
കണ്ടിരിക്കേണ്ട നല്ലൊരു ചിത്രം, ആകര്‍ഷിക്കുന്ന തിരക്കഥ, വളരെ കൃത്യമായി നിര്‍വ്വഹിച്ച യുദ്ധ രംഗങ്ങള്‍, കാര്യക്ഷമമായ സംവിധാനം, ടെക്‌നിക്കല്‍ ബ്രില്ല്യന്‍സ്, കൂടാതെ യുദ്ധ താല്‍പ്പര്യങ്ങള്‍ ഉണര്‍ത്താതെ ത്രില്ലടിപ്പിക്കുന്ന ദേശസ്‌നേഹം ഉളവാക്കുന്ന ചിത്രം..
ഇതാണ് ഒറ്റ വാചകത്തില്‍ ‘യുറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ എന്ന ചിത്രത്തിന് നല്‍കാവുന്ന റിവ്യൂ. ഇന്ന് പുറത്തിറങ്ങിയിരിക്കുന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് ഇപ്പോള്‍ പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.ചിത്രത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ബോളിവുഡ്ഡിലെയും മറ്റ് ഭാഷകളിലെയും നിരവധി താരങ്ങളും ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്.
ആര്‍ എസ് പി മൂവീസിന്റെ കീഴില്‍ ആദിത്യ ദാര്‍ സംവിധാനം ചെയ്യുന്ന ചിത്രം മറ്റ് ദേശഭക്തിയുളാവാക്കുന്ന ചിത്രങ്ങളെപ്പോലെ നീണ്ട വലിച്ചിലുകളില്ലാതെ പ്രേക്ഷകനെ ആകാംക്ഷയിലാഴ്ത്തി വളരെ വേഗതയോടെ മുന്നേറുന്നു. അതിപ്പോള്‍ ചിത്രത്തിലെ വടക്ക് കിഴക്കന്‍ പ്രവിശ്യയിലെ ആക്രമണ രംഗങ്ങളായാലും കശ്മീര്‍ അതിര്‍ത്ഥി രംഗങ്ങളിലായാലും ചിത്രത്തിലെ സാങ്കേതിക രംഗങ്ങളായാലും ആദിത്യയുടെ കഥ പറയുന്ന രീതി പ്രേക്ഷകനെ കൃത്യമായി ഒരച്ചടക്കത്തോടെ കഥയിലേക്ക് ആകര്‍ഷിക്കുന്നു.
ചിത്രത്തില്‍ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച വിക്കി കൗശലാണ് തന്റെ സാന്നിധ്യം കൊണ്ട് സിനിമയുടെ ആദ്ദ്യാവസാനം വരെ സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്നത്. ശത്രുക്കളെ സ്‌നേഹം കൊണ്ട് കീഴടക്കുന്ന സമ്പ്രദായത്തില്‍ നിന്നും വ്യതി ചലിച്ച് ചെയ്ത തെറ്റിനുള്ള കൃത്യമായ ശിക്ഷ നല്‍കുന്ന ഇന്ത്യയിലെ ഒരു പുതിയ ഭരണ സംവിധാനം തന്നെയാണ് ചിത്രത്തിലൂടെ സംവിധായകന്‍ എടുത്ത് കാട്ടുന്നത്. ചിത്രത്തിലെ വിവരണങ്ങളും രാഷ്ട്രീയ പ്രതിനിധികളെയും പ്രേക്ഷകന്‍ പെട്ടെന്ന് തന്നെ തിരിച്ചറിയുന്നു.
പേര് പോലെ തന്നെ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ കഥയാണ് ചിത്രം പറയുന്നത്. 2016 സെപ്റ്റംബര്‍ 18 ന് ജമ്മു കാശ്മീറിലെ ബരമുള്ള ജില്ലയില്‍ വെച്ച് നടന്ന തീവ്രവാദികളുടെ ആക്രമണത്തില്‍ 19ാളം ജവന്മാര്‍ കൊല്ലപ്പെട്ട സംഭവവും തുടര്‍ന്നുണ്ടായ ഇന്ത്യന്‍ സേനയുടെ വൈകാരികമായ മൂവ്‌മെന്റുമാണ് ചിത്രത്തില്‍ ദൃശ്യ വല്‍ക്കരിച്ചിരിക്കുന്നത്. ‘യുറി’ എന്ന ഗ്രാമത്തില്‍ നടന്ന സംഭവമായത് തന്നെയാണ് ചിത്രത്തിന്റെ അനുയോജ്യമായ ടൈറ്റില്‍ ലഭിക്കാന്‍ കാരണം. തന്റെ മനോഹരമായ തിരക്കഥയിലൂടെ രചയിതാവും സംവിധായകനുമായ ആദിത്യ ഈ ചരിത്ര കഥയെ നല്ലൊരു പ്രചോദനമാക്കി മാറ്റിയിരിക്കുകയാണ് തന്റെ ചിത്രത്തിലൂടെ.
ഒരു സേന നായകനായാണ് വിക്കി ചിത്രലെത്തിയിരിക്കുന്നത്. ചിത്രത്തിനായി താരം നടത്തിയ കഠിനമായ പരിശീലനത്തിന്റെ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങിള്‍ നേരത്തെ പ്രചരിച്ചിരുന്നു. തന്റെ പരിശ്രമങ്ങള്‍ക്കനുസരിച്ച് മേജര്‍ വിഹാന്‍ സിങ്ങ് ഷെര്‍ഗില്‍ എന്ന തന്റെ കഥാപാത്രത്തിനോട് നീതി പുലര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
ചിത്രത്തിലെ വി എഫ് എക്‌സും ശബ്ദവും കഥാപാത്രങ്ങളും ഒന്നിച്ചെത്തുമ്പോള്‍ നല്ലൊരു ബാലന്‍സ്ഡ് കഥയായി മാറിയിരിക്കുകയാണ് യുറി. ഇതുവരെ പുറത്തിറങ്ങിയ ഇന്ത്യന്‍ സിനിമകളില്‍ നിന്നും വളരെ വ്യത്യസ്ത്യവും ടെക്‌നിക്കലി മികവുറ്റ, നിലവാരം പുലര്‍ത്തുന്ന രംഗങ്ങളും ചിത്രത്തിന് നല്ലൊരു അന്തരീക്ഷം സൃഷ്ടിക്കുന്നു. ഒപ്പം ഛായാഗ്രഹകന്‍ മിതേഷ് മിര്‍ച്ചന്ദിനിയുടെ എല്ലാ ഫ്രെയ്മുകളും വളരെ പക്വതയോടെ സ്വാഭാവികമായി സംഭവിക്കുന്നു.
2019ല്‍ മികച്ച ഒരു തുടക്കം തന്നെയാണ് ആദിത്യയുടെ ‘യുറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ എന്ന ചിത്രം സമ്മാനിച്ചിരിക്കുന്നത്. ഒരു സിനിമയിലെ എല്ലാ ഘടകങ്ങളും ഒത്തുവന്നത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം. ഇന്ത്യന്‍ പതാകയുടെ ഒരൊറ്റ ഷോട്ടിലൂടെ ദേശസ്‌നേഹത്തിന്റെ യഥാര്‍ത്ഥ ഭംഗി അവതരിപ്പിച്ച ചിത്രം പഴയ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പുതിയ തുടക്കത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്…