“ഇന്ന് മഴ, ചായ, ജോൺസൺ മാഷ് എന്ന് കാൽപനികവത്കരിക്കുന്നു, ജീവിച്ചിരിക്കെ അതുചെയ്യാൻ നമുക്ക് തോന്നിയിട്ടില്ല”; വിനായക് ശശികുമാർ

','

' ); } ?>

കലാകാരന്മാർ ജീവിച്ചിരിക്കുമ്പോൾ തന്നെ അർഹമായ സ്നേഹവും അംഗീകാരവും നൽകാൻ സമൂഹം തയ്യാറാകണമെന്നും, മരണശേഷമുള്ള കാൽപനികവത്കരണങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ലെന്നും ഗാനരചയിതാവ് വിനായക് ശശികുമാർ. സമകാലിക മലയാളത്തിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിനായക്.

ജീവിച്ചിരിക്കെ ഗിരീഷ് പുത്തഞ്ചേരി ഇന്നു ലഭിക്കുന്നതിലും അധികം അം​ഗീകാരം അർഹിച്ചിരുന്നുവെന്നും ജീവിച്ചിരിക്കെ അവർക്ക് കഴിയുന്നത്ര സ്നേഹം കൊടുക്കണമെന്ന് നമുക്ക് അറിയില്ലെന്നും വിനായക് പറഞ്ഞു. ഇന്ന് മഴ, ചായ, ജോൺസൺ മാഷ് എന്ന് കാൽപനികവത്കരിക്കുന്ന നമ്മൾ അദ്ദേ​ഹം ജീവിച്ചിരിക്കെ അതു ചെയ്തിരുന്നില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.

വിനായക് ശശികുമാറിന്റെ വാക്കുകളിലേക്ക്

നമ്മളെന്തുകൊണ്ടാണ് ചിലരെ കാലശേഷം മാത്രം അം​ഗീകരിക്കുന്നതെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്. ​ഗിരീഷ് പുത്തഞ്ചേരിയെക്കുറിച്ച് ഇപ്പോൾ നല്ലതു പറയാത്ത ആരും ഇല്ല. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഇതിന്റെ രണ്ടോ മൂന്നോ മടങ്ങ് അം​ഗീകാരം അർഹിച്ചിരുന്നു. ഇപ്പോൾ ജീവിച്ചിരിക്കുന്ന ഇതിഹാസങ്ങള്‍ കുറേപ്പേരുണ്ടെന്ന് കൂടെ ഞാൻ ഓർമ്മപ്പെടുത്തുന്നു. അവർ ജീവിച്ചിരിക്കുമ്പോൾ തന്നെ നിങ്ങളിത് പറയുക.

കലാഭവൻ മണി മരിച്ച ശേഷം അദ്ദേഹ​ത്തെ അം​ഗീകരിക്കാൻ നമുക്ക് വളരെ എളുപ്പമാണ്. മരിച്ചവരെ നമ്മൾ മാലാഖയാക്കുന്നുണ്ട്. അവർ ജീവിച്ചിരുന്നപ്പോൾ ചെയ്ത പ്രവർത്തികളുടെ പേരിലാണ് നമ്മൾ അവരെ മാലാഖയാക്കുന്നത് എന്നു നമ്മൾ മറന്നുപോകും. ജീവിച്ചിരിക്കെ അവർക്ക് കഴിയുന്നത്ര സ്നേഹം കൊടുക്കണമെന്ന് നമുക്ക് അറിയില്ല.

ഞാൻ ഓർക്കുട്ടിലുള്ള കാലത്താണ് ജോൺസൺ മാഷ് മരിക്കുന്നത്. ഞാൻ വളരെ ഇമോഷണലായിരുന്നു അന്ന്. എനിക്കറിയാം അദ്ദേഹം ചെയ്ത പാട്ടുകൾ ഏതൊക്കെയാണെന്ന്. പക്ഷേ സോകോൾഡ് സിനിഫൈൽസായിട്ടുള്ള, സോഷ്യൽ മീഡിയയിൽ ഘോരഘോരം സിനിമയെക്കുറിച്ചു സംസാരിക്കുന്നവർക്ക് അറിയില്ലായിരുന്നു ജോൺസൺ മാഷ് ചെയ്തുവെച്ച പാട്ടുകൾ ഇതൊക്കെയാണെന്ന്. അത്രയും പ്രായം കുറഞ്ഞ എനിക്കറിയുന്ന പല പാ‌ട്ടുകളും ഇവർക്കാർക്കും അറിയാത്തത് എന്തുകൊണ്ടാണെന്ന് അന്നു ചിന്തിച്ചു.

ഇന്നിപ്പോൾ മഴ, ചായ, ജോൺസൺ മാഷ് എന്ന് കാൽപനികവത്കരിക്കുന്ന നമ്മൾ അന്നത് ചെയ്തിരുന്നില്ല എന്ന് ആലേചിക്കണം. അതാണ് ഞാൻ പറഞ്ഞത്, കലാകാരൻ ജീവിച്ചിരിക്കുമ്പോൾ കൊ‌ടുക്കണം. പാട്ട് എവർ​ഗ്രീനൊന്നും ആവേണ്ട, കുഴപ്പമില്ല. അയാൾ ജീവിച്ചിരിക്കുമ്പോൾ അയാൾക്ക് ആ പാട്ടുകൊണ്ട് ​ഗുണമുണ്ടാകണം, ആ സിനിമകൊണ്ട് ​ഗുണമുണ്ടാകണം.