വിദ്യാഭ്യാസം മാത്രം പോരാ, വിവരം വേണം, നവ്യ എന്നേക്കാൾ ജൂനിയർ; രോഷത്തോടെ നടി കണ്ണൂർ ശ്രീലത

','

' ); } ?>

കണ്ണൂർ ദസറ ആഘോഷങ്ങളിൽ പ്രാദേശിക കലാകാരന്മാരെ തഴയുന്ന കോർപ്പറേഷൻ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന നടി കണ്ണൂർ ശ്രീലത രംഗത്ത്. സിനിമയിൽ തന്നേക്കാൾ ജൂനിയറായ നടി നവ്യ നായർക്ക് വലിയ പ്രാധാന്യം നൽകുമ്പോൾ കണ്ണൂരിലെ മുതിർന്ന കലാകാരന്മാരെ മേയറും കോർപ്പറേഷനും പൂർണ്ണമായും അവഗണിക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി. കണ്ണൂർ മൗണ്ടനു നൽകിയ അഭിമുഖത്തിലാണ് കോർപ്പറേഷന്റെയും മേയറുടെയും നിലപാടുകൾക്കെതിരെ നടി ആഞ്ഞടിച്ചത്.

ദസറ ആഘോഷങ്ങളുടെ ഭാഗമായി ‘പ്രകാശധാര ഭക്തിരസാമൃതം’ എന്ന പരിപാടി അവതരിപ്പിക്കാൻ പക്കമേളക്കാർ അടക്കം പത്തുപേരടങ്ങുന്ന സംഘം 15,000 രൂപ പ്രതിഫലം ചോദിച്ചാണ് അപേക്ഷ നൽകിയിരുന്നത്. എന്നാൽ വേണമെങ്കിൽ സൗജന്യമായി 10 മിനിറ്റ് സമയം നൽകാം എന്നായിരുന്നു സംഘാടകരുടെ മറുപടി. സ്റ്റേജിൽ പക്കമേളങ്ങൾ സെറ്റ് ചെയ്യാൻ മാത്രം 10 മിനിറ്റ് വേണമെന്നിരിക്കെ അരമണിക്കൂർ സമയം ചോദിച്ചെങ്കിലും അത് നിഷേധിക്കുകയായിരുന്നുവെന്ന് ശ്രീലത ചൂണ്ടിക്കാട്ടി. ലക്ഷങ്ങൾ മുടക്കി പുറത്തുനിന്നുള്ള സെലിബ്രിറ്റികളെ കൊണ്ടുവരുമ്പോൾ പ്രാദേശിക കലാകാരന്മാരെ മാറ്റിനിർത്തി ഒരു കോക്കസ് പരിപാടി ഹൈജാക്ക് ചെയ്യുകയാണെന്നും അവർ ആരോപിച്ചു.

ഭരണപദവിയിലിരിക്കുന്നവർക്ക് വിദ്യാഭ്യാസം മാത്രം പോരാ, വിവരവും മറ്റുള്ളവരെക്കുറിച്ചുള്ള തിരിച്ചറിവും വേണമെന്ന് നടി ഓർമ്മിപ്പിച്ചു. നവ്യ നായർ തന്നേക്കാൾ സിനിമയിൽ പിറകെ വന്ന ജൂനിയറാണെന്നും എന്നാൽ മേയറുടെ വിവരമില്ലായ്മയാണ് ഈ അവഗണനയ്ക്ക് കാരണമെന്നും അവർ രൂക്ഷമായി വിമർശിച്ചു. ഒക്ടോബർ 12 മുതൽ 21 വരെ കണ്ണൂർ ടൗൺ സ്ക്വയറിലാണ് ദസറ ആഘോഷങ്ങൾ നടക്കുന്നത്. കെ.എസ്. ഹരിശങ്കർ, ഫിജോ, നവ്യ നായർ തുടങ്ങിയവരാണ് ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികൾ അവതരിപ്പിക്കുന്നത്.

‘‘ഇവിടെ നവ്യ നായരുടെ ഡാൻസ് പരിപാടി ഉണ്ട്. നവ്യ കണ്ണൂരുകാരി ആണോ, പ്രാദേശിക താരമാണോ? എന്നെപ്പോലെ ഒരു നടി അല്ലേ. നവ്യ സിനിമയിൽ എന്നെക്കാൾ പിറകെ വന്നതാണ്. ഇത്ര വിവരം ഇല്ലാതായിപ്പോയല്ലോ മേയർക്ക്. വിവരമില്ലാത്ത ഒരാളായിപ്പോയി. ഇങ്ങനത്തെ ഒരാളെ പിടിച്ചാണോ നിങ്ങൾ മേയർ പദവിയിൽ ഇരുത്തുന്നത്? വിദ്യാഭ്യാസം മാത്രം പോരാ വിവരം വേണം. അറിവ് നേടണം, പഠിക്കണം, വായിക്കണം, ഓരോരുത്തരെപ്പറ്റി ചിന്തിക്കണം, എന്താണ് ആ വ്യക്തി എന്ന് അറിയണം. അല്ലാതെ വെറുതെ അവിടിരുന്നുകൊണ്ട് വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന രീതിയിൽ വിളിച്ചു പറയലല്ല.’’-കണ്ണൂർ മൗണ്ടനു നൽകിയ അഭിമുഖത്തിൽ  കണ്ണൂർ ശ്രീലത പറഞ്ഞു.