‘ബാലൻ’ എന്തുകൊണ്ട് ഔദ്യോഗിക ഓസ്കർ എൻട്രി ആയില്ല?; ‘ധുരന്ധറി’ന് സംഭവിച്ചതെന്ത്?; അനിൽ തോമസ് പറയുന്നു

','

' ); } ?>

മറാഠി ചിത്രം ‘ഗൊന്ധൽ’ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കർ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നിൽ ശക്തമായ മത്സരമുണ്ടായിരുന്നുവെന്ന് കേരള ഫിലിം ചേംബർ പ്രസിഡന്റും സെലക്ഷൻ കമ്മിറ്റി അംഗവുമായ അനിൽ തോമസ്. മലയാള ചിത്രമായ ‘ബാലൻ: ദ ബോയ്’ അവസാന അഞ്ച് ചിത്രങ്ങളുടെ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചിരുന്നുവെന്നും ജൂറിയിലെ പ്രിഫറൻസ് വോട്ടുകളിലാണ് ചിത്രം പിന്നിലായതെന്നും അദ്ദേഹം വ്യക്തമാക്കി. വിശദമായ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ഒടുവിലാണ് ‘ഗൊന്ധലി’നെ തിരഞ്ഞെടുത്തത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 33 സിനിമകളാണ് ഇത്തവണ മത്സരത്തിനുണ്ടായിരുന്നത്. ഘട്ടം ഘട്ടമായുള്ള എലിമിനേഷനിലൂടെയാണ് മികച്ച ചിത്രങ്ങളെ കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ ഒരു വിദൂര ഗ്രാമത്തിൽ ഫോക്ക് ആഘോഷങ്ങൾക്കിടെ ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങൾ പ്രമേയമാക്കിയ ‘ഗൊന്ധൽ’, മനുഷ്യന്റെ അടിസ്ഥാന വികാരങ്ങളും കുറ്റകൃത്യങ്ങളും ചർച്ച ചെയ്യുന്ന മികച്ചൊരു സിനിമാറ്റിക് പരിശ്രമമാണെന്ന് അനിൽ തോമസ് പറഞ്ഞു. സാങ്കേതികമായി ഏറെ മികച്ചുനിൽക്കുന്ന ഈ ചിത്രം ഇന്ത്യയെ പ്രതിനിധീകരിക്കാൻ എന്തുകൊണ്ട് യോഗ്യമാണെന്ന് ജൂറി വിശദമായി ചർച്ച ചെയ്തിരുന്നു.

വൻ വാണിജ്യ വിജയം നേടിയ ‘ധുരന്ധർ’ ഉൾപ്പെടെയുള്ള ചിത്രങ്ങളും അവസാന ഘട്ടം വരെ പരിഗണിക്കപ്പെട്ടിരുന്നു. എന്നാൽ, ചിത്രത്തിലെ ഭൂരിഭാഗം സംഭവങ്ങളും പാകിസ്താനിൽ നടക്കുന്നതും തായ്‌ലൻഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഷൂട്ട് ചെയ്തതുമായതിനാൽ, ഇന്ത്യയിൽ തന്നെ ചിത്രീകരിക്കപ്പെടേണ്ട 60 മുതൽ 70 ശതമാനം വരെയുള്ള മാനദണ്ഡം പാലിക്കാൻ കഴിയാത്തത് ചിത്രത്തിന് തിരിച്ചടിയായി. രണ്ടുമണിക്കൂറിലേറെ നീണ്ട ചർച്ചകൾക്കൊടുവിലാണ് ‘ധുരന്ധർ’ പട്ടികയിൽനിന്ന് പുറത്തായത്. 1972-ലെ ഇന്ത്യ-പാകിസ്താൻ യുദ്ധ പശ്ചാത്തലത്തിലുള്ള ‘ഇക്കിസ്’, തമിഴിൽനിന്നുള്ള ‘ഡൊറോത്തി’ തുടങ്ങിയ ചിത്രങ്ങളും അന്തിമ ഘട്ടം വരെ മത്സരത്തിലുണ്ടായിരുന്നു. പി. ശേഷാദ്രി ചെയർപേഴ്‌സണായ 14 അംഗ കമ്മിറ്റിയിൽ കേരളത്തിൽനിന്നുള്ള ഏക പ്രതിനിധിയായിരുന്നു അനിൽ തോമസ്.

അനിൽ തോമസിന്റെ വാക്കുകൾ;

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 33 ചിത്രങ്ങളാണ് ഇത്തവണ മത്സരത്തിനുണ്ടായിരുന്നത്. ഇതിൽ 14 ഹിന്ദി ചിത്രങ്ങളും വിവിധ പ്രാദേശിക ഭാഷകളിൽ നിന്നുള്ള ചിത്രങ്ങളും ഉൾപ്പെട്ടിരുന്നു. നാഗാലാൻഡിലെ കോണിയാക് ഭാഷയിലുള്ള ചിത്രവും വേറിട്ടുനിന്നു.

ഓരോ ചിത്രങ്ങളും കണ്ട്, ഘട്ടം ഘട്ടമായി എലിമിനേറ്റ് ചെയ്ത് ചുരുക്കപ്പട്ടിക തയ്യാറാക്കുന്ന രീതിയാണ് സ്വീകരിച്ചത്. കടുത്ത മത്സരത്തിനൊടുവിൽ മലയാള ചിത്രമായ ‘ബാലൻ’ ഉൾപ്പെടെ 10 സിനിമകളെ അവസാന പട്ടികയിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്തു. മറാഠി ചിത്രം ‘ഗൊന്ധൽ’ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കർ എൻട്രി.

മഹാരാഷ്ട്രയിലെ ഒരു വിദൂര ഗ്രാമത്തിൽ ഫോക്ക് ആഘോഷങ്ങൾക്കിടെ ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവമാണ് ‘ഗൊന്ധൽ’ പറയുന്നത്. ചിത്രം മികച്ചൊരു സിനിമാറ്റിക് പരിശ്രമമാണ്. മനുഷ്യന്റെ അടിസ്ഥാന വികാരങ്ങളും കുറ്റകൃത്യങ്ങളും പ്രമേയമാക്കിയ ചിത്രം സാങ്കേതികമായി മികച്ച രീതിയിലാണ് നിർമിക്കപ്പെട്ടിട്ടുള്ളത്. ‘മൊത്തത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ എന്തുകൊണ്ട് ഈ ചിത്രം?’ എന്നതിനെക്കുറിച്ച് ജൂറിയിൽ നടന്ന വിശദമായ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് ‘ഗൊന്ധലി’നെ അന്തിമ എൻട്രിയായി തിരഞ്ഞെടുത്തത്.

‘ധുരന്ധർ’ ഉൾപ്പെടെ വലിയ വാണിജ്യ വിജയം നേടിയ ചിത്രവും പരിഗണിക്കപ്പെട്ടു. 60 മുതൽ 70 ശതമാനം വരെ ഇന്ത്യയിൽ തന്നെ ചിത്രീകരിക്കപ്പെടുന്ന ചിത്രങ്ങളെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കാൻ പാടുള്ളൂ എന്ന മാനദണ്ഡമാണ് ‘ധുരന്ധറി’ന് തടസ്സമായത്. ചിത്രത്തിലെ ഭൂരിഭാഗം സംഭവങ്ങളും പാകിസ്താനിലാണ് നടക്കുന്നത്. ഷൂട്ട് ചെയ്തിരിക്കുന്നത് തായ്‌ലൻഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും. രണ്ടുമണിക്കൂറിലേറെ നീണ്ട ചർച്ചകൾക്കൊടുവിലാണ് ‘ധുരന്ധർ’ പുറത്തായത്. 1972-ലെ ഇന്ത്യ- പാകിസ്താൻ യുദ്ധ പശ്ചാത്തലത്തിലുള്ള ‘ഇക്കിസ്’, തമിഴിൽനിന്നുള്ള ‘ഡൊറോത്തി’ എന്നിവയും അന്തിമ ഘട്ടം വരെ പരിഗണിക്കപ്പെട്ടു.