
ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനായി നടൻ പ്രേംകുമാറിനെ നിയമിച്ച സർക്കാർ തീരുമാനത്തിനെതിരെയുള്ള വിമർശനം ആവർത്തിച്ച് ഫിലിം ചേംബർ പ്രസിഡന്റ് അനിൽ തോമസ്. പ്രേംകുമാറിനെതിരെ താൻ ഉന്നയിച്ചത് നൂറുശതമാനവും ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലയിലുള്ള വിമർശനമാണെന്നും ആ നിലപാടിൽ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം പുതിയ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
അതേസമയം, ചലച്ചിത്ര അക്കാദമി ചെയർമാനായി രവീന്ദ്രന്റെയും സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാനായി രഞ്ജിത്തിന്റെയും നിയമനങ്ങൾ അർഹതയ്ക്കുള്ള അംഗീകാരമാണെന്ന് അനിൽ തോമസ് പറഞ്ഞു. പാർട്ടിക്ക് വേണ്ടി ഉറച്ചുനിന്ന വ്യക്തിത്വങ്ങൾക്കാണ് ഈ പദവികൾ ലഭിച്ചതെന്നും ഇതിൽ പാർട്ടിയോട് നന്ദി അറിയിക്കുന്നതായും അദ്ദേഹം കുറിച്ചു.
പ്രേംകുമാറിന് പകരം കെ. മധുവിന് തുടരാൻ അവസരം നൽകമായിരുന്നുവെന്നും ചുരുങ്ങിയ കാലംകൊണ്ട് അദ്ദേഹം മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചതെന്നും അനിൽ തോമസ് ചൂണ്ടിക്കാണിച്ചു. ഫിലിം ചേംബർ പ്രസിഡന്റ് എന്ന പദവി ഉപയോഗിച്ചല്ല ഈ അഭിപ്രായങ്ങൾ പറഞ്ഞതെന്നും, നിയമനങ്ങൾ വൈകിയെന്ന അഭിപ്രായമുണ്ടെന്നും വ്യക്തമാക്കിയ അദ്ദേഹം, പുതിയ സ്ഥാനങ്ങളിലെത്തിയവർക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
സാംസ്കാരിക മേഖലയിലെ കോൺഗ്രസുകാരെ അവഗണിക്കുന്നതാണ് പ്രേംകുമാറിന്റെ നിയമനമെന്ന് അനിൽ തോമസ് നേരത്തെയും വിമർശിച്ചിരുന്നു. വഴിയിൽ വണ്ടിമാറി കയറുന്ന സംസ്കാരമുള്ളവർക്ക് സ്ഥാനം നൽകുന്നത് പാർട്ടിക്ക് ഗുണകരമാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ കുറ്റപ്പെടുത്തൽ. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായ പ്രേംകുമാർ, രഞ്ജിത്ത് രാജിവെച്ചതിന് പിന്നാലെ ചെയർമാന്റെ ചുമതലയും വഹിച്ചിരുന്നു. നിലവിലെ പുതിയ സർക്കാർ ഉത്തരവിലൂടെയാണ് അദ്ദേഹത്തെ ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനായി നിയമിച്ചത്.
അനിൽകുമാറിന്റെ വാക്കുകൾ;
‘ചലച്ചിത്ര അക്കാദമി ചെയർമാൻ രവീന്ദ്രനും, സാംസ്കാരിക ക്ഷേമനിധി ചെയർമാൻ രഞ്ജിത്തിനും ഒരു കോൺഗ്രസുകാരൻ എന്ന നിലയിൽ എന്റെ അഭിനന്ദങ്ങൾ ഒരിക്കൽ കൂടി അറിയിക്കുന്നു. അവർ രണ്ടുപേരും എന്റെ അറിവിൽ നാളിതുവരെ കോൺഗ്രസ് പാർട്ടിക്ക് വേണ്ടി ഉറച്ചുനിന്ന വ്യക്തിത്വങ്ങൾ തന്നെയാണ്. അതിനുള്ള അംഗീകാരം കൊടുത്തതിൽ തീർച്ചയായും പാർട്ടിയോടുള്ള നന്ദി അറിയിക്കുന്നു. നിയമിക്കപ്പെട്ട പോസ്റ്റുകളിൽ അവർ നൂറ് ശതമാനവും നീതി പുലർത്തുന്ന പ്രവർത്തനം കാഴ്ചവെക്കും എന്നും എനിക്ക് ഉറപ്പുണ്ട്.’
പ്രേംകുമാറിനെ ചെയർമാൻ ആക്കിയതിൽ ഞാൻ വിമർശിച്ചത് നൂറ് ശതമാനവും ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ തന്നെയാണ്. ആ നിലപാടിൽ ഉറച്ചു നിൽക്കുന്നു. ഇങ്ങനെ ഒരു നിയമനം നടത്താൻ ആയിരുന്നെങ്കിൽ കെ. മധുവിന് തുടരാൻ അവസരം കൊടുക്കാമായിരുന്നു. കാരണം എന്റെ അറിവിൽ അദ്ദേഹം മികച്ച പ്രവർത്തനം ചുരുങ്ങിയ കാലംകൊണ്ട് തന്നെ നടത്തിയിരുന്നു.
ഞാൻ ഇപ്പോൾ വഹിക്കുന്ന ഒരു തസ്തികയുടെ പേരിൽ ഈ കാര്യത്തിൽ ഒരു അഭിപ്രായം പറഞ്ഞിട്ടില്ല. വന്നിട്ടുള്ള നിയമനങ്ങൾ വൈകി എന്നൊരു അഭിപ്രായം തീർച്ചയായും ഉണ്ട്. നിയമിക്കപ്പെട്ടവർക്ക് എത്രയും വേഗം അവരുടെ പ്രവർത്തന മേഖലയിൽ മികവ് തെളിയിക്കാൻ സാധിക്കട്ടെ. ഒരു സുഹൃത്ത് എന്ന നിലയിൽ എല്ലാ പിന്തുണയും എപ്പോഴും അവർക്ക് ഉണ്ടാവും.
ഞാൻ പ്രകടിപ്പിച്ച അഭിപ്രായത്തിൽ കുരു പൊട്ടിയവർക്ക് ആയി പറയുന്നു, എന്റെ അഭിപ്രായം ഞാൻ തുടർന്നും പ്രകടിപ്പിക്കും. നിങ്ങൾക്ക് പൊട്ടാൻ കുരുക്കൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.’