“മമ്മൂക്കയുടെ സിനിമകളിൽ അങ്ങോട്ട് പോകുന്തോറും മറ്റുള്ളവർക്ക് സ്പെയ്സ് കുറവായി എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് സ്ത്രീ അഭിനേതാക്കൾക്ക്”; ഉർവശി

','

' ); } ?>

ഉർവശിയും മമ്മൂട്ടിയും മലയാള സിനിമാപ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട കോമ്പിനേഷനുകളിൽ ഒന്നാണ്. ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’, ‘ഓഗസ്റ്റ് 1’, ‘മൃഗയ’, ‘അബ്‌കാരി’ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. വർഷങ്ങൾ കഴിഞ്ഞിട്ടും ഇവർ തമ്മിലുള്ള സൗഹൃദം ഇന്നും മലയാള സിനിമയിൽ മായാതെ നിൽക്കുന്നുണ്ട്. എന്നാൽ, ഒരു കാലത്ത് മലയാള സിനിമയിലെ ഹിറ്റ് ജോഡിയായിരുന്ന ഇവർ പിന്നീട് ഒന്നിച്ച് കൂടുതൽ ചിത്രങ്ങളിൽ വരാതിരുന്നതിന്റെ യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി ഉർവശി ഇപ്പോൾ.

മമ്മൂട്ടിയുമായുള്ള സൗഹൃദത്തെക്കുറിച്ചും സിനിമകളിൽ ഒന്നിച്ചുള്ള സാന്നിധ്യം കുറയാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ചും റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് ഉർവശി തുറന്നുപറഞ്ഞത്. മമ്മൂട്ടി തന്നോട് എപ്പോഴും വളരെ സൗഹൃദത്തോടെയും സ്വാതന്ത്ര്യത്തോടെയുമാണ് പെരുമാറാറുള്ളതെന്നും, നല്ല സിനിമകൾ കണ്ടാൽ വിളിച്ച് അഭിനന്ദിക്കാറുണ്ടെന്നും താരം ഓർത്തു. കോവിഡ് കാലത്ത് തന്റെ തമിഴ് സിനിമ കണ്ടതിന് ശേഷം അദ്ദേഹം വിളിച്ച് അഭിനന്ദിച്ചതും, വീട്ടിലെ ഒരു മൂത്ത ചേട്ടനെ പോലെ ആരോഗ്യകാര്യങ്ങളെക്കുറിച്ചും ശരീര സംരക്ഷണത്തെക്കുറിച്ചും ഉപദേശങ്ങൾ നൽകിയതും ഉർവശി സ്നേഹത്തോടെ പങ്കുവെച്ചു.

അതേസമയം, മമ്മൂട്ടി ചിത്രങ്ങളിൽ കാലക്രമേണ സ്ത്രീ കഥാപാത്രങ്ങൾക്ക് ലഭിക്കുന്ന സ്പേസ് കുറഞ്ഞു വന്നതാണ് തങ്ങൾ ഒരുമിച്ച് സിനിമകൾ ചെയ്യാതിരുന്നതിന്റെ പ്രധാന കാരണമെന്ന് ഉർവശി വ്യക്തമാക്കുന്നു. താൻ നായികയായി അഭിനയിച്ചു തുടങ്ങിയ കാലഘട്ടത്തിൽ, മമ്മൂട്ടി ചിത്രങ്ങളിൽ നായികമാർക്ക് കാര്യമായ പ്രകടന സാധ്യതകളുള്ള കഥാപാത്രങ്ങൾ ലഭിക്കാതെയായി. അന്ന് തന്റെ പ്രായത്തിനും കരിയറിനും അനുയോജ്യമായ, അഭിനയിക്കാൻ സ്കോപ്പുള്ള കഥാപാത്രങ്ങൾ ആവശ്യമായിരുന്നതുകൊണ്ടാണ് പിന്നീട് ഇരുവരും ഒന്നിച്ച് സിനിമകൾ വരാതിരുന്നതെന്നും നടി കൂട്ടിച്ചേർത്തു.

ഉർവശിയുടെ വാക്കുകൾ;

“മമ്മൂക്ക എപ്പോൾ കണ്ടാലും എന്നോട് വളരെ സൗഹൃദപൂർവം തന്നെയാണ് സംസാരിക്കാറ്, അത്രയും സ്വാതന്ത്ര്യപൂർവം. നല്ല പടങ്ങളൊക്കെ കണ്ടാൽ വിളിക്കുന്ന ആളാണ് മമ്മൂക്ക.

കോവിഡിന്റെ സമയത്ത് എന്റെ തമിഴ് സിനിമ കണ്ട് വിളിച്ച് നന്നായിരുന്നു എന്ന് പറയുന്നതിനൊപ്പം കൂടെ രണ്ട് ഉപദേശങ്ങളും കൂടി തരും. നമ്മുടെ വീട്ടിലെ മൂത്ത ഒരു ചേട്ടൻ പറയുന്നതു പോലെ. ‘അങ്ങനെ വേണം കേട്ടോ… നീ എന്താ ശരീരം നോക്കാത്തേ. നീ എന്താ അതൊന്നും നോക്കാത്തേ’… എന്നൊക്കെ പറയും.

ഇതൊക്കെ കേൾക്കുമ്പോൾ നമുക്ക് വലിയ സന്തോഷമാണ്. പിന്നെ മമ്മൂക്കയുടെ സിനിമകളിൽ അങ്ങോട്ട് പോകുന്തോറും മറ്റുള്ളവർക്ക് സ്പെയ്സ് കുറവായി എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് സ്ത്രീ അഭിനേതാക്കൾക്ക്. വളരെ അപൂർവമായിട്ടേ വന്ന് ഭവിക്കാറുള്ളൂ അങ്ങനെ. അപ്പോൾ ഞാൻ ലീ‍ഡ് ചെയ്യാൻ തുടങ്ങിയ ശേഷം തീരെ സാന്നിധ്യം അറിയിക്കാത്ത കാരക്ടേഴ്സാണ് വരുന്നത്.

അതെനിക്ക് കുറച്ചു പ്രശ്നമായി. അന്നത്തെ സിനിമകൾ എന്നു പറയുന്നത്, എന്റെ ആ പ്രായവും കാര്യങ്ങളുമൊക്കെയാണ്. അപ്പോൾ എനിക്കും അഭിനയിക്കാൻ സ്കോപ് ഉള്ള കാരക്ടേഴ്സ് വേണം എന്നുള്ളതു കൊണ്ടും ഞങ്ങളൊന്നിച്ച് സിനിമകൾ വരാത്തതിന് ഒരു കാരണമാകാം”.