
സോഷ്യൽ മീഡിയയിലെ ബോഡി ഷെയ്മിങ്ങിനും സൈബർ അധിക്ഷേപങ്ങൾക്കുമെതിരെ ശക്തമായ നിലപാടുമായി നടൻ സൽമാൻ ഖാൻ രംഗത്ത്. അംബാനി കുടുംബത്തിന്റെ ഗണേശ ചതുർത്ഥി ആഘോഷത്തിനിടെ നടി കത്രീന കൈഫിനെതിരെ നടന്ന സൈബർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സൽമാന്റെ പ്രതികരണം. ‘ബിഗ് ബോസ് 20’-ന്റെ ‘വീക്കെൻഡ് കാ വാർ’ എപ്പിസോഡിലാണ് അദ്ദേഹം ട്രോളർമാർക്ക് ചുട്ടമറുപടി നൽകിയത്.
ഒരാളുടെ ശരീരപ്രകൃതിയെയോ വയസ്സിനെയോ അമ്മയാകുന്നതിനെയോ പരിഹസിക്കുന്നത് മോശം വളർത്തലിന്റെ ലക്ഷണമാണെന്ന് സൽമാൻ തുറന്നടിച്ചു. സിനിമയോ അഭിനയമോ ഇഷ്ടപ്പെട്ടില്ലെങ്കിൽ വിമർശിക്കാൻ പ്രേക്ഷകർക്ക് അവകാശമുണ്ടെന്നും എന്നാൽ ഒരു സിനിമയുടെ ടിക്കറ്റ് വാങ്ങിയതുകൊണ്ട് ആ നടനെ വിലയ്ക്കുവാങ്ങിയിട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തനിക്കെതിരെയുള്ള പ്രായപരിഹാസങ്ങൾക്കും അദ്ദേഹം വേദിയിൽ മറുപടി നൽകി. തന്റെ തൊപ്പിയും ജാക്കറ്റും ഊരിമാറ്റി, മേക്കപ്പ് തുടച്ച് “ഭായ് തടിച്ചു, ഭായിയെ ട്രോൾ ചെയ്യൂ” എന്ന് വെല്ലുവിളിച്ചുകൊണ്ടാണ് അദ്ദേഹം ട്രോളർമാരുടെ വായടപ്പിച്ചത്.
പ്രസവാനന്തരം സ്ത്രീകൾ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെ ചൊല്ലി നേരിടേണ്ടി വരുന്ന കടന്നാക്രമണങ്ങളെയും അദ്ദേഹം അപലപിച്ചു. ഗർഭധാരണത്തിനുശേഷവും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്ന സ്ത്രീകളെ അപഹസിക്കുന്നത് ക്രൂരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സെലിബ്രിറ്റികളുടെ ശരീരവും വ്യക്തിജീവിതവും പൊതുസ്വത്തല്ലെന്നും വാഹനങ്ങളിൽനിന്ന് ഇറങ്ങുമ്പോൾ മോശം രീതിയിൽ ക്യാമറകൾ ചലിപ്പിക്കുന്ന പാപ്പരാസി സംസ്കാരം തെറ്റാണെന്നും സൽമാൻ ചൂണ്ടിക്കാണിച്ചു. അജ്ഞാത അക്കൗണ്ടുകൾ വഴി മറ്റുള്ളവരെ അധിക്ഷേപിക്കുന്നവർ സ്വന്തം ജീവിതത്തിലേക്ക് നോക്കണമെന്നും ഇത്തരം സൈബർ ആക്രമണങ്ങൾ ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സൽമാൻ ഖാന്റെ വാക്കുകൾ;
‘‘ഒരാളുടെ ശരീരഭാരത്തെക്കുറിച്ചോ, ലുക്കിനെക്കുറിച്ചോ, കുടുംബത്തെക്കുറിച്ചോ, വയസ്സിനെക്കുറിച്ചോ, അമ്മയാകുന്നതിനെക്കുറിച്ചോ പരിഹസിക്കുന്നത് നിങ്ങളുടെ വളർത്തലിന്റെ ഗുണനിലവാരമാണ് കാണിക്കുന്നത്. ഒരു കലാകാരന്റെ ജോലിയെ വിമർശിക്കുന്നതും വ്യക്തിപരമായി അധിക്ഷേപിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. സിനിമയോ അഭിനയമോ ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് തുറന്നുപറയാൻ പ്രേക്ഷകർക്ക് അവകാശമുണ്ട്. എന്നാൽ അത് വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് കടക്കരുത്. ഒരു സിനിമയുടെ ടിക്കറ്റ് വാങ്ങുന്നത് വഴി ആ നടനെ വാങ്ങിയിട്ടില്ലെന്ന് ട്രോളർമാർ ഓർക്കണം.
വാഹനങ്ങളിൽ നിന്ന് ഇറങ്ങുന്ന സമയത്ത് നടിമാരുടെയും തന്റെ കുടുംബത്തിലുള്ളവരുടെയും ശരീരഭാഗങ്ങളിലേക്ക് ക്യാമറകൾ കേന്ദ്രീകരിക്കുന്നത് തെറ്റായ പ്രവണതയാണ്. സെലിബ്രിറ്റികളുടെ ശരീരവും വ്യക്തിജീവിതവും പൊതുസ്വത്താണെന്ന ചിന്താഗതിയാണ് ഇതിന് പിന്നിൽ
ഒരു സ്ത്രീ ഗർഭിണിയാകുമ്പോൾ ശരീരത്തിൽ മാറ്റങ്ങൾ വരുന്നത് സ്വാഭാവികമാണ്. അവരത് ആർക്കും മുന്നിലും തെളിയിക്കേണ്ടതില്ല. സിനിമകളിലേക്ക് തിരിച്ചെത്തുമ്പോൾ അവർ വീണ്ടും ഫിറ്റാകും, എന്നാൽ ഇപ്പോൾ അവർക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ആഗ്രഹം. പ്രസവിച്ച ഒരു സ്ത്രീയെ എന്തിനാണ് നിങ്ങൾ സോഷ്യൽ മീഡിയയിൽ പരിഹസിക്കുന്നത്?.
സോഷ്യൽ മീഡിയയിലൂടെയുള്ള നിരന്തരമായ അധിക്ഷേപങ്ങൾ വ്യക്തികളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കും, കൂടാതെ ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കും. അജ്ഞാത അക്കൗണ്ടുകൾ ഉണ്ടാക്കി മറ്റുള്ളവരെ താഴ്ത്തിക്കെട്ടി പണം സമ്പാദിക്കുന്ന രീതി ശരിയല്ല മറ്റുള്ളവരെ പരിഹസിക്കുന്നതിന് മുൻപ് സ്വന്തം ജീവിതത്തിലേക്കും ആരോഗ്യത്തിലേക്കും നോക്കിയാൽ നന്നായിരിക്കും.