
ചലച്ചിത്ര താരങ്ങളായ ദിലീപിന്റെയും നാദിർഷായുടെയും ഉടമസ്ഥതയിലുള്ള പ്രശസ്ത റെസ്റ്റോറന്റ് ശൃംഖലയായ ‘ദേ പുട്ട്’ തമിഴ്‌നാട്ടിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. ചെന്നൈ അണ്ണാ നഗറിൽ സജ്ജമാക്കിയ പുതിയ ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം പ്രമുഖ നിർമാതാവും വ്യാവസായിയുമായ ഗോകുലം ഗോപാലൻ നിർവഹിച്ചു. കേരളത്തിലും ഗൾഫിലും കൈവരിച്ച വൻ വിജയത്തിന് ശേഷമാണ് ‘ദേ പുട്ട്’ ചെന്നൈ നഗരത്തിലേക്ക് എത്തുന്നത്. റെസ്റ്റോറന്റിൽ നിന്നുള്ള ആദ്യ ഭക്ഷണ പാഴ്സൽ ദിലീപ്, ഗോകുലം ഗോപാലന് കൈമാറി.
തമിഴ്, മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖ താരങ്ങളുടെ സാന്നിധ്യം കൊണ്ട് വൻ താരസംഗമത്തിനാണ് ഉദ്ഘാടനച്ചടങ്ങ് സാക്ഷ്യം വഹിച്ചത്. പ്രശസ്ത നടിമാരായ ശാരദ, ഷീല, സീമ, രാധിക ശരത്കുമാർ, മീന, ഗായിക സുജാത, സംവിധായകൻ പ്രിയദർശൻ, നടൻ അശോകൻ, കലാമാസ്റ്റർ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. ദിലീപ്, ഭാര്യ കാവ്യാ മാധവൻ, മകൾ മഹാലക്ഷ്മി, നാദിർഷാ എന്നിവരും ചടങ്ങിൽ സജീവമായിരുന്നു.
കേരളത്തിന്റെ തനിമയാർന്ന രുചികളും അന്തരീക്ഷവും തമിഴ്‌നാട്ടിലെ ഭക്ഷണപ്രിയർക്കും വേറിട്ട അനുഭവമായിരിക്കുമെന്നാണ് മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്. പരമ്പരാഗതവും ആധുനികവുമായ 124-ലധികം വൈവിധ്യമാർന്ന വിഭവങ്ങളാണ് റെസ്റ്റോറന്റിൽ ഒരുക്കിയിരിക്കുന്നത്. വ്യത്യസ്ത തരം പുട്ടുകൾക്ക് പുറമെ, പ്രത്യേക ബിരിയാണികൾ, നാടൻ കറികൾ, മറ്റ് സ്പെഷ്യൽ ഡിഷുകൾ എന്നിവയും പുതിയ ഔട്ട്‌ലെറ്റിൽ ലഭ്യമാണ്.