
തമിഴ് സിനിമയിൽ തനിക്ക് അവസരങ്ങൾ കുറയാൻ കാരണം മറ്റ് നടിമാരുമായുള്ള രൂപസാദൃശ്യമാണെന്ന് വെളിപ്പെടുത്തി നടി ഷംന കാസിം (പൂർണ). കരിയറിന്റെ തുടക്കം മുതൽ ‘അസിൻ ടാഗ്’ നേരിടേണ്ടി വന്നിട്ടുണ്ടെന്നും, ഈ സാദൃശ്യം കാരണം നിരവധി നല്ല സിനിമകൾ തനിക്ക് നഷ്ടമായിട്ടുണ്ടെന്നും താരം പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഷംന കാസിം ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
തമിഴിൽ വലിയ വിജയങ്ങൾ നേടാൻ കഴിഞ്ഞില്ലെങ്കിലും തുടർച്ചയായി സിനിമകളിൽ സജീവമാകാൻ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് കാണുന്നത്. തമിഴിലും തെലുങ്കിലും താൻ അറിയപ്പെട്ടിരുന്നത് ഒരു നായികയായി മാത്രമാണെന്നും, തന്റെ നൃത്താവസരങ്ങളെക്കുറിച്ച് അവിടെയുള്ളവർക്ക് ആദ്യകാലത്ത് വലിയ അറിവുണ്ടായിരുന്നില്ലെന്നും താരം വ്യക്തമാക്കി.
തമിഴിൽ കോസ്റ്റ്യൂം പ്രശ്നങ്ങൾ കാരണം ഒരു നല്ല സിനിമ തനിക്ക് ഒഴിവാക്കേണ്ടി വന്നിട്ടുണ്ടെന്നും ഷംന കൂട്ടിച്ചേർത്തു. വസ്ത്രധാരണത്തിലെ അസൗകര്യങ്ങളും ആത്മവിശ്വാസക്കുറവുമാണ് ആ പ്രോജക്റ്റിൽ നിന്ന് പിന്മാറാൻ കാരണം.
മലയാള സിനിമയെക്കുറിച്ചുള്ള ചോദ്യത്തിന്, തന്നെ പിന്തുണച്ച മലയാള സിനിമാ പ്രേക്ഷകരോട് എപ്പോഴും കടപ്പെട്ടിരിക്കുന്നുവെന്നായിരുന്നു നടിയുടെ മറുപടി. തെലുങ്ക് സിനിമാമേഖലയിൽ നിന്നും താൻ പ്രതീക്ഷിക്കാത്ത വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും ഷംന അഭിമുഖത്തിൽ ഓർത്തെടുത്തു.
ഷംന കാസിമിന്റെ വാക്കുകൾ;
“മലയാളത്തിൽ എന്ത് കാരക്ടേഴ്സ് ആണ് ഞാൻ ചെയ്തിട്ടുള്ളത്. അസിൻ അടക്കമുള്ള നടിമാരുമായുള്ള രൂപസാദൃശ്യം തമിഴിൽ അവസരങ്ങൾ കുറയാൻ കാരണമായെന്ന് തുടക്കം മുതലേ എനിക്ക് എപ്പോഴും തോന്നിയിരുന്നു. ആദ്യ സിനിമ ഇറങ്ങിയപ്പോൾ തന്നെ അസിൻ എന്നൊരു ടാഗ് എനിക്ക് വന്നിരുന്നു.
എല്ലായിടത്തും പൂർണമായും അങ്ങനെ തന്നെയായിരുന്നല്ലോ. കുറേ നല്ല സിനിമകൾ അതുകൊണ്ട് പോയിട്ടുണ്ട്. തിരഞ്ഞെടുപ്പുകളാണോ എന്ന് എനിക്കറിയില്ല, എനിക്ക് ഇതിനെ കുറിച്ച് കൂടുതൽ അറിയില്ല. നമ്മൾ ചെയ്യുന്ന സിനിമകളിൽ അതിപ്പോൾ നോർമൽ സിനിമയാണെങ്കിലും വേണ്ടത് ഒരു ഹിറ്റാണ്. ആ ഹിറ്റ് എനിക്ക് തമിഴിൽ കിട്ടിയിട്ടില്ല. പക്ഷേ ഞാൻ കുറേ സിനിമ ചെയ്തിട്ടുണ്ട്.
അതെനിക്ക് തോന്നുന്നു ഒരു ഭാഗ്യമാണെന്ന്. കാരണം ചിലപ്പോൾ ഒന്നോ രണ്ടോ ഹിറ്റില്ലെങ്കിൽ ആ ഹീറോയിനെ അവരെടുത്ത് മാറ്റും. പിന്നെ സിനിമകളേ ഉണ്ടാവുകയില്ല. പക്ഷേ എന്റെ കരിയറിൽ ഞാൻ ഏറ്റവും കൂടുതൽ താമസിച്ച ഒരു സ്ഥലം തമിഴ്നാട് ആണ്. ഞാൻ അത്രയധികം സിനിമകൾ തമിഴിൽ ചെയ്തിട്ടുണ്ട്.
നല്ല കഥാപാത്രങ്ങളും. പക്ഷേ ഞാനൊരിക്കലും വിചാരിക്കാത്ത ഒരു ഹിറ്റ്, ഞാനൊരിക്കലും പ്രതീക്ഷിക്കാത്ത ഒരു നാട്ടിൽ നിന്നായിരുന്നു, തെലുഗു. തെലുഗു ഒക്കെ നമ്മൾ ചിന്തിക്കുക പോലുമില്ലല്ലോ. ഞാൻ ആദ്യമായി ചെയ്ത തെലുങ്ക് സിനിമ ചിന്താമണി കൊലക്കേസിന്റെ റീമേക്ക് ആയിരുന്നു. ഭാവനയുടെ റോൾ ആയിരുന്നു ചെയ്തത്. പിന്നെ ഒരു ബ്രേക്കിന് ശേഷമാണ് ‘സീമ ടപകൈ’ ചെയ്യുന്നത്.
അത് വലിയ ഹിറ്റായിരുന്നു. തമിഴിലും തെലുങ്കിലും പൂർണ എന്ന് പറയുന്നത് അവർക്കൊരു നടി അല്ലെങ്കിൽ നായിക മാത്രമായിരുന്നു. ഞാൻ ഡാൻസ് കളിക്കുന്ന കാര്യം അവർക്ക് അത്ര അറിയില്ലായിരുന്നു. ഐറ്റം ഡാൻസൊക്കെ ഞാൻ ചെയ്തിട്ടുണ്ട്. പിന്നെ കുറേ നല്ല പാട്ടുകൾ വന്നിരുന്നു. പക്ഷേ കോസ്റ്റ്യൂം പ്രശ്നം കാരണം ഞാൻ അതൊക്കെ ഒഴിവാക്കി.
തമിഴിൽ ഒരു നല്ല സിനിമ കോസ്റ്റ്യൂമിന്റെ ഒറ്റ പ്രശ്നം കൊണ്ട് എനിക്ക് ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. അത് ഞാൻ ധരിച്ചാലും ഭംഗി ഉണ്ടാകില്ല, എന്റെ ബോഡിക്ക് അത് പറ്റില്ല. നമ്മൾ പറയില്ലേ അതിനൊരു ഫിഗർ ഉണ്ടാകണമെന്ന്.
പിന്നെ ആ ഒരു കോൺഫിഡൻസും എനിക്കില്ല ചെയ്യാൻ. മലയാള സിനിമയെ കുറിച്ച് ചോദിച്ചാൽ എന്താ പറയണ്ടേ എന്ന് എനിക്കറിയില്ല. പക്ഷേ മലയാള സിനിമാ പ്രേക്ഷകരോട് ഞാനെന്നും കടപ്പെട്ടിരിക്കും.”