
നടിയും നിർമാതാവുമായ സാമന്തയും സംവിധായകൻ രാജ് നിദിമോരുവും മാതാപിതാക്കളാകാൻ ഒരുങ്ങുന്നു. ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണെന്ന് താരം സ്ഥിരീകരിച്ചു. ‘ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക്’ നൽകിയ അഭിമുഖത്തിലാണ് സാമന്ത തന്റെ ജീവിതത്തിലെ പുതിയ വിശേഷം പങ്കുവെച്ചത്. ഈ വർഷം ഡിസംബറിലാണ് കുഞ്ഞ് പിറക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
‘മാ ഇൻഡി ബംഗാരം’ എന്ന സിനിമയിലെ ‘തസ്സാദിയ’ ഗാനത്തിന്റെ ചിത്രീകരണത്തിനിടെയാണ് താൻ ഗർഭിണിയാണെന്ന് അറിയുന്നതെന്ന് സാമന്ത വെളിപ്പെടുത്തി. കുട്ടികൾ ഉണ്ടാകുന്ന കാര്യത്തിൽ താനും രാജും പൂർണമായും സ്വതന്ത്രമായ നിലപാടിലായിരുന്നുവെന്നും കുട്ടികൾ ഉണ്ടായാലും ഇല്ലെങ്കിലും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ തയാറുള്ള മാനസികാവസ്ഥയിലായിരുന്നുവെന്നും താരം വ്യക്തമാക്കി. അതിനാൽ ഈ സന്തോഷവാർത്ത തങ്ങൾക്ക് വലിയൊരു സർപ്രൈസ് ആയിരുന്നുവെന്നും സാമന്ത കൂട്ടിച്ചേർത്തു. ഗർഭിണിയാണെന്നറിഞ്ഞ ആറാം തീയതി തന്നെ ചിത്രീകരണത്തിന്റെ ഭാഗമായി ഡാൻസ് ചെയ്യേണ്ടി വന്നിരുന്നുവെന്നും അന്ന് ചെറിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നുവെന്നും താരം പറഞ്ഞു. ജീവിതത്തിലേക്ക് പുതിയ അതിഥി എത്തുന്നതോടെ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് ഏവരും പറയുന്നത്. ആ വലിയ മാറ്റത്തിന് താൻ പൂർണമായി തയാറെടുത്തിരിക്കുകയാണെന്നും സാമന്ത വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഡിസംബർ ഒന്നിനാണ് സാമന്തയും രാജ് നിദിമോരുവും വിവാഹിതരായത്. ഗർഭിണിയായതിനെ തുടർന്ന് താരം നിലവിൽ സിനിമകളിൽ നിന്ന് ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ്.
സാമന്തയുടെ വാക്കുകൾ;
“മക്കളുണ്ടാകുന്ന കാര്യത്തിൽ ഞാനും രാജും ഒരുപോലെ സ്വതന്ത്രമായ നിലപാടിലാണ് എത്തിയിരുന്നത്. എനിക്ക് കാര്യങ്ങളെല്ലാം ഉൾക്കൊള്ളാൻ കഴിയുന്ന ഒരു മാനസികാവസ്ഥയിൽ ഞാൻ എത്തിയിരുന്നു. അതായത്, കുട്ടികൾ ഉണ്ടായാലും ഇല്ലെങ്കിലും കുഴപ്പമില്ല എന്ന നിലപാടിലായിരുന്നു ഞാനും രാജും. രണ്ടായാലും എനിക്ക് കുഴപ്പമില്ലായിരുന്നു; എനിക്കും അദ്ദേഹത്തിനും അതൊരു പ്രശ്നമായിരുന്നില്ല. അതുകൊണ്ട്, ഇതൊരു സർപ്രൈസ് ആയിരുന്നു. ‘തസ്സാദിയ’യുടെ ചിത്രീകരണത്തിന്റെ ആദ്യ ദിവസമാണ് ഞാൻ ഗർഭിണിയാണെന്ന വിവരം അറിയുന്നത്.
അത് അറിഞ്ഞ ഉടനെ പോയി ഡാൻസ് ചെയ്യണമായിരുന്നു. ചെറിയ തരത്തിലുള്ള അസ്വസ്ഥതകൾ എനിക്ക് അന്ന് അനുഭവപ്പെട്ടിരുന്നു. ഞാൻ വലിയ ആകാംക്ഷയിലാണ്. എല്ലാവരും എന്നോട് പറഞ്ഞു ഒരു കുഞ്ഞ് ജീവിത്തിൽ വരുന്നതോടെ എല്ലാം മാറുമെന്ന്. ആ വലിയ മാറ്റത്തിന് ഞാൻ ഇപ്പോൾ റെഡിയാണ് എന്ന് എനിക്ക് തോന്നുന്നു”