
കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷനും ബിസ്‌കോണും സംയുക്തമായി സംഘടിപ്പിക്കുന്ന 49-ാമത് ഫിലിം ക്രിട്ടിക്‌സ് അവാർഡ് നിശയുടെ ലോഗോ പ്രകാശനവും 2024-ലെ മണ്ണാറക്കയം രചനാവിഭാഗം പുരസ്‌കാര സമർപ്പണവും പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നിർവഹിച്ചു. ഡോൺ ബോസ്‌കോയുടെ ലഹരിവിരുദ്ധ പദ്ധതിയായ ‘ഡ്രീം പ്രൊജക്ടി’ന്റെ പ്രഖ്യാപനവും വെള്ളയമ്പലം വിസ്മയാ മാക്‌സിൽ നടന്ന ചടങ്ങിൽ അദ്ദേഹം നിർവഹിച്ചു. ഒക്ടോബർ രണ്ടിന് നടക്കുന്ന ഫിലിം ക്രിട്ടിക്‌സ് അവാർഡ് വേദിയിൽ വച്ച് ഡ്രീം പ്രൊജക്ട് ഔപചാരികമായി ഉദ്ഘാടനം ചെയ്യും.
ബിസ്‌കോൺ മാനേജിങ് ഡയറക്ടർ അനീഷ് കൃഷ്ണന് ലോഗോ കൈമാറിയാണ് അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം നടത്തിയത്. ചലച്ചിത്ര ഗ്രന്ഥകർത്താവ് സി.എസ്. മീനാക്ഷി, നിരൂപകരായ ഡോ. സെബാസ്റ്റ്യൻ ജോസഫ്, ഡോ. ടി. ജിതേഷ് എന്നിവർ അടൂരിൽ നിന്ന് ഇത്തവണത്തെ മണ്ണാറക്കയം പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.
തിരുവനന്തപുരം സെന്റർ ഫോർ ആർട്‌സ് ആൻഡ് കൾച്ചറൽ സ്റ്റഡീസുമായി സഹകരിച്ച് സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനത്തിൽ ഫിലിം ക്രിട്ടിക്‌സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ജോർജ് ഓണക്കൂർ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫ്, സെക്രട്ടറി എ. ചന്ദ്രശേഖർ, ഡോൺ ബോസ്‌കോ ഡ്രീം കേരള ഡയറക്ടർ ഫാ. തോമസ് പി.ഡി, ബിസ്‌കോൺ മാർക്കറ്റിങ് സൊല്യൂഷൻസ് എം.ഡി അനീഷ് കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.
ചടങ്ങിനോടനുബന്ധിച്ച് ‘മലയാള സിനിമയിലെ സ്ത്രീ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചലച്ചിത്ര സെമിനാർ പ്രമുഖ നിരൂപകൻ വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ. ചന്ദ്രശേഖർ മോഡറേറ്ററായ സെമിനാറിൽ സി.എസ്. മീനാക്ഷി, ഡോ. ജോസ് കെ. മാനുവൽ, ഡോ. രേഷ്മ കെ.ആർ, ഡോ. നൗഫൽ മറിയം ബ്ലാത്തൂർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.