
ഒരു പ്രശ്നക്കാരനാകാൻ താല്പര്യമില്ലാത്തത് കൊണ്ടാണ് ഡിപ്ലോമാറ്റിക് ആയി നിൽക്കുന്നതെന്ന് നടൻ ഷോബി തിലകൻ. അച്ഛൻ തിലകനും ചേട്ടൻ ഷമ്മി തിലകനും നടത്തിയ പോരാട്ടങ്ങൾ തന്നെയും ബാധിച്ചിട്ടുണ്ടെന്നും, തനിക്കും നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നും ഷോബി തിലകൻ പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷോബി തിലകന്റെ വാക്കുകൾ;
“അച്ഛനും ചേട്ടനും നടത്തിയ പോരാട്ടങ്ങൾ കാരണം അവർക്ക് മാത്രമല്ല, എനിക്കും നഷ്ടങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ അത് ഞാൻ മൈൻഡ് ചെയ്യുന്നില്ല. അച്ഛനും ഷമ്മി ചേട്ടനും നടത്തിയിട്ടുള്ള പോരാട്ടങ്ങൾ… ഇതെല്ലാം എന്നെയും ബാധിച്ചിട്ടുണ്ട്. അതിൽ ഞാൻ ആരെയും കുറ്റം പറയില്ല. തെറ്റ് കണ്ടാൽ അച്ഛൻ വിളിച്ചു പറയും, ചൂണ്ടികാണിക്കും. അസിസ്റ്റന്റ് ഡയറക്ടർമാർ, പ്രൊഡക്ഷൻ കൺട്രോളർമാരൊക്കെയാണ് അച്ഛന്റെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ചീത്ത കേട്ടിട്ടുള്ളവർ. പിന്നെ ഡ്രൈവർമാർ.
അതിനെ നല്ല രീതിയിൽ, ഞാൻ നന്നാകാൻ വേണ്ടിയാണല്ലോ തിലകൻ ചേട്ടൻ അങ്ങനെ പറഞ്ഞത് എന്ന് വിചാരിക്കുന്നവർ. തിലകൻ ചേട്ടൻ എന്നെ ഇനി അടിച്ചാലും കുഴപ്പമില്ല എന്ന് പറയുന്നവരുണ്ട്. മേൽക്കോയ്മ ആയിട്ടും അതിനെ വ്യക്തിപരമായി എടുത്ത് മനസിൽ വച്ചു നടക്കുന്നവരുമുണ്ട്. അയാൾ എന്നെ അങ്ങനെ പറഞ്ഞല്ലേ എന്ന് പറയുന്നവരുണ്ട്.
അയാൾ പിന്നീട് സ്വതന്ത്രനായി ഒരു സിനിമ ചെയ്യുമ്പോൾ അയാൾ വേണ്ട എന്ന് പറയും. ഇനി കുറച്ചുനാൾ കഴിഞ്ഞ്, അച്ഛൻ ഇല്ലല്ലോ ഇപ്പോൾ, അന്നേരവും ഇത്തരക്കാർ പറയും അയാളുടെ മോൻ അല്ലേ… വേണ്ട എന്നും പറയാം. ഇതെല്ലാം കാരണം ഞാൻ കുറച്ചു മയപ്പെട്ടു, ഡിപ്ലോമാറ്റിക് ആയിട്ട് നിൽക്കുന്നു എന്നേയുള്ളൂ.
എനിക്കെന്റെ സ്വഭാവ രൂപീകരണത്തിലുണ്ടായ സോഫ്റ്റ്നെസ് ആ ഡിപ്ലോമാറ്റിക് ആയി നിൽക്കുന്നതിനെ സഹായിച്ചു എന്ന് വേണമെങ്കിൽ പറയാം. എന്റെ കല്യാണവും കഴിഞ്ഞു ഞാനൊരു ഫാമിലിയൊക്കെയായി ജീവിക്കുന്ന നമ്മളാവശ്യമില്ലാതെ ഒരു പ്രശ്നക്കാരൻ ആകേണ്ട ആവശ്യമില്ല.
അതുകൊണ്ട് എന്റെ ഫാമിലിയുടെ ഭാഗത്തു നിന്നും നമ്മളൊരു പ്രോബ്ലം മേക്കർ ആകരുത് എന്ന കാര്യങ്ങളൊക്കെ പറയാറുണ്ട്. അതുകൊണ്ട് ഞാൻ സ്വയം അങ്ങനെയായി മാറി”. -ഷോബി തിലകൻ മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.