
ബിഗ് ബോസ് തമിഴ് വേദിയിൽ മത്സരാർത്ഥിയെ വിമർശിച്ചുകൊണ്ട് നടൻ വിജയ് സേതുപതി നടത്തിയ പരാമർശങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു. നേതൃത്വത്തെക്കുറിച്ചും ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടത്തെക്കുറിച്ചുമുള്ള താരത്തിന്റെ പ്രസ്താവന തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയിയെ ലക്ഷ്യമിട്ടുള്ളതാണെന്ന വ്യാഖ്യാനങ്ങളാണ് ഉയരുന്നത്. ഈ പശ്ചാത്തലത്തിൽ വിജയ് സേതുപതിക്കെതിരെ കടുത്ത മുന്നറിയിപ്പുമായി പ്രമുഖ തമിഴ് ഫിലിം ജേർണലിസ്റ്റ് അന്തനൻ രംഗത്തെത്തി.
ബിഗ് ബോസ് മത്സരാർത്ഥിയായ ശതികയെ വിമർശിച്ചുകൊണ്ട് വിജയ് സേതുപതി നടത്തിയ “നേതൃത്വമെന്നാൽ ഇതാണ്, ഇത് വഞ്ചനയാണ്” എന്ന പരാമർശമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. എന്നാൽ ഇത് മത്സരാർത്ഥികളെക്കുറിച്ചല്ല, മറിച്ച് ഭരണപക്ഷത്തെയും രാഷ്ട്രീയ സാഹചര്യങ്ങളെയും ഉദ്ദേശിച്ചുള്ളതാണെന്നാണ് അന്തനൻ നിരീക്ഷിക്കുന്നത്. ഈ പ്രസ്താവന ടിവികെ അണികളെ ചൊടിപ്പിച്ചിട്ടുണ്ടെന്നും രാഷ്ട്രീയ വിവാദങ്ങളിൽ അകപ്പെടുന്നത് വിജയ് സേതുപതിയുടെ കരിയറിനെ ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
രാഷ്ട്രീയ പാർട്ടികളോട് പക്ഷം ചേർന്ന് മുൻകാലങ്ങളിൽ ദുരിതം നേരിടേണ്ടി വന്ന പ്രശസ്ത ഹാസ്യനടൻ വടിവേലുവിന്റെ അനുഭവം അന്തനൻ ഇതിനോടൊപ്പം ഓർമ്മിപ്പിക്കുന്നുണ്ട്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയെ പിന്തുണയ്ക്കുകയും എതിർപക്ഷത്തിനെതിരെ പ്രചാരണം നടത്തുകയും ചെയ്തതിനെത്തുടർന്ന് വടിവേലുവിന്റെ കരിയറിന് സംഭവിച്ച തകർച്ചകളും സിനിമാ വിലക്കുകളും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഭരണകക്ഷിയെ പ്രീണിപ്പിക്കാനോ ആരെങ്കിലും ട്രിഗർ ചെയ്യാനോ ശ്രമിച്ചാൽ സിനിമാരംഗത്ത് വിജയ് സേതുപതിയുടെ വളർച്ച തടയപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
വളർന്നുവരുന്ന കരിയറുള്ള വിജയ് സേതുപതി ഇത്തരം വിവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും മികച്ച കഥാപാത്രങ്ങളിലൂടെ നിലയുറപ്പിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നും അന്തനൻ ഓർമ്മിപ്പിച്ചു. പരാമർശം മത്സരാർത്ഥികളെ മാത്രമാണ് ഉദ്ദേശിച്ചുള്ളതെന്ന് വ്യക്തമാക്കുന്നതിൽ വിജയ് സേതുപതി പരാജയപ്പെട്ടുവെന്നും, ഇക്കാര്യത്തിൽ വിജയ് ടിവിയല്ല, താരം നേരിട്ട് വിശദീകരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
അന്തനന്റെ വാക്കുകൾ;
മത്സരാർത്ഥികളെക്കുറിച്ചാണ് വിജയ് സേതുപതി സംസാരിക്കുന്നതെന്ന് തോന്നുന്നില്ല. ഭരണത്തിൽ പല തെറ്റുകളും ഉണ്ടെന്നാണ്. അത് ടിവികെ അണികളെ ചൊടിപ്പിച്ചു. വിജയ് സേതുപതി രാഷ്ട്രീയ വിവാദത്തിലാകുന്നത് വലിയ തെറ്റാണ്. കരിയറേ ഇല്ലാതാകും. രാഷ്ട്രീയ പാർട്ടികളോട് പക്ഷം കാണിച്ച അഭിനേതാക്കൾ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. വടിവേലുവിന് എന്ത് സംഭവിച്ചു. അദ്ദേഹത്തിന്റെ ജീവിതം ഒന്നുമല്ലാതായി. നിങ്ങൾ ശ്രദ്ധ കൊടുക്കേണ്ടത് നന്നായി അഭിനയിക്കണം, നല്ലൊരിടം നേടിയെടുക്കണം എന്നതിലാണ്.
ഭരണകക്ഷിയെ ആദരിച്ച് നിങ്ങൾ സംസാരിക്കേണ്ടതില്ല. കാരണം മറുപക്ഷം നിങ്ങളെ ആക്രമിക്കും. നടനായ നിങ്ങൾ എല്ലാവർക്കും സ്വീകാര്യനായിരിക്കണം. വിജയ് സേതുപതിയൊക്കെ നല്ല മനുഷ്യനാണ്. വലിയ നിലയിൽ ഇനിയുമെത്തണം. ഇപ്പോഴും വളർന്ന് കൊണ്ടിരിക്കുന്ന സ്റ്റേജിലാണ് കരിയർ. ചില പടങ്ങൾ ഹിറ്റായി എന്നല്ലാതെ വലിയ സൂപ്പർസ്റ്റാർ ആയിട്ടില്ല. സൂപ്പർസ്റ്റാർ ഇടം നോക്കി പോകാൻ വേണ്ട കഴിവുള്ള വിജയ് സേതുപതി ചെറിയ സന്തോഷങ്ങൾക്കായോ ആരെയെങ്കിലും ട്രിഗർ ചെയ്യാനോ ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്താൽ നേരത്തെ ഔട്ടാകും. അത് അദ്ദേഹം മനസിലാക്കണം.
അവരവരുടെ ജീവിതം അവരവർക്ക് പ്രധാനമായിരിക്കണം. ബിഗ് ബോസിലെ മത്സരാർത്ഥികളെ കൊണ്ടാണ് ഇത് പറഞ്ഞതെന്ന് വ്യക്തമാക്കിയിരുന്നെങ്കിൽ ഇത്രയും വലിയ പ്രശ്നമുണ്ടാകില്ലായിരുന്നു. വിജയ് ടിവിയല്ല വിജയ് സേതുപതിയാണ് വിശദീകരണം നൽകേണ്ടത്.
തമിഴകത്ത് ഒരു കാലത്ത് തിരക്കേറിയ നടനായിരുന്നു വടിവേലു. എന്നാൽ രാഷ്‌ട്രീയ വിവാദങ്ങളും പ്രൊഫഷണിൽ ഉണ്ടായ പ്രശ്നങ്ങളും ഇദ്ദേഹത്തിന്റെ കരിയറിനെ തകർത്തു.
മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയാണ് വടിവേലുവിനെ കരിയറിൽ ഒതുക്കിയതെന്ന് സംസാരമുണ്ടായിരുന്നു. 2011 ൽ തമിഴ്നാട് നിയമസഭ ഇലക്ഷനിൽ ഡിഎംകെയെ വടിവേലു പിന്തുണച്ചു. എതിർപക്ഷത്തുള്ള ജയലളിതയുടെ എഐഎഡിഎംകെയുടെ സഖ്യമായിരുന്ന അന്തരിച്ച വിജയകാന്തിന്റെ ഡിഎംഡികെ. വിജയകാന്തിനെതിരെ ഇലക്ഷൻ പ്രചരണങ്ങളിൽ വടിവേലു രൂക്ഷമായി സംസാരിച്ചു. എന്നാൽ ഇലക്ഷനിൽ എഐഎഡിഎംകെ വിജയിച്ചു. അതിന് ശേഷമാണ് ഇങ്ങനെയാെരു വാദം വന്നത്.
കമ്മിറ്റ് ചെയ്ത സിനിമകളുമായി സഹകരിക്കുന്നില്ലെന്ന് നിർമാതാക്കളുടെ പരാതി വന്നു. 2017 മുതൽ 2020 വരെ വടിവേലുവുനെ തമിഴ് പ്രൊഡ്യൂസേർസ് അസോസിയേഷൻ വിലക്കി. സിനിമാ രംഗത്തെ തന്റെ വളർച്ച തടയാനുള്ള ചിലരുടെ നീക്കമാണ് വിലക്കിന് പിന്നിലെന്ന് വടിവേലു അന്ന് പറഞ്ഞിരുന്നു.