
ഇടിമിന്നലേറ്റു ചരിഞ്ഞ പ്രശസ്ത ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തന് ആദരമർപ്പിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. പല്ലാട്ട് തറവാട്ടിലെത്തി കുടുംബാംഗങ്ങളെയും പാപ്പാന്മാരെയും ആശ്വസിപ്പിച്ച അദ്ദേഹം, ബ്രഹ്മദത്തന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു.
ആനകൾ വേർപിരിയുമ്പോൾ ‘ചരിഞ്ഞു’ എന്ന വാക്ക് ഉപയോഗിക്കുന്നതിന് പകരം ‘വിഘ്നേശ്വര പാദം പൂകി’ അല്ലെങ്കിൽ ‘വിഷ്ണുപാദം പൂകി’ എന്ന പവിത്രമായ പദപ്രയോഗങ്ങൾ ഭാഷയിൽ കൊണ്ടുവരണമെന്ന് സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. ഭഗവാന്റെ തിടമ്പേറ്റി നാടിന്റെ പുണ്യമായി മാറിയ ഇത്തരം ഗജശ്രേഷ്ഠന്മാരോടുള്ള ആദരവ് ‘ചരിഞ്ഞു’ എന്ന വാക്കിൽ പ്രതിഫലിക്കുന്നില്ലെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ബ്രഹ്മദത്തന്റെ വേർപാടിൽ കുടുംബാംഗങ്ങളായ കമലമ്മയെയും പാപ്പാന്മാരെയും നേരിൽക്കണ്ടപ്പോൾ വാക്കുകൾ നിഷ്പ്രഭമായിപ്പോയെന്നും, പ്രിയപ്പെട്ട ആനയുടെ വേർപാട് സൃഷ്ടിച്ച ശൂന്യത വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രഹ്മദത്തന്റെ കൊമ്പുകൾ നിയമവിധേയമായി എത്രയും വേഗം കുടുംബത്തിന് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും, ലഭിച്ചാൽ ആചാരവിധിപ്രകാരം വിളക്കുവെച്ച് സംരക്ഷിക്കണമെന്ന് കുടുംബത്തോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രിയപ്പെട്ട ബ്രഹ്മദത്തന് വിഘ്നേശ്വര പാദങ്ങളിൽ മോക്ഷം ലഭിക്കട്ടെയെന്ന് പ്രാർഥിച്ചാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
സുരേഷ് ഗോപിയുടെ കുറിപ്പ്;
‘‘കഴിഞ്ഞ ദിവസം പല്ലാട്ട് തറവാട്ടിലെത്തിയപ്പോൾ മനസ്സ് വല്ലാതെ ഭാരപ്പെടുകയായിരുന്നു. നാടിന്റെയും ഉത്സവപ്പറമ്പുകളുടെയും അലങ്കാരമായിരുന്ന, ഒരു കുടുംബാംഗത്തെപ്പോലെ ഏവരും സ്നേഹിച്ച ഗജശ്രേഷ്ഠൻ പല്ലാട്ട് ബ്രഹ്മദത്തന്റെ വേർപാട് സൃഷ്ടിച്ച ശൂന്യത അത്രമാത്രം വലുതാണ്.
സ്വന്തം മകനെപ്പോലെ ബ്രഹ്മദത്തനെ പോറ്റിപ്പുലർത്തിയ അമ്മ കമലമ്മയെയും കുടുംബാംഗങ്ങളെയും നേരിൽക്കണ്ട് ആശ്വസിപ്പിച്ചു. അവനെ ജീവനുതുല്യം സ്നേഹിച്ച പാപ്പാൻമാരുടെ കണ്ണീരിന് മുന്നിൽ വാക്കുകൾ നിഷ്പ്രഭമായിപ്പോയി. അവൻ നിന്ന ആ തണലിലും അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിലും പുഷ്പാർച്ചന നടത്തി പ്രാർഥിക്കുമ്പോൾ ഉള്ളിൽ വല്ലാത്തൊരു വിങ്ങലായിരുന്നു.
നമ്മുടെ നാടിന്റെ പുണ്യമായി, ഭഗവാന്റെ തിടമ്പേറ്റി നിന്ന ഇത്തരം ഗജവീരന്മാരുടെ വേർപാടിൽ ‘ചരിഞ്ഞു’ എന്ന വാക്ക് ഉപയോഗിക്കുന്നത് മനസ്സിന് ഒട്ടും പൊരുത്തപ്പെടാൻ ആകുന്നില്ല. അവയോടുള്ള അർഹിക്കുന്ന ആദരവ് ആ വാക്കിൽ കാണാൻ കഴിയില്ല. ‘ചരിഞ്ഞു’ എന്നതിന് പകരം ഭഗവാനെ സേവിച്ചു കടന്നുപോയവർക്ക് ചേരുന്ന ‘വിഘ്നേശ്വര പാദം പൂകി’ / ‘വിഷ്ണുപാദം പൂകി’ എന്നൊക്കെയുള്ള പവിത്രമായ പദങ്ങളിലേക്ക് നമ്മുടെ ഭാഷയും പ്രയോഗങ്ങളും മാറേണ്ടതുണ്ട്.
ബ്രഹ്മദത്തന്റെ കൊമ്പുകൾ നിയമവിധേയമായി എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും, അവ ലഭിച്ചാൽ തറവാട്ടിൽ ആചാരവിധിപ്രകാരം വിളക്കുവെച്ച് സംരക്ഷിക്കണമെന്നും കുടുംബാംഗങ്ങളോട് പറഞ്ഞിട്ടുണ്ട്. ഭഗവാന്റെ തിടമ്പേറ്റി പുണ്യം നേടിയ പ്രിയപ്പെട്ട പല്ലാട്ട് ബ്രഹ്മദത്തന്, ആ വിഘ്നേശ്വര പാദങ്ങളിൽ മോക്ഷം ലഭിക്കട്ടെ എന്ന് ഹൃദയപൂർവ്വം പ്രാർഥിക്കുന്നു… പ്രണാമം.’’–സുരേഷ് ഗോപിയുടെ വാക്കുകൾ.