
അമുലിന്റെ ഐക്കണിക് പരസ്യത്തിന് റഫറൻസായി ഓണം റിലീസായെത്തി തിയേറ്ററുകളിൽ വൻ കളക്ഷൻ റെക്കോർഡുകളോടെ മുന്നേറുന്ന മലയാള ചിത്രം ‘ബെത്ലഹേം കുടുംബ യൂണിറ്റ്’. ചിത്രത്തിന്റെ വൻ വിജയത്തിന് പിന്നാലെ, ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ നിവിൻ പോളിയെയും മമിത ബൈജുവിനെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക കാരിക്കേച്ചർ പോസ്റ്റർ അമുൽ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
സിനിമയുടെ പേരിനെ രസകരമായി മാറ്റി ‘ബട്ടർലഹേം കുടുംബ യൂണിറ്റ്’ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. കഥാപാത്രങ്ങൾ റെയിൽവേ പ്ലാറ്റ്ഫോമിലിരുന്ന് അമുൽ ബട്ടറിനൊപ്പം ബ്രഡ് കഴിക്കുന്ന രീതിയിലാണ് കാരിക്കേച്ചർ ആവിഷ്കരിച്ചിരിക്കുന്നത്. ‘മലയാളം റോം-കോം ചിത്രം ഹൃദയങ്ങൾ കീഴടക്കുന്നു’ എന്ന കുറിപ്പോടെ പുറത്തുവിട്ട പരസ്യ ചിത്രം ചുരുങ്ങിയ സമയത്തിനകം തന്നെ വൈറലായി. നിവിൻ പോളിയും ചിത്രത്തിന്റെ നിർമ്മാണ പങ്കാളികളായ ഭാവന സ്റ്റുഡിയോസും ഉൾപ്പെടെ നിരവധിയാളുകൾ പോസ്റ്ററിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.
‘പ്രേമലു’വിന്റെ വൻ വിജയത്തിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിച്ച ആറാമത്തെ ചിത്രമാണിത്. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ഗിരീഷും കിരൺ ജോസിയും ചേർന്നാണ്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.