവിറ്റിയാണ് വരാനുള്ളത് എന്ന് എനിക്ക് തോന്നും. ആദ്യഭാഗത്തിൽ വീണ്ടും കുറച്ച് മസാലകൾ ചേർത്തു മറ്റൊരു സിനിമയാക്കുന്നതായാണ് എനിക്കു തോന്നാറുള്ളത്. ‘ബാഷ’യ്ക്ക് സീക്വൽ വേണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എനിക്ക് ചെയ്യാൻ തോന്നിയില്ല. ‘പേട്ട’യ്ക്ക് രണ്ടാംഭാഗം ചെയ്യാൻ കാർത്തിക് സുബ്ബരാജും എത്തിയിരുന്നു. പുതിയ കഥയായിരുന്നു. വിജയ് സേതുപതിയുടെ കഥാപാത്രം കൂടുതൽ വികസിപ്പിച്ചുകൊണ്ടുള്ള കഥ. എന്നാൽ എനിക്ക് ഈ രണ്ടു സിനിമകളും ചെയ്യാൻ തോന്നിയില്ല. ‘ജയിലർ’ ഒടിടിയിലെത്തിയപ്പോൾ ഞാൻ വീണ്ടും കണ്ടു. വർമയുടെ കഥാപാത്രത്തിന് പിന്നിൽ വലിയ ശൃംഖലയുണ്ട് എന്ന് പലയിടങ്ങളിൽ പറയുന്നുണ്ട്. സിനിമയുടെ അവസാനത്തിലും വർമയ്ക്ക് പിറകിൽ വലിയ ആളുകളുണ്ട് നിന്നെ വെറുതെ വിടില്ലെന്നു പറയുന്നുണ്ട്. അതുകൊണ്ടു തന്നെ ചിത്രത്തിന് രണ്ടാം ഭാഗത്തിന് സാധ്യതയുണ്ടായിരുന്നു.

അത്തരത്തിലുള്ള കഥയാണ് നെൽസൺ ഒരുക്കിയത്. അങ്ങനെ നല്ല കഥാപാത്രമായിരുന്നു ഇത്. എന്റെ പ്രായത്തിന് യോജിച്ചത്. അതിനാല്‍ ഈ സിനിമയുടെ സീക്വലിനോട് എനിക്ക് താൽപര്യമുണ്ടായി. മറ്റ് ഭാഷകളിലെയും മുൻനിര നടന്മാർ എല്ലാം സിനിമയുടെ ഭാഗമായി. അതിനാൽ ഈ സിനിമ സംഭവിച്ചു’.

ബ്ലോക്ക്ബസ്റ്റർ വിജയമായ ‘ജയിലറി’ന് ശേഷം മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുന്ന ചിത്രത്തിൽ ശിവ രാജ്കുമാറും തിരിച്ചെത്തുന്നുണ്ട്. ആദ്യഭാഗത്തിൽ മാത്യുവായി എത്തിയ മോഹൻലാലും ചിത്രത്തിൽ പ്രധാന കഥാപാത്രമായുണ്ട്. സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങിയവരും താരനിരയിലുണ്ട്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നെൽസൺ ദിലീപ്കുമാറിന്റെ മാസ് അവതരണവും ചിത്രത്തിന്റെ പ്രതീക്ഷകൾ ഉയർത്തുന്നു.